Connect with us

Kerala

വീട്ടുതടങ്കലിലായപ്പോള്‍ തന്റെ വിശ്വാസം മാറ്റാന്‍ ഗൂഢ ശ്രമങ്ങളുണ്ടായെന്ന് ഹാദിയ

Published

|

Last Updated

കോഴിക്കോട്: വീട്ടുതടങ്കലിലായപ്പോള്‍ കൗണ്‍സിലിംഗിന്റെ പേരിലും മറ്റും തന്റെ വിശ്വാസം മാറ്റാന്‍ ഗൂഢമായ ശ്രമങ്ങളുണ്ടായതായി ഹാദിയ. ജഡ്ജി അയച്ചതാണെന്നു പറഞ്ഞ് സൈക്യാട്രിസ്റ്റുകള്‍ വരെ വന്ന് സനാതനധര്‍മം പഠിപ്പിക്കാ ന്‍ ശ്രമിച്ചു. ഈ അവസ്ഥകളിലെല്ലാം സംരക്ഷണം നല്‍കേണ്ട പോലീസ് തടയാന്‍ ശ്രമിച്ചില്ലെന്നും ഹാദിയ പറഞ്ഞു. വിവാഹം സാധുവാണെന്ന സുപ്രീം കോടതി വിധിക്കു ശേഷം കേരളത്തിലെത്തിയ ഹാദിയയും ശഫിന്‍ ജഹാനും വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

കൗണ്‍സിലിംഗിന് വന്നവരുടെ ലക്ഷ്യം തന്നെ തിരിച്ച് മതം മാറ്റുക തന്നെയായിരുന്നുവെന്ന് ഹാദിയ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. വലിയ പീഡനമാണ് വീട്ടുതടങ്കലിലായപ്പോള്‍ അനുഭവിച്ചത്. വിഷം നല്‍കാന്‍ ശ്രമിച്ചുവെന്നതടക്കം അഫിഡവിറ്റില്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണ്. രാഹുല്‍ ഈശ്വറിനെതിരെ പറഞ്ഞ കാര്യങ്ങളും പിന്‍വലിച്ചിട്ടില്ല- ഹാദിയ വ്യക്തമാക്കി.

വീട്ടുതടങ്കലിലായപ്പോള്‍ നടന്ന കാര്യങ്ങള്‍ സമൂഹം വേണ്ടത്ര ചര്‍ച്ച ചെയ്തില്ല എന്നതില്‍ ഏറെ സങ്കടമുണ്ട്. ആരെയും ഉപദ്രവിക്കാനല്ല, മറ്റാര്‍ക്കും ഈ അവസ്ഥ വരരുതെന്നതുകൊണ്ടാണ് കാര്യങ്ങള്‍ തുറന്നുപറയുന്നത്. മാതാപിതാക്കള്‍ എനിക്കും ഞാനവര്‍ക്കും ഒരുപാട് പ്രിയപ്പെട്ടവരാണ്. ഇപ്പോഴും അവരില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്നില്ല. മാതാപിതാക്കളെ ദേശവിരുദ്ധ ശക്തികള്‍ അവരുടെ രാഷ്ട്രീയ നിലപാട് വിജയിപ്പിക്കാന്‍ ഉപയോഗിക്കുകയായിരുന്നു. മാതാവ് വിഷം നല്‍കി എന്നതടക്കം തന്റെ സത്യവാങ്മൂലത്തില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ്. പുറത്തുപറയേണ്ടിവന്ന പല കാര്യങ്ങളിലും ആര്‍ക്കെങ്കിലും വിഷമമുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പുചോദിക്കുകയാണെന്നും ഹാദിയ പറഞ്ഞു. മാതാപിതാക്കളോടൊപ്പം എല്ലാവരും ഒന്നാകുന്ന ഒരു സാഹചര്യം വരുമെന്ന് പ്രത്യാശിക്കുന്നതായും ഹാദിയയും ശഫിന്‍ ജഹാനും പറഞ്ഞു.

രാഹുല്‍ ഈശ്വറിനെതിരായ സത്യവാങ്മൂലം പിന്‍വലിച്ചുവെന്ന പ്രചാരണം തെറ്റാണ്. ഞാന്‍ നഷ്ടപരിഹാരം ചോദിച്ചത് മാതാപിതാക്കളോടല്ല. മാതാപിതാക്കളെ ആരൊക്കെയോ ഉപയോഗപ്പെടുത്തുകയായിരുന്നു. ഹൈക്കോടതിയുടെ അന്തിമ വിധിയാണ് എന്നെ ആറ് മാസം തടങ്കലിലാക്കിയത്. അതിനാല്‍ സര്‍ക്കാറിനോടാണ് യഥാര്‍ഥത്തില്‍ ഞാന്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. മാതാപിതാക്കളെ ഒരു വികാരമെന്ന രീതിയില്‍ കോടതി ഉപയോഗപ്പെടുത്തുകയായിരുന്നു. ഒരാളെ എപ്പോഴും എങ്ങനെയും ചിത്രീകരിക്കാമെന്ന സാഹചര്യമാണ് നിലവിലുള്ളത്. എനിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്നു പോലും പറഞ്ഞു. സുപ്രീം കോടതി വിധി വന്നശേഷം മാതാപിതാക്കളെ വിളിച്ചിട്ടില്ല. അവര്‍ സമാധാനത്തിലെത്തട്ടെയെന്ന് കരുതി കാത്തിരിക്കുകയാണ്. അവര്‍ക്ക് സത്യം മനസ്സിലാക്കാന്‍ കുറച്ച് സമയമെടുക്കും. വിവാഹം കഴിക്കാന്‍ വേണ്ടിയായിരുന്നില്ല എന്റെ മതംമാറ്റം. എനിക്ക് ശരിയെന്ന് തോന്നുന്ന ഒരു വിശ്വാസത്തിലേക്ക് മാറുകയാണ് ചെയ്തത്.

