മാര്‍ച്ച് 15 യു എ ഇ ചില്‍ഡ്രന്‍സ് ഡേ ആയി ആചരിക്കും

Posted on: March 12, 2018 9:54 pm | Last updated: March 12, 2018 at 9:54 pm

ദുബൈ: എല്ലാ വര്‍ഷവും മാര്‍ച് മാസം 15ന് ഇമാറാത്തി ചില്‍ഡ്രന്‍സ് ഡേയായി ആചരിക്കാന്‍ മിനിസ്റ്റീരിയല്‍ ഡവലപ്‌മെന്റ് കൗണ്‍സില്‍ തീരുമാനിച്ചു. 2016ല്‍ പുറത്തിറക്കിയ കുട്ടികളുടെ സംരക്ഷണ നിയമമായ വദീമ നിയമത്തിന്റെ ചുവടുപിടിച്ചാണ് നിയമം പ്രാബല്യത്തില്‍ വന്ന മാര്‍ച്ച് 15ന് ഇമറാത്തി കുട്ടികളുടെ ദിനമായി ആചരിക്കുന്നതിന് അധികൃതര്‍ ഉത്തരവിട്ടത്.

ഭാവി തലമുറക്ക് മികച്ച സുരക്ഷയോടെയുള്ള വിദ്യാഭ്യാസമൊരുക്കുകയും മികവാര്‍ന്ന പുരോഗതിക്ക് തടസ്സമാകുന്ന വെല്ലുവിളികളെ നേരിടുന്നതിന് അവരെ പ്രാപ്തരാക്കുകയും ചെയ്യുന്ന വിധത്തില്‍ വാര്‍ത്തെടുക്കുന്നതിനാണ് കുട്ടികള്‍ക്കായി പ്രത്യേക ദിനം ആചരിക്കുന്നത്. യു എ ഇ വിഷന്‍ 2021, യു എ ഇ സെന്റണിയല്‍ 2071 എന്നിവയുടെ ആശയങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരുന്ന വിധത്തിലുള്ളതാണ് പുതിയ കാല്‍വെപ്പ്. അബുദാബിയില്‍ നടന്ന യോഗത്തില്‍ മിനിസ്റ്റീരിയല്‍ കൗണ്‍സില്‍ തീരുമാനത്തിന് യു എ ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അംഗീകാരം നല്‍കി.