വധശിക്ഷ നിര്‍ത്തുന്നതിനെതിരെ സംസ്ഥാനങ്ങള്‍

Posted on: March 13, 2018 6:23 am | Last updated: March 12, 2018 at 11:14 pm

ന്യൂഡല്‍ഹി: വധശിക്ഷ നല്‍കുന്നത് നിര്‍ത്തലാക്കണമെന്ന നിയമ കമ്മീഷന്റെ ശിപാര്‍ശക്കെതിരെ സംസ്ഥാന സര്‍ക്കാറുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും. രാജ്യത്ത് ഭീകരവാദമൊഴിച്ചുള്ള കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നല്‍കുന്നത് ഒഴിവാക്കണമെന്ന് 2015ല്‍ ജസ്റ്റിസ് എ പി ഷാ അധ്യക്ഷനായ നിയമ കമ്മീഷന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലത്തോട് ശിപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും അഭിപ്രായം വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് നല്‍കിയ മറുപടിയിലാണ് സംസ്ഥാനങ്ങള്‍ ശിപാര്‍ശയെ എതിര്‍ത്ത് രംഗത്തെത്തിയത്. റിപ്പോര്‍ട്ട് നല്‍കിയ സംസ്ഥാനങ്ങളില്‍ രണ്ടെണ്ണമൊഴികെ വധശിക്ഷ ഒഴിവാക്കുന്നതിന് എതിരാണെന്നാണ് വ്യക്തമാക്കിയത്.

വിഷയത്തില്‍ 14 സംസ്ഥാനങ്ങളാണ് ഇതുവരെ മറുപടി നല്‍കിയത്. ഇതില്‍ 12 സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും വധശിക്ഷ ഒഴിവാക്കരുതെന്ന ആവശ്യമാണ് മുന്നോട്ട് വെച്ചത്. ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍, ബിഹാര്‍, ഝാര്‍ഖണ്ഡ്, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളാണ് വധശിക്ഷ തുടരണമെന്ന നിലപാട് കേന്ദ്രത്തെ അറിയിച്ചത്. ക്രൂരവും മനഃസാക്ഷിയില്ലാത്തതുമായ കൊലപാതകങ്ങള്‍ക്കും ക്രൂര ബലാത്സംഗത്തിനും വധശിക്ഷ വേണമെന്നാണ് ഈ സംസ്ഥാനങ്ങള്‍ വാദിച്ചത്.

അതേസമയം, കര്‍ണാടക, ത്രിപുര എന്നീ സംസ്ഥാനങ്ങള്‍ വധശിക്ഷക്കെതിരെ നിലപാടെടുത്തു. രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങള്‍ക്കും വിഷയത്തില്‍ നോട്ടീസ് നല്‍കിയെങ്കിലും 14 സംസ്ഥാനങ്ങള്‍ മാത്രമാണ് പ്രതികരിച്ചതെന്ന് കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. വലിയ സംസ്ഥാനങ്ങളായ ഉത്തര്‍ പ്രദേശും മഹാരാഷ്ട്രയും മറുപടി നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സി പി എം കേന്ദ്രകമ്മിറ്റിയും പി ബിയും വധശിക്ഷ നടപ്പാക്കുന്നതിനെ തള്ളിപ്പറഞ്ഞിട്ടുണ്ടെങ്കിലും വിഷയത്തില്‍ കേരള സര്‍ക്കാര്‍ നിലപാട് അറിയിച്ചിട്ടില്ല.

നിലവില്‍ ചൈന, ഇറാന്‍, ഇറാഖ്, സഊദി അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ മാത്രമാണ് ഇപ്പോഴും കുറ്റകൃത്യങ്ങള്‍ക്ക് വധശിക്ഷ നടപ്പിലാക്കുന്നതെന്നാണ് നിയമ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. 2014ല്‍ 98 രാജ്യങ്ങള്‍ വധശിക്ഷ ഉപേക്ഷിച്ചു. 140 രാജ്യങ്ങള്‍ വധശിക്ഷ നിയമത്തില്‍ നിന്ന് തന്നെ എടുത്തുമാറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. 2013ല്‍ സുപ്രീം കോടതിയാണ് വധശിക്ഷ ആവശ്യമാണോയെന്ന് പരിശോധിക്കാന്‍ നിയമ കമ്മീഷനെ ചുമതലപ്പെടുത്തിയത്. തുടര്‍ന്ന് 2015ല്‍ ഭീകരവാദം, യുദ്ധം തുടങ്ങിയവയൊഴികെയുള്ള കുറ്റങ്ങള്‍ക്ക് വധശിക്ഷ ഒഴിവാക്കണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് നിയമ കമ്മീഷന്‍ സമര്‍പ്പിച്ചു. മറ്റ് കുറ്റകൃത്യങ്ങളില്‍ നിന്ന് എന്തെങ്കിലും വ്യത്യാസം ഭീകരവാദത്തിനും യുദ്ധത്തിനും ഇല്ലെങ്കിലും രാജ്യസുരക്ഷയെ കരുതി ഈ കുറ്റങ്ങള്‍ക്ക് വധശിക്ഷ നിലനിര്‍ത്താമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം വധശിക്ഷ ഒഴിവാക്കാനുള്ള കാരണങ്ങളൊന്നും ഉയര്‍ത്തിക്കാട്ടിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നവര്‍ പറയുന്നത്.