നേപ്പാള്‍ വിമാനപകടം: മരണം 49

22 പേരെ രക്ഷപ്പെടുത്തി
Posted on: March 12, 2018 7:38 pm | Last updated: March 13, 2018 at 9:28 am

കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ യാത്രാവിമാനം തകര്‍ന്ന് 49 പേര്‍ മരിച്ചു. 22 പേരെ രക്ഷപ്പെടുത്തി. ബംഗ്ലാദേശില്‍ നിന്ന് 71 പേരുമായി കാഠ്മണ്ഡു വിമാനത്താവളത്തിലെത്തിയ യു എസ് – ബംഗ്ലാ എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നത്. ലാന്‍ഡിംഗിനിടെ വിമാനത്താവളത്തിന്റെ വേലിയില്‍ തട്ടിയ വിമാനം അഗ്നിക്കിരയാകുകയായിരുന്നു.

വിമാനത്തിന് തീപ്പിടിച്ചതോടെ രക്ഷാപ്രവര്‍ത്തനം അവതാളത്തിലായി. ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ യാത്രക്കാരെയും ജീവനക്കാരെയും പുറത്തെടുത്തത്. 67 യാത്രക്കാരും നാല് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരില്‍ പലരുടെയും നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. 31 പേരുടെ മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് പുറത്തെടുത്തു. 18 പേര്‍ വിവിധ ആശുപത്രികളില്‍ വെച്ചാണ് മരിച്ചത്.

അപകട കാരണം വ്യക്തമായിട്ടില്ല. സംഭവത്തെ കുറിച്ച് അടിയന്തരമായി അന്വേഷണം നടത്തുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഓലി അറിയിച്ചു. വിമാനം ലാന്‍ഡ് ചെയ്യേണ്ടിയിരുന്നത് വിമാനത്താവളത്തിന്റെ തെക്കന്‍ ഭാഗത്തായിരുന്നുവെന്നും എന്നാല്‍ ലാന്‍ഡിംഗ് നടന്നത് വടക്കന്‍ ഭാഗത്താണെന്നും നേപ്പാള്‍ സിവില്‍ ഏവിയേഷന്‍ വിഭാഗം മേധാവി സഞ്ജീവ് ഗൗതം വ്യക്തമാക്കി.

33 നേപ്പാളികളും 32 ബംഗ്ലാദേശികളും ചൈന, മാലദ്വീപ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരാള്‍ വീതവുമായിരുന്നു വിമാനത്തിലുണ്ടായിരുന്നതെന്ന് യു എസ് ബംഗ്ലാ എയര്‍ലൈന്‍ വക്താവ് ഖമറുല്‍ ഇസ്‌ലാം വ്യക്തമാക്കി. സാങ്കേതിക തകരാറാകാം അപകടത്തിന് കാരണമായതെന്നും അന്വേഷണത്തിന് ശേഷമേ ഇതേകുറിച്ച് കൃത്യമായി പറയാനാകൂവെന്നും ബംഗ്ലാദേശ് സിവില്‍ ഏവിയേഷന്‍ മന്ത്രി മഹ്ബൂബുര്‍റഹ്മാന്‍ പറഞ്ഞു.
വിമാനത്തില്‍ നിന്ന് ഭീതിജനകമായ വിധത്തിലാണ് അഗ്നിഗോളങ്ങള്‍ ആകാശത്തിലേക്ക് ഉയര്‍ന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വിമാനത്താവളം കറുത്ത പുകയാല്‍ നിറഞ്ഞിരുന്നു.