സമസ്ത: പണ്ഡിത ക്യാമ്പ് നാളെ തുടങ്ങും

Posted on: March 13, 2018 6:05 am | Last updated: March 12, 2018 at 10:54 pm
SHARE

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദ്വിദിന പണ്ഡിത ക്യാമ്പ് നാളെ ആരംഭിക്കും. മനുഷ്യ ജിവിതത്തിന്റെ ശൈലിയും സംസ്‌കാരവും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ആധുനിക സാഹചര്യത്തില്‍ സമൂഹത്തെ നേരിന്റെയും ധര്‍മത്തിന്റെയും പാതയില്‍ വഴിനടത്തുന്നതിനും സമകാലിക സമൂഹത്തിന്റെ മനസ്സറിഞ്ഞ് ഇസ്‌ലാമിക ദഅ്‌വത്ത് സാധ്യമാക്കുന്നതിനും പുതിയ തലമുറയെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ക്യാമ്പ്.
വിശുദ്ധ ഇസ്‌ലാമിന്റെ യഥാര്‍ഥ വിശ്വാസ ആചാരങ്ങളില്‍ നിന്ന് മനുഷ്യരെ വഴിതെറ്റിച്ച് മതപരിഷ്‌കരണ വാദത്തിലേക്കും മതനിരാസത്തിലേക്കും നയിക്കുകയും തീവ്രവാദ, ഭീകര സംഘങ്ങളിലേക്കും റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന പ്രവണതക്കെതിരെയുള്ള ബോധവത്കരണത്തിന് പണ്ഡിതരെ സജ്ജമാക്കുന്നതിനാവശ്യമായ വിഷയങ്ങള്‍ ക്യാമ്പില്‍ ചര്‍ച്ചയാകും. ആധുനിക ശാസ്ത്ര നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തുന്ന കാര്യങ്ങളില്‍ ഇസ്‌ലാമിക ഫിഖ്ഹിന്റെ തീരുമാനങ്ങളും വിധിയും ക്യാമ്പ് വിശകലനം ചെയ്യും.

കാലത്ത് പത്ത് മണിക്ക് മര്‍കസ് കുതുബ്ഖാനയില്‍ വൈസ് പ്രസിഡന്റ് എം ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ശിറിയയുടെ അധ്യക്ഷതയില്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന സമാപന സെഷനില്‍ കേന്ദ്ര മുശാവറ പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ സമാപന പ്രഭാഷണം നടത്തും.

സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, ബേക്കല്‍ ഇബ്‌റാഹിം മുസ്‌ലിയാര്‍ പ്രസീഡിയം നിയന്ത്രിക്കും. മുശാവറ അംഗങ്ങള്‍ക്കു പുറമെ തിരഞ്ഞെടുക്കപ്പെട്ട അമ്പത് പേരാണ് ക്യാമ്പിലെ പ്രതിനിധികള്‍.