Connect with us

Editorial

കാട്ടുതീ ദുരന്തം

Published

|

Last Updated

ദാരുണമാണ് കൊരങ്ങിണിയിലെ കാട്ടുതീദുരന്തം. സാഹസിക വിനോദയാത്രക്ക് എത്തിയ തമിഴ്‌നാട്ടിലെ പ്രൊഫഷനല്‍ കോളജുകളിലെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള 14 വിദ്യാര്‍ഥികളാണ് കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തേനി ജില്ലയിലെ കൊരങ്ങിണി വനമേഖലയിലുണ്ടായ കാട്ടുതീയില്‍ വെന്തുമരിച്ചത്. ഒമ്പത് പേരെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ സ്ഥിരീകരണം. ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു മലയില്‍ കാട്ടുതീ പടര്‍ന്നത്. ഉണക്കപ്പുല്ലുകളിലും മരങ്ങളിലും തീ വേഗത്തില്‍ പടര്‍ന്നതോടെ കാട്ടില്‍ കുടുങ്ങിപ്പോയവര്‍ എന്തു ചെയ്യണമെന്നറിയാതെ കൂട്ടം പിരിഞ്ഞു നാലുപാടും ഓടുകയായിരുന്നു. രക്ഷപ്പെടാനായി പുല്‍മേടുകളിലേക്കാണ് പലരും പാഞ്ഞുകയറിയത്. കാട്ടുതീ കണ്ട് പരിഭ്രാന്തരായും കനത്ത ചൂടേറ്റും കുഴഞ്ഞുവീഴുകയും തുടര്‍ന്ന് വെന്തുമരിക്കുകയുമായിരുന്നെന്നാണ് അനുമാനിക്കുന്നത്. രാത്രി ഏറെ വൈകി കാട്ടില്‍ അകപ്പെട്ട സംഘത്തില്‍ പെട്ടവര്‍ വീട്ടില്‍ വിളിച്ച് വിവരം പറഞ്ഞതോടെയാണ് വിവരം പുറംലോകമറിയുന്നത്. യഥാസമയത്ത് വിവരം അറിയാത്തതാണ് മരണസംഖ്യ കൂടാന്‍ കാരണമെന്നാണ് വനപാലകര്‍ പറയുന്നത്. വ്യോമസേനയുടെഹെലികോപ്റ്ററുകളും അഗ്‌നിരക്ഷാസേന, വനംവകുപ്പ് ഉദ്യോഗസ്ഥരും കമാന്റോകളും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ കാട്ടില്‍ അകപ്പെട്ട 27 പേരെ രക്ഷപ്പെടുത്തി. ഇവരില്‍ പൊള്ളലേറ്റ ഏതാനും പേരുടെ നില ഗുരുതരമാണ്. സംഘത്തിലെത്ര പേരുണ്ടായിരുന്നുവെന്ന് കൃത്യമായ വിവരമില്ല. 39 പേരാണെന്നും 60 പേരുണ്ടായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.

വിനോദസഞ്ചാരികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്നാണ് കിങ്ങിണിമല. മനോഹരമെങ്കിലും പുലി, കാട്ടുപോത്ത് തുടങ്ങി ധാരാളം വന്യമൃഗങ്ങളുള്ള ചെങ്കുത്തായ മല അപകട മേഖലയുമാണ്. വേനല്‍ കാലത്ത് കാട്ടുതീ പതിവുമാണിവിടെ. കഴിഞ്ഞ കുറേ ദിവസങ്ങളില്‍ ഈ വനമേഖലയിലെ വിവിധയിടങ്ങളില്‍ കാട്ടുതീ പടര്‍ന്നു പിടിച്ചിരുന്നതായി പറയപ്പെടുന്നു. അപകട സാധ്യത കണക്കിലെടുത്ത് തമിഴ്‌നാട് പോലീസ് ഇവിടേക്ക് പ്രവേശനം നിരോധിച്ചിട്ടുണ്ട്. സമീപവാസികളെ പോലും വനത്തിലേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. അഥവാ പ്രത്യേക അനുമതി പ്രകാരം ട്രെക്കിംഗിന് പോവുകയാണെങ്കില്‍ പാലിക്കേണ്ട കുറേ നിര്‍ദേശങ്ങളുമുണ്ട്. അത് പാലിക്കാതെയും വകവെക്കാതെയുമാണ് അപകടത്തില്‍ പെട്ട വിദ്യാര്‍ഥി സംഘം മലകയറിയതെന്നു പറയുന്നുണ്ട്. പോലീസില്‍ നിന്നോ വനം വകുപ്പില്‍ നിന്നോ ഇവര്‍ അനുവാദം വാങ്ങിയിരുന്നില്ലെന്ന് പോലീസ് പറയുന്നു. യാത്രാ സംഘത്തിന് വനത്തെ കുറിച്ച് ധാരണകളുമുണ്ടായിരുന്നില്ല. ചെന്നൈ ട്രെക്കിംഗ് ക്ലബിന്റെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി എത്തിയതായിരുന്നു സംഘം.

