ട്രംപ്- കിം ജോംഗ് ഉന്‍ കൂടിക്കാഴ്ച: മിണ്ടാതെ ഉത്തര കൊറിയ

Posted on: March 13, 2018 6:11 am | Last updated: March 12, 2018 at 10:36 pm

സിയോള്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും തമ്മില്‍ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയെ സംബന്ധിച്ച് ഉത്തര കൊറിയയില്‍ നിന്ന് ഒരു പ്രതികരണവും ലഭിച്ചിട്ടില്ലെന്ന് ദക്ഷിണ കൊറിയ. ഉത്തര കൊറിയന്‍ നേതാവുമായുള്ള നേരിട്ടുള്ള ചര്‍ച്ചക്ക് ട്രംപ് സമ്മതം അറിയിച്ചിരുന്നു. ചര്‍ച്ച വിജയിക്കുകയാണെങ്കില്‍ ലോകത്തിന് തന്നെ വിലപ്പെട്ട ഒരു കരാറിലെത്താന്‍ സാധിക്കുമെന്നും ട്രംപ് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

എന്നാല്‍ ചര്‍ച്ചയെ സംബന്ധിച്ച് ഇപ്പോഴും അവ്യക്തതകള്‍ നിലനില്‍ക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇരു രാജ്യങ്ങളും ചര്‍ച്ച ചെയ്യാനിരിക്കുന്ന വിഷയങ്ങളുടെ സങ്കീര്‍ണത മൂലം രാഷ്ട്രീയ നിരീക്ഷകര്‍ ഈ ചര്‍ച്ചയുടെ ഫലപ്രാപ്തിയെ കുറിച്ച് ഇപ്പോള്‍ തന്നെ ആശങ്കപ്പെടുന്നുണ്ട്.
ഉത്തര കൊറിയയും അമേരിക്കയും തമ്മില്‍ നടക്കാനിരിക്കുന്ന ചര്‍ച്ചയെ കുറിച്ച് ഉത്തര കൊറിയയുടെ ഭാഗത്തുനിന്ന് ഔദ്യോഗികമായ ഒരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ദക്ഷിണ കൊറിയന്‍ മന്ത്രാലയ വക്താവ് അറിയിച്ചു. വളരെ കരുതലോടെയാണ് ഈ ചര്‍ച്ചയിലേക്ക് അവര്‍ തയ്യാറെടുക്കുന്നതെന്നും ആ രാജ്യത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവര്‍ക്കിനിയും സമയം വേണ്ടിവരുമെന്നും മന്ത്രാലയ വക്താവ് കൂട്ടിച്ചേര്‍ത്തു.

വിവിധ രാജ്യങ്ങള്‍ ഈ കൂടിക്കാഴ്ചയെ സുപ്രധാന ചുവടുവെപ്പായാണ് വിലയിരുത്തുന്നത്. ഉത്തര കൊറിയയുമായി സംവദിക്കാനുള്ള ഈ അവസരം ഏറെ വിലപ്പെട്ടതാണെന്നും മേഖലയില്‍ സുസ്ഥിര സമാധാനം തിരിച്ചുകൊണ്ടുവരാന്‍ ഈ ചര്‍ച്ചക്ക് സാധിക്കുമെന്നും ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ വ്യക്തമാക്കി.

വരാനിരിക്കുന്ന ചര്‍ച്ചക്ക് മുന്നോടിയായി തങ്ങളുടെ രാജ്യത്തിന്റെ പ്രതിനിധികള്‍ അമേരിക്കന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയെന്നും ഇനി ചൈനയുമായും ജപ്പാനുമായും വിഷയത്തില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടിക്കാഴ്ചയുടെ മുന്നോടിയായി ചൈനീസ് പ്രസിഡന്റുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.
അമേരിക്കയും ദക്ഷിണ കൊറിയയും ഒരു വര്‍ഷമായി തുടരുന്ന രൂക്ഷ വാക്തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഇരു രാജ്യങ്ങളും ഒരുമിച്ചിരുന്ന് സംസാരിക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നത്.