സിറിയയിലേക്ക് പോകുന്നുവെന്ന് പറയുന്ന ഓഡിയോ റെക്കോര്‍ഡ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും അതിനെക്കുറിച്ച് എന്ത് പറയുന്നുവെന്നും ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ആ ഓഡിയോ ഹാജരാക്കാന്‍ ഹാദിയ ആവശ്യപ്പെട്ടു. ഭരണഘടന നല്‍കുന്ന ഇഷ്ടമുള്ള മതവിശ്വാസവും ഇഷ്ടമുള്ള ജീവിത പങ്കാളിയെയും തിരഞ്ഞെടുക്കാനുള്ള അവകാശത്തിനു വേണ്ടിയാണ് പോരാടിയത്. എന്നാല്‍, അതിന്റെ പേരില്‍ ഒരാള്‍ രണ്ട് വര്‍ഷത്തോളമൊക്കെ പീഡിപ്പിക്കപ്പെടുന്ന, ശരിക്കും പൂട്ടിയിടപ്പെടുന്ന ഒരവസ്ഥ നമ്മുടെ രാജ്യ ത്ത് പാടില്ലാത്തതാണെന്ന് എനിക്ക് തോന്നുന്നു. ഞാന്‍ വീട്ടില്‍ തടങ്കലിലായിരുന്നപ്പോള്‍ പുറത്ത് എനിക്കായി ആളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അറിയുമായിരുന്നില്ല. എല്ലാവരോടും നന്ദി പറയുന്നു- ഹാദിയ പറഞ്ഞു.

“ഘര്‍വാപസിക്കായെത്തിയവരുടെ മുന്നില്‍ പോലീസ് തൊഴുകൈയോടെ നിന്നു”

കോഴിക്കോട്: ആറ് മാസം വീട്ടുതടങ്കലിലായിരുന്നപ്പോള്‍ തന്നെ കാണാന്‍ അനുമതി ലഭിച്ചവരെല്ലാം സാനതന ധര്‍മത്തിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ടാണ് വന്നതെന്ന് ഹാദിയ. എനിക്ക് സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ട പോലീസ് അവര്‍ക്ക് മുന്നില്‍ തൊഴുകൈയോടെ നില്‍ക്കുകയും ഞാന്‍ കാര്യങ്ങള്‍ പറയുമ്പോള്‍ എന്നോട് വെറുപ്പ് കാണിക്കുകയുമാണ് ചെയ്തത്. ദേശീയ വനിതാ കമ്മീഷന്‍ എത്തിയപ്പോള്‍ വീട്ടിലെ ദുരവസ്ഥ അവരോട് പറഞ്ഞിരുന്നു. എന്നാല്‍, അവര്‍ മാതാപിതാക്കളോട് അങ്ങനെയുണ്ടോ എന്ന് അന്വേഷിച്ച് തിരിച്ചുപോവുകയായിരുന്നു. എന്റെ ഒരു കാലിലെ മന്ത് മറ്റേ കാലിലേക്ക് മാറ്റിയെന്ന് പറഞ്ഞ ജാമിദ ടീച്ചര്‍ക്ക് ഞാന്‍ കാലുയര്‍ത്തി കാട്ടിക്കൊടുത്തു.

താന്‍ നിയമപോരാട്ടം ശരിക്കും തുടങ്ങിയിട്ട് രണ്ട് വര്‍ഷമായെന്നും രണ്ടു വര്‍ഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിലാണ് തനിക്ക് നീതികിട്ടിയതെന്നും ഹാദിയ പറഞ്ഞു. അതില്‍ എടുത്തുപറയാനുള്ള കാലഘട്ടം വിവാഹം റദ്ദാക്കി എന്നെ മാതാപിതാക്കളുടെ കൂടെ അയച്ച ഹൈക്കോടതി ഉത്തരവ് വന്ന മെയ് 24 മുതലുള്ള ആറ് മാസക്കാലയളവാണ്. ഞാനിപ്പോള്‍ ഏകദേശം രക്ഷപ്പെട്ടൊരു അവസ്ഥയിലാണ്. നാളെയിതുപോലൊരു അവസ്ഥ ആര്‍ക്കും ഉണ്ടാകരുതെന്നാണ് ആഗ്രഹിക്കുന്നത്. രണ്ട് വര്‍ഷക്കാലം ഒരാളുടെ ജീവിതത്തില്‍ നിന്ന് ഇല്ലാതാവുക എന്നത് വലിയ കാര്യം തന്നെയല്ലേ? എങ്കില്‍ പോലും ഞാന്‍ സന്തോഷവതിയാണ്. ഇനിയൊരാള്‍ക്കും ആ ഒരു അവസ്ഥയുണ്ടാകരുത്. മതപരിവര്‍ത്തനവും വിവാഹവുമായി ബന്ധപ്പെട്ട് എന്റെ പേരില്‍ നടന്ന ചര്‍ച്ചകള്‍ അവസാനിപ്പിക്കണം- ഹാദിയ ആവശ്യപ്പെട്ടു.

Latest