റോഹിംഗ്യകളെ തുടച്ചുനീക്കിയ പ്രദേശങ്ങളില്‍ സൈനിക കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നു: ആംനസ്റ്റി

Posted on: March 13, 2018 6:12 am | Last updated: March 12, 2018 at 10:30 pm
റോഹിംഗ്യന്‍ വംശജര്‍ തിങ്ങിപ്പാര്‍ത്തിരുന്ന രാഖിനെയുടെ 2018ന് മുമ്പുള്ള ഉപഗ്രഹ ചിത്രം
റോഹിംഗ്യന്‍ വംശജര്‍ തിങ്ങിപ്പാര്‍ത്തിരുന്ന രാഖിനെയുടെ 2018ന് ശേഷവുമുള്ള ഉപഗ്രഹ ചിത്രം

യാംഗൂണ്‍: റോഹിംഗ്യന്‍ വംശജര്‍ നേരിടുന്ന വംശീയ ആക്രമണങ്ങളെ കുറിച്ച് ലോകം മുഴുവന്‍ ആശങ്കപ്പെടുമ്പോള്‍ ഇവരെ തുടച്ചുനീക്കിയ ഗ്രാമങ്ങളില്‍ മ്യാന്മര്‍ സര്‍ക്കാര്‍ സൈനിക ഹെലിപ്പാഡുകള്‍ നിര്‍മിച്ചുതുടങ്ങി. ആംനസ്റ്റി ഇന്റര്‍നാഷനലാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. വംശീയ ആക്രമണത്തിന്റെ ഭാഗമായി രാജ്യത്ത് നിന്ന് ഓടിപ്പോയവരെ തിരിച്ചുവിളിക്കില്ലെന്ന ആ രാജ്യത്തിന്റെ നേരത്തെയുള്ള നിലപാട് ഒന്നുകൂടി ഉറപ്പിക്കുന്നതാണ് ഈ നടപടികളെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ബുദ്ധ തീവ്രവാദികളും മ്യാന്മര്‍ സൈന്യവും റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടത്തിയ ക്രൂരമായ ആക്രമണങ്ങളെ തുടര്‍ന്ന് ലക്ഷക്കണക്കിന് പേര്‍ ഇവിടെ നിന്ന് നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്തിരുന്നു.

വംശീയ ശുദ്ധീകരണമെന്ന് ഐക്യരാഷ്ട്ര സഭയും അമേരിക്കയും വിശേഷിപ്പിച്ച ആക്രമണങ്ങളെ തുടര്‍ന്ന് ഏഴ് ലക്ഷം റോഹിംഗ്യന്‍ മുസ്‌ലിംകള്‍ റാഖിനെയില്‍ നിന്ന് ബംഗ്ലാദേശിലേക്ക് മാത്രം പലായനം ചെയ്തിരുന്നു.
അതേസമയം, ആംനസ്റ്റി ഇന്റര്‍നാഷനലിന്റെ വെളിപ്പെടുത്തലിനെ മ്യാന്മര്‍ തള്ളിക്കളഞ്ഞിരിക്കുകയാണ്. അരാകന്‍ റോഹിംഗ്യ സാല്‍വേഷന്‍ ആര്‍മി റോഹിംഗ്യന്‍ മുസ്‌ലിംകള്‍ക്കെതിരെ നടത്തിയ വംശീയ ആക്രമണങ്ങളെ കുറിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് മ്യാന്മര്‍ ഇതിനോട് പ്രതികരിച്ചത്.

റാഖിനെ സംസ്ഥാനത്തെ പുനര്‍നിര്‍മിക്കുന്നു എന്ന തലക്കെട്ടിലാണ് ആംനസ്റ്റി ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. റാഖിന സംസ്ഥാനത്തിന്റെ നേരത്തെയുള്ള ഉപഗ്രഹ ചിത്രങ്ങളും 2018ന് ശേഷമുള്ള ഉപഗ്രഹ ചിത്രങ്ങളും തെളിവാക്കിയാണ് ആംനസ്റ്റി ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. വലിയ തോതിലുള്ള നിര്‍മാണ പ്രവൃത്തികളാണ് റോഹിംഗ്യന്‍ വംശജരുടെ പ്രദേശങ്ങളില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതെന്നും ആംനസ്റ്റി വിശദീകരിക്കുന്നു. റോഹിംഗ്യന്‍ വംശജര്‍ തിരിച്ചുവരികയാണെങ്കില്‍ ഏറ്റവും ആവശ്യമായി വരുന്ന ഭൂമികളിലാണ് ഇപ്പോള്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ഈ പ്രദേശങ്ങളിലുള്ള റോഹിംഗ്യനുകളുടെ വീടുകളും മ്യാന്മര്‍ ഭരണകൂടം തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ഹെലിപ്പാഡുകള്‍, സുരക്ഷാ സൈനികര്‍ക്കുള്ള കെട്ടിടങ്ങള്‍, റോഡുകള്‍ എന്നിവയുടെ നിര്‍മാണം ഇവിടെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും ഉപഗ്രഹ ചിത്രങ്ങളെ അടിസ്ഥാനപ്പെടുത്തി ആംനസ്റ്റി റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു.
റാഖിനയിലേക്ക് ഇപ്പോള്‍ മ്യാന്മര്‍ ഭരണകൂടം പുറത്തുനിന്നുള്ള സന്നദ്ധ സംഘടനാ പ്രതിനിധികളെയോ മറ്റോ കടത്തിവിടുന്നില്ല. യു എന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വരെ മ്യാന്മര്‍ ഭരണകൂടം ഇവിടേക്ക് പ്രവേശനം നിഷേധിച്ചിരുന്നു. റോഹിംഗ്യന്‍ വംശജര്‍ ഉപേക്ഷിച്ചുപോന്ന ഭൂമിയും മറ്റും ബുദ്ധര്‍ക്കും മറ്റ് ഇതര മുസ്‌ലിം വിഭാഗങ്ങള്‍ക്കും ഒഴിച്ചിട്ടുകൊടുത്തിരിക്കുകയാണെന്ന ആശങ്കയും ആംനസ്റ്റി പങ്കുവെക്കുന്നു. അതുപോലെ ഈ പ്രദേശങ്ങളില്‍ സൈന്യം നടത്തിയ ക്രൂരകൃത്യങ്ങളുടെ തെളിവുകള്‍ നശിപ്പിക്കാനുള്ള നടപടികളും തകൃതിയില്‍ നടക്കുകയാണ്.