വിഴിഞ്ഞം തുറമുഖ കരാറിലെ അഴിമതി: സര്‍ക്കാറിന് കമ്മീഷന്റെ വിമര്‍ശം

  • കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തലുകള്‍ വിഡ്ഢിത്തവും ബുദ്ധിശൂന്യവുമെന്ന് കമ്മീഷന്‍
  • താത്പര്യ ഹരജി നല്‍കിയിരുന്ന എം കെ സലിം സിറ്റിംഗില്‍ ഹാജരായില്ല
Posted on: March 13, 2018 6:20 am | Last updated: March 12, 2018 at 11:46 pm

കൊച്ചി: സംസ്ഥാന സര്‍ക്കാറിന് വിഴിഞ്ഞം തുറമുഖ നിര്‍മാണ കരാറിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ രൂക്ഷവിമര്‍ശം.
തുറമുഖ നിര്‍മാണ കരാറിലെ അഴിമതിയുമായി ബന്ധപ്പെട്ട കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ കണ്ടെത്തലുകള്‍ വിഡ്ഢിത്തവും ബുദ്ധിശൂന്യവുമാണെന്ന് കമ്മീഷന്‍ വിലയിരുത്തി. പൂര്‍ണമായും സര്‍ക്കാര്‍ സഹായത്തോടെയുള്ള പദ്ധതിയുടെ സാമ്പത്തിക വിനിയോഗത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഗണത്തിലാണ് സി എ ജി ഉള്‍പ്പെടുത്തിയത്. എ ജിക്ക് അടിസ്ഥാനപരമായി തന്നെ പിഴവ് സംഭവിച്ചിരിക്കുന്നുവെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. എ ജിയെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ടോയെന്ന സംശയവും കമ്മീഷന്‍ പ്രകടിപ്പിച്ചു.

നഷ്ടവും ലാഭവും കണക്കാക്കാതെ സര്‍ക്കാറിന്റെ നയപരമായ തീരുമാനമാണ് വിഴിഞ്ഞം പദ്ധതി. സി എ ജിയുടെ കണ്ടെത്തലുകളോട് ഇപ്പോഴത്തെ സര്‍ക്കാറിന് യോജിപ്പാണെങ്കില്‍, കൂടുതല്‍ നഷ്ടത്തിന് ഇടയാക്കാതെ പദ്ധതി റദ്ദാക്കുന്നതിനെ കുറിച്ച് സര്‍ക്കാറിന്റെ നിലപാട് അറിയിക്കാനും സര്‍ക്കാര്‍ അഭിഭാഷകനോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. അടിയന്തരമായി ഇക്കാര്യങ്ങളില്‍ ശരിയായ നിലപാടറിയിച്ചാല്‍ മാത്രമേ സുഗമമായി മുന്നോട്ടുപോകാനാകൂയെന്നും കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍ നിലപാടറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

സി എ ജി റിപോര്‍ട്ട് ഇപ്പോഴത്തെ സര്‍ക്കാര്‍ ശരിവെക്കുന്നുണ്ടെങ്കില്‍, പദ്ധതി റദ്ദാക്കുന്നതിനെ കുറിച്ച് സര്‍ക്കാര്‍ ചിന്തിച്ചിട്ടുണ്ടോ എന്നും കമ്മീഷന്‍ ചോദിച്ചു. സാമ്പത്തികമായി പദ്ധതി പ്രയോജനം ചെയ്യില്ലെന്ന പഠന റിപോര്‍ട്ട് ഉണ്ടായിട്ടും 2006-11 ലെ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാറാണ് പദ്ധതിയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതെന്ന് തുറമുഖ വകുപ്പ് മുന്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ് വ്യക്തമാക്കി.
എ ജിയുടെ പരാമര്‍ശങ്ങളുടെയും മറ്റും അടിസ്ഥാനത്തില്‍ പദ്ധതി റദ്ദാക്കണമെന്നതു സംബന്ധിച്ച തീരുമാനമെടുക്കുന്നതിനുള്ള ഫയലും സര്‍ക്കാറിലുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെന്നും സംസ്ഥാനത്തിനുവേണ്ടി വിഴിഞ്ഞം തുറമുഖ കരാര്‍ ഒപ്പുവെച്ച അഡീഷനന്‍ ചീഫ് സെക്രട്ടറി കൂടിയായ ജയിംസ് വര്‍ഗീസ് ചൂണ്ടിക്കാട്ടി.

വിഴിഞ്ഞം തുറമുഖത്തിനെതിരെ ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹരജി നല്‍കിയിരുന്ന എം കെ സലിം ഇന്നലെ സിറ്റിംഗില്‍ ഹാജരായില്ല. അതിനിടെ പൊതുതാത്പര്യം മുന്‍ നിര്‍ത്തി സി എല്‍ ആന്റോ കേസില്‍ കക്ഷി ചേരുന്നതിനായി കമ്മീഷന് അപേക്ഷ നല്‍കി. സിറ്റിംഗ് ഇന്നും നാളെയും തുടരും.