Connect with us

International

ഇസില്‍ ആക്രമണം: ഇറാഖില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

മൊസൂള്‍: ഇറാഖില്‍ ഇസില്‍ തീവ്രവാദികള്‍ നടത്തിയ വ്യത്യസ്ത ആക്രമണങ്ങളില്‍ പത്ത് പേര്‍ മരിച്ചു. മരിച്ചവരില്‍ ഒരു പ്രാദേശിക സുന്നി ഗോത്ര നേതാവും ഉള്‍പ്പെടുന്നു. ഞായറാഴ്ച വൈകിട്ടാണ് ആക്രമണ സംഭവങ്ങള്‍ അരങ്ങേറിയത്. ഇറാഖിലെ വടക്കന്‍ പ്രവിശ്യയിലെ മൊസൂളിലും കിര്‍കുക്കിലുമാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു.

മൊസൂളിന് തെക്കുള്ള ശിര്‍ഖത്ത് നഗരത്തിനോട് സമീപമുള്ള ഗ്രാമത്തിലേക്ക് ഇരച്ചെത്തിയ ഇസില്‍ തീവ്രവാദികള്‍ പ്രാദേശിക സുന്നി ഗോത്ര നേതാവിന്റെ വീട്ടിലെത്തി ഇദ്ദേഹത്തെയും മകനെയും രണ്ട് അതിഥികളെയും വകവരുത്തുകയായിരുന്നു. ഇസില്‍ തീവ്രവാദികള്‍ക്കെതിരെ സായുധ സംഘത്തെ നയിക്കുന്ന ആളായിരുന്നു കൊല്ലപ്പെട്ട സുന്നി ഗോത്ര നേതാവ്.

ശിര്‍ഖത്ത് നഗരം നേരത്തെ ഇസില്‍ തീവ്രവാദികളുടെ നിയന്ത്രണത്തിലായിരുന്നു. എന്നാല്‍ 2016ല്‍ സുന്നി ഗോത്ര വര്‍ഗങ്ങളുടെ പിന്തുണയോടെ ഇറാഖ് സൈന്യം നടത്തിയ തിരിച്ചടിയെ തുടര്‍ന്ന് ഈ പ്രദേശത്തിന്റെ നിയന്ത്രണം ഇസിലിന് നഷ്ടപ്പെടുകയായിരുന്നു. എന്നാല്‍ ഇപ്പോഴും നഗരത്തിനുള്ളില്‍ ചെറിയ സംഘം തീവ്രവാദികള്‍ തമ്പടിച്ചിട്ടുണ്ടെന്നും എപ്പോഴും ആക്രമണം നടത്താനുള്ള സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മറ്റൊരു സംഭവത്തില്‍ ഇറാഖിലെ എണ്ണ നഗരമായ കിര്‍കുക്കിലെ നിജാനയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ ഇസില്‍ തീവ്രവാദികള്‍ വധിച്ചു. ഇറാഖ് സൈനിക ഉദ്യോഗസ്ഥന്‍, ഗര്‍ഭിണിയായ ഭാര്യ, രണ്ട് കുട്ടികള്‍, ഒരു ബന്ധു എന്നിവരെയാണ് തീവ്രവാദികള്‍ വകവരുത്തിയത്. രണ്ട് ആക്രമണങ്ങള്‍ക്ക് പിന്നിലും ഇസില്‍ തീവ്രവാദികളാണെന്ന് പോലീസ് അറിയിച്ചു.

കുറച്ചുമുമ്പ് ഇറാഖ് സൈന്യവും അമേരിക്കന്‍ സൈന്യവും സംയുക്തമായ നടത്തിയ സൈനിക ഓപറേഷന് ശേഷം ഇസില്‍ ആക്രമണങ്ങള്‍ ഗണ്യമായി കുറഞ്ഞിരുന്നു.