എം പി വീരേന്ദ്രകുമാര്‍ രാജ്യസഭാ സ്ഥാനാര്‍ഥിയായി പത്രിക സമര്‍പ്പിച്ചു

Posted on: March 12, 2018 12:55 pm | Last updated: March 12, 2018 at 12:55 pm

തിരുവനന്തപുരം: എം പി വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ നിയമസഭാസെക്രട്ടറിക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയവക്കൊപ്പം എത്തിയാണ് പത്രികസമര്‍പ്പിച്ചത്.

വീരേന്ദ്രകുമാര്‍ രാജിവെച്ചതിനെ തുടര്‍ന്നുണ്ടായ രാജ്യസഭാ സീറ്റ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനതാദളി (യു) നു നല്‍കാന്‍ ഇടതുമുന്നണി നേതൃയോഗം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. യു ഡി എഫ് വിടുന്നതിന്റെ ഭാഗമായാണ് ഐക്യജനാധിപത്യ മുന്നണിയുടെ ടിക്കറ്റില്‍ ലഭിച്ച രാജ്യസഭാ എം പി സ്ഥാനം വീരേന്ദ്രകുമാര്‍ രാജിവെച്ചത്.

എല്‍ ഡി എഫിലേക്ക് വരുന്നതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കവേ ഈ മാസം രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം എല്‍ ഡി എഫ് വിളിച്ച് രാജ്യസഭാസീറ്റില്‍ തീരുമാനമെടുത്തത്.