Connect with us

Kerala

ഒടുവില്‍ മക്കളുടെ മനസ്സലിഞ്ഞു; ഗൗരിക്കുട്ടിയമ്മക്ക് ഇത് പുനര്‍ജന്മം

Published

|

Last Updated

ഗൗരിക്കുട്ടിയമ്മയെ സ്വീകരിക്കാന്‍ മകന്‍ രാജന്‍ പാമ്പന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോള്‍

കൊച്ചി: ഗൗരിക്കുട്ടിയമ്മയുടെ ഏക ആഗ്രഹം സഫലമായി. ഇനി മക്കളുടെ സ്‌നേഹ സാമീപ്യത്തില്‍ ജീവിത സായാഹ്നം കഴിച്ചുകൂട്ടാം. അമ്മയെ സംരക്ഷിക്കാനാകില്ലെന്ന മുന്‍ നിലപാടില്‍ നിന്ന് മക്കളെല്ലാം പിന്മാറിയതോടെ എണ്‍പത്തഞ്ചുകാരിയായ ഗൗരിക്കുട്ടിയമ്മക്ക് ഇത് പുതുജന്മം. തമിഴ്‌നാട്ടിലെ രാമേശ്വരത്തിനടുത്ത് പാമ്പന്‍ റെയില്‍വേ സ്റ്റേഷനില്‍ ആരോരുമില്ലാതെ അവശനിലയില്‍ കഴിയുന്ന ഗൗരിക്കുട്ടിയമ്മയുടെ വാര്‍ത്ത സിറാജ് ശനിയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഇത് നവ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് അമ്മയെ ഏറ്റെടുക്കാന്‍ മക്കള്‍ സ്വമേധയാ മുന്നോട്ടുവന്നത്.

കൊല്ലം ഓച്ചിറ ആലുംപീടിക സ്വദേശിനിയായ ഗൗരിക്കുട്ടിയമ്മയെ മകന്‍ രാജന്‍ കഴിഞ്ഞ ദിവസം പാമ്പന്‍ റെയില്‍വേ സ്റ്റേഷനിലെത്തി സ്വദേശത്തെത്തിച്ചു. കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി പാമ്പന്‍ റെയില്‍വേ സ്റ്റേഷനില്‍ മലയാളിയായ വയോധികയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പീപ്പിള്‍സ് വോയ്‌സ് ഓഫ് കേരളയുടെ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ആവശ്യമായ സഹായങ്ങള്‍ ചെയ്തുവരികയായിരുന്നു.

ഇവരുടെ മൂന്ന് മക്കളും അമ്മയെ സംരക്ഷിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്ന് നിയമനടപടിയുമായി വോയ്‌സ് ഓഫ് കേരളയുടെ പ്രവര്‍ത്തകര്‍ നീങ്ങുന്നതിനിടെയാണ് മക്കള്‍ നിലപാട് തിരുത്തിയത്.
വോയിസ് ഓഫ് കേരളയുടെ ട്രഷറര്‍ മന്‍സൂര്‍ കായംകുളം, പ്രവര്‍ത്തകരായ ബാവ കോഴിക്കോട്, ദിനു ഓച്ചിറ എന്നിവരും മകന്‍ രാജന്റെ കൂടെ പാമ്പന്‍ റെയില്‍വേ സ്റ്റേഷനില്‍ ഗൗരിക്കുട്ടിയമ്മയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഏക മകള്‍ ലതയുടെ കൂടെ താമസിക്കണമെന്ന ഗൗരിക്കുട്ടിയമ്മയുടെ ആവശ്യത്തെ തുടര്‍ന്ന് കൊല്ലം പുതിയകാവിലെ അരയത്ത്മഠത്തെ ലതയുടെ വീട്ടില്‍ ഇന്നലെ ഉച്ചയോടെ ഗൗരിക്കുട്ടിയമ്മയെ എത്തിച്ചു. മറ്റൊരു മകനായ ആനന്ദന്‍ സഹോദരിയുടെ വീട്ടിലെത്തി അമ്മയെ സന്ദര്‍ശിച്ചു.

---- facebook comment plugin here -----

Latest