കര്‍ഷകര്‍ ചോദിക്കുന്നു

Posted on: March 13, 2018 6:02 am | Last updated: March 13, 2018 at 7:22 pm

ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക രാഷ്ട്രമാണ് ഇന്ത്യയെന്ന് നാം ഊറ്റംകൊള്ളാറുണ്ട്. അതേസമയം ചൈന കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ ജനപ്പെരുപ്പമുള്ള രാജ്യമാണ് നമ്മുടേത്. 1.3 ബില്യണ്‍ ജനങ്ങള്‍ ഇന്ന് ഇന്ത്യയിലുണ്ട്. രണ്ട് ദശകം കൂടി കഴിഞ്ഞാല്‍ ചൈനയെ പുറന്തള്ളി ജനസംഖ്യയില്‍ ഇന്ത്യ ഒന്നാമതെത്തുമെന്ന് കണക്കുകള്‍ പറയുന്നു. ലോക ആരോഗ്യ സംഘടന പോഷകാഹാരക്കുറവിനെ നിര്‍വചിക്കുന്നത്, ഒരു രാഷ്ട്രത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ആരോഗ്യപരമായി ജീവിക്കാന്‍ കഴിയുന്ന ആഹാരത്തിന്റെ തോത് വെച്ചാണ്. ഒരു ജനതയുടെ ആരോഗ്യപരമായ ജീവിതത്തിന്, ആ രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും പോരാതെ വരുമ്പോഴാണ് ആ രാജ്യം പട്ടിണിയെയും പോഷകാഹാരക്കുറവിനെയും നേരിടുന്നു എന്നു പറയുന്നത്.

നാള്‍ക്കുനാള്‍ കുറഞ്ഞുവരുന്ന കൃഷിയിടങ്ങള്‍, പ്രകൃതിക്ഷോഭങ്ങള്‍ മൂലം നശിക്കുന്ന കൃഷിയുടെ തോത്, കര്‍ഷകര്‍ കാര്‍ഷിക വൃത്തിയില്‍ നിന്നും പിന്‍വാങ്ങല്‍, ഭരണകൂടത്തിന്റെ പുതിയ നവലിബറല്‍ കാഴ്ചപ്പാട് എന്നിവയെല്ലാം ഇന്ത്യയിലെ ഭക്ഷ്യഉഹറപാദനത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ക്ക് മതിയായ വിപണിമൂല്യം കിട്ടാത്തതുകൊണ്ട് പലരും കൃഷിയിടങ്ങളെ ഉപേക്ഷിച്ച് മറ്റുതൊഴിലുകളിലേക്ക് ചേക്കേറിയത് ഇന്ത്യന്‍ പൊതുവിപണിയെ സാരമായി ബാധിച്ചിരിക്കുന്നതായി പല പഠനങ്ങള്‍ വന്നിട്ടും സര്‍ക്കാറിന്റെ ഭാഗത്തു നിന്നും നടപടിക്രമങ്ങളൊന്നും ഇന്നേവരെ ഉണ്ടായിട്ടില്ല.2050 ഓടെ ലോകത്തെ ഒന്‍പത് ബില്യണ്‍ ജനങ്ങളെ തീറ്റിപ്പോറ്റാനുള്ള ബാധ്യത ഒരു വെല്ലുവിളിയായി മുന്നിലുണ്ട്. 120 പട്ടിണി രാജ്യങ്ങളുടെ കണക്കെടുത്താല്‍ അതില്‍ ഇന്ത്യയുടെ സ്ഥാനം 55-ാമതാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ നേപ്പാളിന്റേത് 44ഉം ശ്രീലങ്കയുടേത് 39-ാം സ്ഥാനവുമാണെന്നോര്‍ക്കണം. മോദി അധികാരത്തില്‍ വന്നതിനു ശേഷമുള്ള സാമ്പത്തിക ഉദാരവത്കരണം ഇന്ത്യന്‍ ജനതയെ കൂടുതല്‍ പട്ടിണിക്കാരാക്കി മാറ്റാനേ ഉപകരിച്ചിട്ടുള്ളൂ. അധികാരമേല്‍ക്കുന്നതിനു മുമ്പ് ഒരു വര്‍ഷം രണ്ട് കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മോദി പ്രഖ്യാപിച്ചെങ്കിലും ആ കണക്കിന്റെ നാലയലത്ത് പോലും എത്തിപ്പെടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. നമ്മേക്കാള്‍ എത്രയോ മുന്നിലാണ് നേപ്പാളിന്റെയും ഭൂട്ടാനിന്റെയും ജനപക്ഷ സമീപനങ്ങള്‍. ഇന്ത്യയില്‍ കര്‍ഷകര്‍ക്കല്ല, മറിച്ച് കുത്തകകള്‍ക്കാണ് വായ്പയും സഹായ ധനവും ലഭിക്കുന്നതെന്ന് ഈ രാജ്യത്തെ കുത്തകകളുടെ വളര്‍ച്ചാ നിരക്ക് കാണിക്കുന്നുണ്ട്. നീരദ് മോദിയെ പോലെയുള്ളവര്‍ കോടിക്കണക്കിന് രൂപ ബേങ്കുകളെ കബളിപ്പിച്ച് കടന്നുകളഞ്ഞിരിക്കുന്നു. അതേസമയം ഒരു കര്‍ഷകന് തന്റെ തൊഴില്‍ ഉന്നതിക്കുവേണ്ടി ബേങ്കിനെ സമീപിച്ചാല്‍ ലഭിക്കുന്ന ‘സ്വീകരണം’ ഇന്ത്യന്‍ ബേങ്കുകള്‍ പരമ്പരാഗതമായി തുടര്‍ന്നുവരുന്ന ചിറ്റമ്മ നയം തന്നെയാണ്. ഈ തലതിരിഞ്ഞ നയങ്ങളാണ് ഒരു കാലത്ത് ലോകത്തിലെ ധാന്യ ഉത്പാദക പട്ടികയില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ഇന്ത്യയെ പിറകോട്ടടുപ്പിച്ചത്. ലോകത്ത് ആകെ ഉത്പാദിപ്പിക്കുന്ന ധാന്യങ്ങളുടെ 25 ശതമാനം ഇന്ത്യയുടേതായിരുന്നു എന്നത് ഇപ്പോള്‍ ഒരു സ്വപ്‌നം മാത്രമാണ്. കാര്‍ഷിക രംഗത്തെ താഴോട്ടുള്ള ഗ്രാഫ് ഇന്ത്യയിലെ നവജാത ശിശുക്കളുടെ പോഷകാഹാരക്കുറവില്‍ ദൃശ്യമാണിന്ന്. നമ്മുടെ അയല്‍രാജ്യമായ ചൈനയുടേതിനേക്കാള്‍ അഞ്ച് മടങ്ങ് കൂടുതലാണ് ഇന്ത്യയിലെ പോഷകാഹാരക്കുറവ്.ലോകത്തിലെ ഏറ്റവും വലിയ കാര്‍ഷിക സംസ്‌കൃതി അവകാശപ്പെടാന്‍ തക്ക ത്രാണിയുള്ള രാജ്യമായിരുന്നു ഇന്ത്യ. നമുക്ക് മറ്റേതൊരു രാജ്യത്തേക്കാളും പ്രകൃതി സമ്പന്നതയും കാര്‍ഷികവൃത്തിക്ക് യോഗ്യമായ ആവാസ വ്യവസ്ഥയും ഉണ്ടായിരുന്നു. എന്നിട്ടും പട്ടിണി രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്‍നിരയിലേക്ക് വരാന്‍ കാരണമെന്തെന്ന ചോദ്യത്തിന് ഭരണകൂട വീഴ്ചയെന്നേ ഒറ്റവാക്കില്‍ ഉത്തരം നല്‍കാനുള്ളൂ. ജനപ്പെരുപ്പത്തില്‍ രണ്ടാം സ്ഥാനമാണ് ഇന്ത്യയെന്ന തികച്ചും ലളിതമായ ഒരു ഉത്തരംകൊണ്ട് മറികടക്കാന്‍ കഴിയുന്നതല്ല അത്.

