ഏകീകൃത നിരക്കില്‍ മൃതദേഹം കൊണ്ടുപോകാന്‍ കടമ്പകളേറെ

Posted on: March 12, 2018 9:43 pm | Last updated: March 12, 2018 at 9:43 pm

ദുബൈ: മൃതദേഹം നാട്ടിലെത്തിക്കാന്‍ തൂക്കിനോക്കി നിരക്ക് നിശ്ചയിക്കുന്നതു ഒഴിവാക്കാന്‍ എയര്‍ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് കാര്‍ഗോ ഏജന്‍സി തത്വത്തില്‍ തീരുമാനിച്ചുവെങ്കിലും ഗള്‍ഫ് വ്യാപകമായി നിലവില്‍ വരാന്‍ സമയമെടുക്കും.
അതേസമയം നിരക്ക് ഏകീകരിക്കുന്നതിനുള്ള ശ്രമം വിജയം കാണുമെന്നാണ് സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. ചില രാജ്യങ്ങളിലെ ഔദ്യോഗിക വിമാനങ്ങള്‍ മൃതദേഹം സൗജന്യമായി കൊണ്ടു പോകുമ്പോള്‍ എയര്‍ ഇന്ത്യയും എക്‌സ്പ്രസും നിരക്ക് ഈടാക്കുന്നു എന്നതാണ് കാതലായ പ്രശ്‌നം. ഇതിനു എയര്‍ ഇന്ത്യ നല്‍കുന്ന വിശദീകരണം ഇങ്ങനെ: ഗള്‍ഫില്‍ നിന്ന് ഏറ്റവും മൃതദേഹങ്ങള്‍ പോകുന്നത് ഇന്ത്യയിലേക്ക്. യു എ ഇ യില്‍ നിന്ന് ഇന്ത്യയിലേക്ക് പ്രതിവര്‍ഷം രണ്ടായിരത്തിലേറെ മൃതദേഹം പോകുന്നു. മറ്റു രാജ്യങ്ങളിലേക്ക് ഇതിന്റെ 10 ശതമാനം പോലും പോകുന്നില്ല. സ്വകാര്യ വിമാനക്കമ്പനികളുമായി താരതമ്യം ചെയ്താല്‍ തുച്ഛമായ നിരക്കാണ് എയര്‍ഇന്ത്യയും എക്‌സ്പ്രസും ഈടാക്കുന്നത്. കേരളത്തിലേക്ക് കിലോക്ക് പതിനാറു മുതല്‍ പതിനെട്ടു വരെ ദിര്‍ഹം മാത്രമേ ഈടാക്കുന്നുള്ളൂ. മുംബൈയിലേക്ക് 10 ദിര്‍ഹം മാത്രമേയുള്ളൂ. അതേസമയം സ്വകാര്യ വിമാനക്കമ്പനികള്‍ 30 ദിര്‍ഹം ഈടാക്കുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കേണ്ട ഉത്തരവാദിത്വം ഗള്‍ഫിലെ സ്‌പോണ്‍സര്‍ക്കാണ്. സൗജന്യമാക്കിയാല്‍ അവര്‍ കൈയൊഴിയും. അതേസമയം അനാഥമൃതദേഹം എയര്‍ ഇന്ത്യ സൗജന്യമായി കൊണ്ടു പോകാറുണ്ട്. മാത്രമല്ല, നടപടിക്രമങ്ങള്‍ കുറവാണ്. സ്വകാര്യ വിമാനക്കമ്പനികള്‍ക്കു ഓരോ മൃതദേഹത്തിനും ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്റെ പ്രത്യേക അനുമതി വേണം. തൂക്കിനോക്കാതെ നിരക്ക് നിശ്ചയിക്കുമ്പോഴും പ്രശ്‌നമാണ്. ഏകീകൃത നിരക്ക് പ്രായോഗികമല്ല. ശരീര ഭാരം തീരെ ഇല്ലാത്തതോ കത്തിക്കരിഞ്ഞതോ ആയ മൃത ദേഹങ്ങള്‍ക്കും കനത്ത ഭാരമുള്ളവക്കും ഒരേ നിരക്ക് നീതിയുക്തമല്ല.
മരിച്ച ആളുടെ പ്രായം, വിമാനം പറക്കുന്ന ദൂരം, ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ അഭിപ്രായം, സീസണ്‍ തുടങ്ങി പല ഘടകങ്ങളും കണക്കിലെടുക്കേണ്ടതുണ്ടെന്ന് എയര്‍ലൈന്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. അടിസ്ഥാനപരമായി മൃതദേഹം, എന്നല്ല ഒന്നും തൂക്കി നോക്കാതെ കാര്‍ഗോ ആയി വിമാനത്തില്‍ കയറ്റാന്‍ പാടില്ലെന്നാണ് രാജ്യാന്തര വ്യോമ ഗതാഗത ഏജന്‍സിയുടെ നിലപാട്. പരിധിയിലധികം ഭാരം വന്നാല്‍ വിമാനം അപകടത്തില്‍പ്പെടാം. ചൂടുകാലത്തു ഇന്ധനം കൂടുതല്‍ നിറക്കുന്നതിനാല്‍ കാര്‍ഗോ കുറക്കാറുണ്ട്. ഒന്നിലധികം മൃതദേഹം ഉണ്ടായാലും പാഴ്‌സലുകള്‍ കുറക്കേണ്ടി വരും. കാര്‍ഗോ ഏജന്‍സിക്കു ഇത്തരം വ്യോമഗതാഗത ചട്ടങ്ങള്‍ കണക്കിലെടുക്കാതെ വയ്യ.
ഇതിനിടയില്‍, പച്ചക്കറിയും മറ്റും തൂക്കി നോക്കുന്നത് പോലെ മൃതദേഹം തൂക്കി നോക്കുന്നതു അനാദരവാണെന്നു എയര്‍ലൈന്‍ അധികൃതരും സമ്മതിക്കുന്നു. പക്ഷേ വേറെ പോംവഴി ഇല്ലെന്നു ചൂണ്ടിക്കാട്ടുന്നു. മൃതദേഹം വെച്ച് ആളാകാന്‍ നോക്കുന്ന ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നു വരുന്നത്. ദുബൈയില്‍ കഴിഞ്ഞ ദിവസം കാര്‍ഗോ ഏജന്‍സി പ്രതിനിധി വിളിച്ചു ചേര്‍ത്ത യോഗം അലങ്കോലമാക്കിയത് ചില യശഃപ്രാര്‍ഥികളാണ്.
ബി ജെ പിയാണ് പ്രധാനമായും പ്രതിക്കൂട്ടില്‍. അബുദാബിയില്‍ നിന്ന് എത്തിയ ആള്‍ ബി ജെ പി യുടെ പ്രാതിനിധ്യം അവകാശപ്പെട്ടു രംഗത്തുവന്നത് ആശയക്കുഴപ്പം ഉണ്ടാക്കി. ഒരു ബി ജെ പി അനുഭാവി സംസാരിച്ചു കൊണ്ടിരിക്കെ ആയിരുന്നു ഇത്. നിസ്വാര്‍ഥരായി പ്രവര്‍ത്തിക്കുന്ന ഏറെ പേരുണ്ടെങ്കിലും ചില സാമൂഹ്യ പ്രവര്‍ത്തകരുടെ അമിതാവേശവും മറ്റൊരു പ്രശ്‌നമാണ്. മൃതദേഹം നാട്ടിലെത്തിക്കാന്‍ സഹായം ചെയ്യുന്നുണ്ടെങ്കിലും എല്ലാം തങ്ങളുടെ തലയില്‍ ആണെന്ന് ഇവര്‍ ധരിക്കുന്നതു മലയാളി സമൂഹത്തിനു നാണക്കേട് വരുത്തിവെക്കുന്നുവെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ദുബൈ, ഷാര്‍ജ, അബുദാബി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു ഗൂഢസംഘം തന്നെ രംഗത്തു വന്നിട്ടുണ്ട്. ദുബൈയില്‍ നിന്നാണ് ഏറ്റവും മൃതദേഹങ്ങള്‍ കൊണ്ടു പോകുന്നത്. കേരളത്തിലേക്ക് പതിനഞ്ച് ശതമാനം മാത്രമേ പോകുന്നുള്ളൂ. എങ്കിലും മലയാളി സാമൂഹിക പ്രവര്‍ത്തകരാണ് ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലേക്കും ശ്രദ്ധചെലുത്തുന്നത്. പക്ഷേ ഈ സാമൂഹിക ദൗത്യത്തില്‍ സ്വാര്‍ഥതയുടെ അംശം കടന്നു വന്നു എന്നതാണ് പുതിയ വിവാദങ്ങള്‍ തെളിയിക്കുന്നത്.

