അന്നദാതാക്കളെ വിരുന്നൂട്ടി നഗരം

Posted on: March 13, 2018 6:21 am | Last updated: March 12, 2018 at 11:12 pm
SHARE
ആസാദ് മൈതാനിയില്‍ റാലിയായെത്തിയ കര്‍ഷകര്‍ക്ക് ഭക്ഷണം നല്‍കുന്നു

മുംബൈ: നൂറുകണക്കിന് കിലോമീറ്റര്‍ ദൂരം കാല്‍നടയായെത്തിയ ഗ്രാമീണ കര്‍ഷകരെ നെഞ്ചോട് ചേര്‍ത്ത് മുംബൈ നഗരം. താമസക്കാരും ഡബ്ബാവാലകളും ഭക്ഷണവും വെള്ളവും മറ്റ് സൗകര്യങ്ങളും നല്‍കി പതിനായിരക്കണക്കിന് കര്‍ഷകരെ സ്വീകരിച്ചു. നാസികില്‍ നിന്ന് മുംബൈയിലേക്ക് 180 കിലോമീറ്റര്‍ ദൂരം ആറ് ദിവസം സഞ്ചരിച്ചാണ് കര്‍ഷകരെത്തിയത്.

സംസ്ഥാനത്തിന്റെ വിദൂര സ്ഥലങ്ങളില്‍ നിന്ന് വരുന്ന അവര്‍ നമ്മുടെ അന്നദാതാക്കളാണ്. അവരെ സഹായിക്കുന്നതിനെ സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നെന്നും മുംബൈ ഡബ്ബാവാല അസോസിയേഷന്‍ വക്താവ് സുഭാഷ് ടലേകര്‍ പറഞ്ഞു.

ദാദറിനും കൊളാബക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഡബ്ബാവാലകളോട് ഭക്ഷണം ശേഖരിച്ച് ആസാദ് മൈതാനിയിലെത്തിയ കര്‍ഷക സഹോദരങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു.
ഡബ്ബാവാലകളുടെ റൊട്ടി ബേങ്ക് പദ്ധതിയുടെ ഭാഗമായാണ് ഭക്ഷണം നല്‍കിയത്. ഭക്ഷണശാലകള്‍, ഹോട്ടല്‍, പൊതു പരിപാടികള്‍, വീടുകള്‍ തുടങ്ങിയയിടങ്ങളില്‍ നിന്ന് മിച്ചം വരുന്ന ഭക്ഷണം ശേഖരിച്ച് ദരിദ്ര ജനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന പദ്ധതിയാണ് റൊട്ടി ബേങ്ക്. ഭക്ഷണം ശേഖരിക്കാന്‍ ജി പി എസ് സംവിധാനമുള്ള വാഹനവുമുണ്ട്. ഭക്ഷണ വിതരണ രംഗത്ത് കാര്യക്ഷമത കൊണ്ട് ശ്രദ്ധേയരായ ടിഫിന്‍ വാഹകരാണ് മുംബൈയിലെ ഡബ്ബാവാലകള്‍.

ജനകീയ പലഹാരമായ വട പാവ് നല്‍കിയാണ് നഗരവാസികള്‍ കര്‍ഷകരെ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം രാത്രി മറ്റ് ഭക്ഷണ സാധനങ്ങളും വെള്ളവും നല്‍കി.

 

LEAVE A REPLY

Please enter your comment!
Please enter your name here