ബഹുസ്വരതയും സാംസ്‌കാരിക വൈവിധ്യവും കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിക്കുന്നതെന്ന മറുപടിയും ശാസ്ത്രീയമല്ല. ഇന്ത്യയിലെ പേരുകേട്ട സാമൂഹിക ശാസ്ത്രജ്ഞന്‍ ഷലീന്‍ ജെയ്ന്‍ നിരീക്ഷിക്കുന്നത്, ഇന്ത്യന്‍ ജനതയുടെ ക്രയശേഷിയില്‍ വന്ന വലിയ അന്തരമാണ് പോഷകാഹാരക്കുറവിന്റെ ഒരു കാരണമെന്നാണ്. വിപണിയില്‍ ലഭ്യമാകുന്ന ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ കഴിയാതെ മുഴുപ്പട്ടിണിയിലേക്ക് നീങ്ങുന്ന ആളുകള്‍ ഇന്ത്യയില്‍ വര്‍ധിച്ചുവരുന്നതായി അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ഒരു ശതമാനം കുത്തകകളിലേക്ക് ഇന്ത്യയുടെ സമ്പത്ത് മുഴുവന്‍ കേന്ദ്രീകരിക്കപ്പെടുമ്പോള്‍ പട്ടിണിയും പരിവട്ടവും ഉണ്ടാവുക സ്വാഭാവികം.കുത്തകവത്കരണം മാത്രമല്ല, ഇന്ത്യയിലെ പട്ടിണിക്കും പോഷകാഹാരക്കുറവിനും നിദാനം. ഇന്ത്യയിലെ കാര്‍ഷിക വിഭാഗം ജോയിന്റ് സെക്രട്ടറിയായിരുന്ന പവാന്‍ അഹുജ വെളിപ്പെടുത്തിയത്, നമ്മുടെ പൊതുവിതരണ ശൃംഖലയുടെ അശാസ്ത്രീയതയാണ്. പൊതുവിതരണ മേഖലയെ അഴിമതി മുക്തമാക്കിയാല്‍ തീരാവുന്നതേയുള്ളൂ ഇന്ത്യയിലെ പട്ടിണിയെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു. ഇതില്‍ കുറച്ചൊക്കെ സത്യമില്ലാതില്ല. ഇന്ത്യയുടെ പൊതുവിതരണ സംവിധാനം ഇപ്പോഴും കുറ്റമുക്തമല്ല. രാജ്യത്തെ ഭക്ഷണ ഗോഡൗണുകളില്‍ നശിക്കുന്ന ധാന്യം മാത്രം മതി നല്ലൊരു ശതമാനത്തിന്റെയും പശിയടക്കാന്‍. കേരളത്തിലെ റേഷന്‍കടകള്‍ പോലും ഊര്‍ധ്വശ്വാസം വലിക്കുന്ന ഘട്ടത്തിലാണിന്ന്. ആവശ്യത്തിന് അരിയോ മറ്റ് ധാന്യങ്ങളോ ഇപ്പോഴും ലഭ്യമല്ല. ഗുണഭോക്താക്കളുടെ മുന്‍ഗണനാ ക്രമം പോലും നേരായ വിധത്തില്‍ ചേര്‍ക്കപ്പെട്ടിട്ടില്ല. അനര്‍ഹര്‍ക്ക് ലഭിക്കുകയും അര്‍ഹര്‍ പുറത്തുനില്‍ക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം ഇപ്പോഴും കേരളത്തിലുണ്ട്. കേരളത്തില്‍ ഇതാണ് അവസ്ഥയെങ്കില്‍ മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ കാര്യം പറയാതിരിക്കുന്നതാവും ഭേദം.