ബസ് ചാര്‍ജ് വര്‍ധന: കെ എസ് ആര്‍ ടി സിക്ക് വരുമാനത്തില്‍ നേരിയ വര്‍ധന മാത്രം

Posted on: March 13, 2018 6:09 am | Last updated: March 12, 2018 at 11:15 pm
SHARE

കോട്ടയം: ബസ് ചാര്‍ജ് വര്‍ധന കെ എസ് ആര്‍ ടി സിക്ക് കാര്യമായ സാമ്പത്തിക നേട്ടമുണ്ടാക്കുന്നില്ല. കളക്ഷനില്‍ നേരിയ വര്‍ധന മാത്രമാണ് ലഭിക്കുന്നത്. സ്വകാര്യ ബസുകളില്ലാത്ത റൂട്ടുകളില്‍ മാത്രമാണ് വരുമാനത്തില്‍ വര്‍ധനവുണ്ടായിരിക്കുന്നത്. 15 രൂപക്കു മുകളില്‍ ടിക്കറ്റിന് കെ എസ് ആര്‍ ടി സി സെസ് കൂടി ഈടാക്കുന്ന സാഹചര്യത്തില്‍ ദീര്‍ഘദൂരയാത്ര കനത്ത ബാധ്യതയാണ് യാത്രക്കാര്‍ക്കുണ്ടാക്കുന്നത്.

ബസ് ചാര്‍ജ് വര്‍ധിപ്പിച്ചതോടെ ട്രെയിനില്‍ യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചു. സീസണ്‍ ടിക്കറ്റുകാരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. ബസുകളില്‍ മിനിമം ചാര്‍ജ് എട്ട് രൂപയായപ്പോള്‍ ട്രെയിനില്‍ അഞ്ച് രൂപ മാത്രം. ട്രെയിനില്‍ 10 രൂപ ടിക്കറ്റെടുത്താല്‍ 45 കിലോമീറ്ററും എക്‌സ്പ്രസില്‍ 29 രൂപ മുടക്കിയില്‍ 50 കിലോമീറ്ററും യാത്ര ചെയ്യാം. ബസില്‍ പത്ത് രൂപ ടിക്കറ്റില്‍ ഏഴര കിലോമീറ്ററേ യാത്ര ചെയ്യാനാകൂ. പത്ത് കിലോമീറ്ററിന് 12 രൂപ ടിക്കറ്റെടുക്കണം. 20 കിലോമീറ്ററിന് 19 രൂപ ടിക്കറ്റെടുക്കണം. കോട്ടയത്തു നിന്ന് തൃശൂര്‍ വരെയും കൊല്ലം വരെയും ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 10 ശതമാനം വര്‍ധവുണ്ടായതായി റെയില്‍വേ അറിയിച്ചു.

കെ എസ് ആര്‍ ടി സിയുടെ നേര്‍പകുതി നിരക്ക് മാത്രമേ ദീര്‍ഘ യാത്രയില്‍ ട്രെയിനില്‍ വരുന്നുള്ളു. കടുത്ത ചൂടുകാലമായതോടെ ഏറെപേരും ട്രെയിനിനെ ആശ്രയിക്കുന്നു. ഒപ്പം സമയലാഭവും. ട്രെയിനില്ലാത്ത റൂട്ടുകളില്‍ യാത്രക്കാര്‍ക്ക് ഭാരിച്ച ബാധ്യതയാണ് ബസ് കൂലിയിലൂടെയുണ്ടാകുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here