വ്യത്യസ്ത നിരക്ക് ഒഴിവാക്കാനാകില്ല

കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിലേക്കും വടക്കേ ഇന്ത്യയിലേക്കും വ്യത്യസ്ത നിരക്കായിരിക്കുമെന്നു അറേബ്യന്‍ ട്രാവല്‍സ് കാര്‍ഗോ വിഭാഗം മേധാവി ബി കരീം പറഞ്ഞു. ഇരുപത് വയസ്സിന് താഴെയുള്ളവര്‍ക്ക് ഒരു നിരക്കും ശേഷിക്കുന്നവര്‍ക്ക് മറ്റൊരുനിരക്കുമായിരിക്കും. എംബാമിങ് കഴിഞ്ഞ് മൃതദേഹം സൂക്ഷിക്കുന്ന പെട്ടി അടക്കമാണ് തൂക്കുന്നത്. ഇതനുസരിച്ചുള്ള തുകയാണ് എല്ലാ വിമാനക്കമ്പനികളും ഈടാക്കിയിരുന്നത്.
10 മുതല്‍ 15 ദിര്‍ഹംവരെയാണ് ഷാര്‍ജയില്‍ നിന്ന് എയര്‍ അറേബ്യ ഈടാക്കിയിരുന്നത്. എയര്‍ അറേബ്യക്കു പക്ഷേ അധികം സര്‍വീസില്ല. തിരക്കുള്ള സമയങ്ങളില്‍ തുകയില്‍ വ്യത്യാസം വരുകയും ചെയ്യും.
സാധാരണയില്‍ ചുരുങ്ങിയത് 100 കിലോയെങ്കിലും പെട്ടിയടക്കം മൃതദേഹത്തിന് തൂക്കംവരും. കഴിഞ്ഞവര്‍ഷം എയര്‍ ഇന്ത്യവഴി 968 മൃതദേഹങ്ങളാണ് നാട്ടിലേക്ക് കൊണ്ടുപോയത്. ഇതില്‍ 15 ശതമാനം മലയാളികളുടേതായിരുന്നു. എംബാം ചെയ്യുന്നതിനടക്കം ചെലവായ തുക കോണ്‍സുലേറ്റില്‍നിന്ന് ലഭിക്കാന്‍ സാധ്യതയുണ്ട്. മൃതദേഹത്തിന്റെ ഭാരം നോക്കണമെന്നത് വിമാനത്താവള അതോറിറ്റിയുടെ നിബന്ധനയാണ്. അത് അയാട്ടയുടെ നിര്‍ദേശമാണെന്നും കരീം പറഞ്ഞു.