ഇടിമിന്നല്‍, അഗ്‌നിപര്‍വത സ്‌ഫോടനം, പാറകളില്‍ നിന്നുള്ള തീപ്പൊരി, അപ്രതീക്ഷിതമായ ജ്വലനം എന്നിങ്ങനെ പ്രകൃതി ജന്യമായ കാരണങ്ങളാലും അലക്ഷ്യമായി ഉപേക്ഷിക്കുന്ന സിഗരറ്റ് കുറ്റി, യന്ത്രങ്ങളില്‍ നിന്നുണ്ടാകുന്ന തീപ്പൊരി എന്നിവയാലും വൈദ്യുത കമ്പികളില്‍ നിന്നും കാടുകളില്‍ തീപടരാറുണ്ട്. തേനിയില്‍ ശനിയാഴ്ച തീപടര്‍ന്നത് കൂട്ടത്തില്‍ ഒരാള്‍ വലിച്ചിട്ട സിഗരറ്റ് കുറ്റിയില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. കൊടിയ വേനലില്‍ ഉണങ്ങിക്കിടക്കുന്ന പുല്ലില്‍ ചെറിയ ഒരു തീപ്പൊരി മതി ആളിപ്പടരാന്‍.
കാട്ടുതീയില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചതായി ആരോപണമുണ്ട്. പരുക്കേറ്റവരെ എത്രയും വേഗം കൊണ്ടുവരാന്‍ സംവിധാനമൊന്നും ഒരുക്കിയില്ലെന്നും അവരെ കിടിത്താനുള്ള ബെഡ് ഷീറ്റ് പോലും വനംവകുപ്പ് അധികൃതരുടെ കൈവശമില്ലായിരുന്നുവെന്നുമാണ് പരിസരവാസികള്‍ പറഞ്ഞത്. അപകടത്തില്‍ പെട്ടവര്‍ വെളളം പോലും കിട്ടാതെ നരകിച്ചെന്നും പറയുന്നുണ്ട്.

യുവതലമുറക്ക് ഏറെ ആവേശം പകരുന്നതാണ് സാഹസിക വിനോദ സഞ്ചാരം. പ്രത്യേകിച്ച് ദീര്‍ഘദൂര ട്രെക്കിംഗ് പാതകള്‍. ദുര്‍ഘടമായ വഴികള്‍ അതിജീവിച്ച് സുന്ദരമായ മല മേടുകളിലൂടെ കടന്നു പ്രകൃതി ആസ്വദിക്കാന്‍ യുവാക്കള്‍ പ്രത്യേകിച്ചും വിദ്യാര്‍ഥികള്‍ ട്രെക്കിംഗ് നടത്തുക പതിവാണ്. എന്നാല്‍ അപകടകരമായ മലകളില്‍ കയറുമ്പോള്‍, അതേക്കുറിച്ചു വ്യക്തമായ ധാരണയും പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് വ്യക്തമായി അറിയുന്ന സഹായിയും ആവശ്യമാണ്. മാത്രമല്ല, ഇത്തരം യാത്രകളില്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ചു വ്യക്തമായ ധാരണ വേണം. അതില്ലാതെ വരുമ്പോഴാണ് അപകടങ്ങള്‍ സംഭവിക്കുന്നത്. ജനവാസ മേഖലകളില്‍ നിന്ന് ഏറെ അകലെയുള്ള സ്ഥലങ്ങളില്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍രക്ഷാ പ്രവര്‍ത്തനത്തിന് താമസം നേരിടുകയും മരണ സംഖ്യ വര്‍ധിക്കുകയും ചെയ്യുന്നു. ട്രെക്കിംഗിന് അനുവാദം നല്‍കിയിരുന്നില്ലെന്നാണ് അധികൃത ഭാഷ്യമെങ്കിലും വനംവകുപ്പ് അധികൃതരുടെ രഹസ്യാനുവാദത്തോടെയാണ് സംഘം മലകയറിയതെന്നും പറയപ്പെടുന്നു.

തേനി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ വനമേഖലയില്‍ ട്രെക്കിംഗ് നിരോധിച്ചു കൊണ്ട് വനം വകുപ്പ് അധികൃതര്‍ ഉത്തരവിറക്കിയിട്ടുണ്ട്. വേനലിന്റെ കാഠിന്യം ഏറി മരങ്ങളും പുല്ലുകളും ഉണങ്ങിയതിനെ തുടര്‍ന്ന് കാട്ടുതീയുടെ സാധ്യത ഉയര്‍ന്നിരിക്കെ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ട്രെക്കിംഗിനായി ആരും വനത്തില്‍ പ്രവേശിക്കരുതെന്നാണ് നിര്‍ദേശം. നിരോധന ഉത്തരവ് കൊണ്ടു മാത്രമായില്ല. അത് വകവെക്കാതെ യാത്രക്ക് പുറപ്പെടുന്നവരെ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ സദാ ജാഗരൂകരാകേണ്ടതുണ്ട്.