Connect with us

Kerala

റേഷന്‍ വ്യാപാര മേഖലയിലെ പ്രതിസന്ധി: ഏപ്രില്‍ ഒന്ന് മുതല്‍ കടകള്‍ അടച്ചിടും

Published

|

Last Updated

കായംകുളം: റേഷന്‍ വ്യാപാരികള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നില്ലെങ്കില്‍ അടുത്ത മാസം ഒന്ന് മുതല്‍ റേഷന്‍ കടകള്‍ അടച്ചിടുമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍, ജനറല്‍ സെക്രട്ടറി ടി മുഹമ്മദാലി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്വതന്ത്രമായ തീരുമാനം എടുക്കുന്നതില്‍ വകുപ്പ് മന്ത്രി പരാജയപ്പെടുന്നതാണ് റേഷന്‍ വ്യാപാര മേഖലയിലെ പ്രതിസന്ധിക്ക് കാരണം. ഉദ്യോഗസ്ഥരാണ് പരിഷ്‌കരണങ്ങള്‍ അട്ടിമറിക്കുന്നത്. ഭക്ഷ്യസുരക്ഷ നിയമത്തിന്റെ ഭാഗമായി റേഷന്‍ കടകളില്‍ ഇപോസ് മെഷീന്‍ സ്ഥാപിക്കുന്നതിന് വ്യാപാരികള്‍ സഹകരിക്കും. ഇതില്‍ എതിര്‍പ്പുണ്ടെന്നുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. വാതില്‍പ്പടി വിതരണത്തിലെ അപാകതകള്‍ പരിഹരിച്ച് ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായ അളവിലും തൂക്കത്തിലും റേഷന്‍ കടകളില്‍ എത്തിക്കാന്‍ നടപടികളുണ്ടാകണം. തീരുമാനം ഉണ്ടായില്ലെങ്കില്‍ അടുത്ത മാസം ഒന്ന് മുതല്‍ ധാന്യങ്ങള്‍ ഏറ്റെടുത്ത് വിതരണം ചെയ്യില്ല. മുഖ്യമന്ത്രി ഉറപ്പ് നല്‍കിയ വേതന പാക്കേജ് അടിന്തരമായി നടപ്പാക്കണം. 45 ക്വിന്റല്‍ ചെലവാകുമ്പോള്‍ 16,000 രൂപ മിനിമം വേതനം നല്‍കണം. ഗുണനിലവാരമുള്ള ആട്ടയുടെ വിതരണം ഉറപ്പാക്കാന്‍ ഇവ മില്ലുകളില്‍ നിന്ന് നേരിട്ട് എത്തിക്കാന്‍ സംവിധാനമുണ്ടാകണം. ഇതിന് പരിഹാരമുണ്ടായില്ലെങ്കില്‍ മെയ് ഒന്ന് മുതല്‍ ആട്ട എടുക്കില്ല.

സാമ്പത്തിക ബാധ്യത കാരണം വൈക്കം താലൂക്കില്‍ ആത്മഹത്യ ചെയ്ത റേഡന്‍കട ഉടമയായ രമണന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കണം. എ പി എല്‍ കാര്‍ഡുടമകള്‍ക്ക് പ്രതിമാസം 15 കിലോ അരി നല്‍കാന്‍ തയ്യാറായാല്‍ പൊതുവിപണിയിലെ വിലക്കയറ്റം തടയാന്‍ കഴിയുമെന്നും അവര്‍ പറഞ്ഞു.

Latest