ലോകത്തിലെ ഭക്ഷ്യസുരക്ഷാ സംവിധാനത്തില്‍ ഇന്ത്യ പ്രഥമ സ്ഥാനത്താണെന്ന് പലപ്പോഴും പറഞ്ഞുകേള്‍ക്കാറുണ്ട്. 2013-ലെ ഭക്ഷ്യസുരക്ഷാ നിയമം ഇതിന്റെ മുന്നോടിയായിരുന്നു. ലോക ഭക്ഷ്യ സംവിധാനത്തെ പിന്‍പറ്റിയാണ് ഇന്ത്യ പ്രവര്‍ത്തിക്കുന്നതെന്ന് പറയുന്നുണ്ടെങ്കിലും, അവയെല്ലാം വെറും കടലാസുകളിലും പത്രപ്രസ്താവനകളിലും മാത്രം ഒതുങ്ങുന്നതാണ് വര്‍ത്തമാനാവസ്ഥ. ഇന്ത്യയിലെ 67 ശതമാനം ജനങ്ങളുടെ പോഷകാഹാരത്തെ നിവൃത്തിക്കാന്‍ പര്യാപ്തമാവേണ്ടതാണ് 2013-ലെ ആക്ട് എങ്കിലും യാഥാര്‍ഥ്യം പരിശോധിക്കുമ്പോള്‍ നാം ഇരുട്ടില്‍ തപ്പേണ്ടിവരുന്നു. റേഷന്‍ കിട്ടാതെ പട്ടിണി കിടക്കേണ്ടി വരികയും ഒടുവില്‍ മരണപ്പെടുകയും ചെയ്യുന്ന ആദിവാസികളുടെ കണക്കു മാത്രം നോക്കിയാല്‍ ഇതിലെ പൊള്ളത്തരം ബോധ്യപ്പെടും. കേരളത്തില്‍ കൊല ചെയ്യപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ കഥ തന്നെ ധാരാളം. നമ്മുടെ ഭക്ഷ്യസംവിധാനം എത്രമാത്രം പിടിപ്പുകേട് നിറഞ്ഞതാണെന്ന് ഈ സംഭവം വിളിച്ചോതുന്നുണ്ട്. കേരളത്തിലെ ആദിവാസി സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യം സവര്‍ണ സ്ത്രീകളെ അപേക്ഷിച്ച് താഴോട്ട് സഞ്ചരിക്കുകയാണെന്നുള്ള ഒരു പഠന റിപ്പോര്‍ട്ട് കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തെ അമ്പരപ്പിക്കേണ്ടതാണ്. 2030 ആവുമ്പോഴേക്കും ലോകത്തിലെ പട്ടിണി മാറ്റാന്‍ ലോക രാജ്യങ്ങള്‍ കടപ്പെട്ടിട്ടുണ്ടെന്ന് ഐക്യരാഷ്ട്ര സഭ നിര്‍ദേശിക്കുന്നുണ്ടെങ്കിലും നിലനില്‍ക്കുന്ന സാമ്പത്തിക വ്യവസ്ഥ അതേപടി തുടരുകയാണെങ്കില്‍ ഈ ലക്ഷ്യം എങ്ങനെ സാധ്യമാകുമെന്ന ചോദ്യം അവശേഷിക്കുന്നു.

