ഇന്ത്യക്ക് ജയം

Posted on: March 12, 2018 11:56 pm | Last updated: March 12, 2018 at 11:56 pm

സുരേഷ് റെയ്‌ന റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെടുന്നു

കൊളംബോ: നിദാബാസ് ത്രിരാഷ്ട്ര ട്വന്റി20 ടൂര്‍ണമെന്റില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. 153 റണ്‍സ് ലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. പാണ്‌ഡെ (42), കാര്‍ത്തിക് (39) ഇന്ത്യയെ 17.3 ഓവറില്‍ ലക്ഷ്യത്തിലെത്തിച്ചു.ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ആതിഥേയരെ ബാറ്റിംഗിന് അയച്ചു. മികച്ച തുടക്കമാണ് ലങ്കക്ക് ലഭിച്ചത്. ഓപണര്‍മാരായ ഗുണതിലകയും ബെന്‍ഡിസും ഒന്നാം വിക്കറ്റില്‍ 25 റണ്‍സ് അടിച്ചെടുത്തു. മൂന്നാം ഓവറിലാണ് കൂട്ടുകെട്ട് പിരിഞ്ഞത്.

17 റണ്‍സെടുത്ത ഗുണതിലകയെ ഥാക്കൂറിന്റെ പന്തില്‍ റെയ്‌ന പിടിക്കുകയായിരുന്നു. 38 പന്തുകളില്‍ 55 റണ്‍സടിച്ച മെന്‍ഡിസ് തകര്‍പ്പന്‍ ഫോം തുടര്‍ന്നു. മൂന്ന് ഫോറും മൂന്ന് സിക്‌സറുമായി മെന്‍ഡിസ് മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാരെ വിറപ്പിച്ചത്. തരംഗ (22), തിസര പെരേര (15), ഷനക (19) എന്നിവരാണ് രണ്ടക്കസ്‌കോര്‍ കണ്ടെത്തിയ മറ്റ് താരങ്ങള്‍.

ഇന്ത്യന്‍ ബൗളിംഗില്‍ മീഡിയം പേസര്‍ ഷര്‍ദുല്‍ ഥാക്കൂറാണ് തിളങ്ങിയത്. നാല് ഓവറില്‍ നാല് വിക്കറ്റാണ് ഥാക്കൂര്‍ വീഴ്ത്തിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഉനാദ്കാത്, ചാഹല്‍, വിജയ് ശങ്കര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.