മുതലാളിത്ത സാമ്പത്തിക ക്രമത്തില്‍ അസാധ്യമായ ഒരു സ്വപ്‌നമാണ് അത്. ഭക്ഷ്യധാന്യങ്ങളുടെ കുറവ് ആഴത്തില്‍ പരിക്കേല്‍പ്പിക്കുന്നത് കുട്ടികളെയും സ്ത്രീകളെയുമാണെന്നതാണ് ലോക മനഃസാക്ഷിയെ ഞെട്ടിപ്പിക്കേണ്ടത്. അത് ഏത് സമൂഹത്തിലും ഒന്നാണ്.ഭരണകൂട ചെയ്തികളും അവരുടെ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളും ഇന്ത്യന്‍ കാര്‍ഷിക വ്യവസ്ഥയുടെ പകുതി ജീവന്‍ കവര്‍ന്നെടുത്തെങ്കില്‍ മറു പാതി പ്രകൃതി തന്നെയാണ് ഇല്ലാതാക്കിയത്. മഴയുടെ ലഭ്യതക്കുറവ്, ക്രമാതീതമായ ചൂട്, മറ്റ് പ്രകൃതി ക്ഷോഭങ്ങള്‍, മണ്ണിന്റെ അമ്ലത നഷ്ടപ്പെടല്‍ എന്നിവ കാര്‍ഷിക ഉത്പന്നങ്ങളെയും വാര്‍ഷിക വിളപ്പെടുപ്പിനെയും മാരകമായി ബാധിച്ചു. അതുകൊണ്ടാണ് യു എന്‍ തന്നെ ഈ വിഷയത്തില്‍ ലോകരാജ്യങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് പല പദ്ധതികളും ആസൂത്രണം ചെയ്തിരിക്കുന്നത്. കാര്‍ഷിക മേഖലയുടെ ഉന്നമനത്തിന് പുത്തന്‍ ആശയങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ രാജ്യങ്ങളെ അവര്‍ ആഹ്വാനം ചെയ്യുന്നു. നല്ലയിനം വിത്തുകള്‍, ശാസ്ത്രീയ കൃഷിയിറക്കല്‍, വളപ്രയോഗം എന്നിവ അവയില്‍ ചിലതാണ്. എന്നാല്‍ യു എന്നിനെ നയിക്കുന്നതും ആഗോള കുത്തകകളാണെന്ന വസ്തുത മറ്റൊരു ഭാഗത്തുണ്ട്. അമിതമായ രാസവള പ്രയോഗം മണ്ണിനെ എങ്ങനെയൊക്കെ പ്രതികൂലമായി ബാധിക്കുന്നു എന്നത് ഇന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. കര്‍ഷകര്‍ പരമ്പരാഗത കൃഷി രീതി ഉപേക്ഷിച്ചത് അതിനൊരു കാരണമാണ്. കലപ്പക്കു പകരം ട്രാക്ടറുകള്‍ മണ്ണിലിറങ്ങിയതു തന്നെ മുതലാളിത്വത്തിന്റെ ഒരു ആശയമായിരുന്നു എന്ന് ഇന്ന് ബോധ്യപ്പെട്ടുകഴിഞ്ഞു. കൃഷിക്ക് ഉപയുക്തമായ ആരോഗ്യകരമായ മണ്ണാണ് ഇന്ന് കര്‍ഷകര്‍ തിരിച്ചുപിടിക്കേണ്ടത്. ശാസ്ത്രീയമായ കൃഷിരീതിയെ പാടേ ഉപേക്ഷിക്കുകയല്ല; മറിച്ച് പരമ്പരാഗത കൃഷിയെ ശാസ്ത്രവുമായി യോജിപ്പിക്കുകയാണ് വേണ്ടത്. അപ്പോള്‍ മാത്രമേ ഇന്ന് നാം നേരിടുന്ന പട്ടിണിയും പോഷകാഹാരക്കുറവും ഒരു പരിധിവരെയെങ്കിലും നിയന്ത്രിച്ചു നിര്‍ത്താന്‍ കഴിയൂ. എല്ലാറ്റിലുമുപരി ഭരണകൂടങ്ങളുടെ കര്‍ഷക സൗഹൃദ നടപടികളാണ് മുഖ്യം. കണ്ണടച്ച് വെടിവെക്കുന്നതിനു പകരം ലക്ഷ്യസ്ഥാനത്തെ മുന്‍നിര്‍ത്തിയുള്ള സമീപനമാണ് വേണ്ടത്.