ആക്രമണ ഭീഷണിയെത്തുടര്‍ന്ന് യാത്രാവിമാനം തകര്‍ക്കാന്‍ ഉത്തരവിട്ടെന്ന് റഷ്യന്‍ പ്രസിഡന്റ്

Posted on: March 12, 2018 10:28 am | Last updated: March 12, 2018 at 11:35 am
SHARE

മോസ്‌കൊ: റഷ്യയില്‍ 2014ല്‍ നടന്ന ശീതകാല ഒളിമ്പിക്‌സിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട ഭീകരര്‍ സഞ്ചരിച്ച യാത്രാ വിമാനം വെടിവെച്ച് തകര്‍ക്കാന്‍ താന്‍ ഉത്തരവിട്ടിരുന്നതായി പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. പുടിന്‍ എന്ന പേരില്‍ ഇന്നലെ പുറത്തുവിട്ട ഡോക്യുമെന്ററിയിലാണ് പ്രസിഡന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സോചി ഒളിമ്പിക്‌സിന്റെ തൊട്ടു മുന്‍പാണ് സുരക്ഷാ ഉദ്യോഗസ്ഥന് ആക്രമണം സംബന്ധിച്ച വിവരം ലഭിക്കുന്നത്. ഉക്രൈനില്‍നിന്നും ഇസ്താംബൂളിലേക്ക് പോവുകയായിരുന്ന വിമാനം ഭീകരര്‍ തട്ടിയെടുത്തുവെന്നും ഇതില്‍ ഒരാളുടെ കൈവശം ബോംബുണ്ടെന്നുമായിരുന്നു വിവരം. 40,000 പേരാണ് ഈ സമയം ഒളിമ്പിക്‌സ് ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നത്. ഭീഷണി സന്ദേശം അറിയിച്ച ഉദ്യോഗസ്ഥനോട് വിമാനം വെടിവെച്ചിടാന്‍ ഉത്തരവിട്ടെന്ന് പുടിന്‍ വാര്‍ത്ത ഏജന്‍സിയോട് പറയുന്നതാണ് ഡോക്യുമെന്ററിയിലുള്ളത്. ഈ സമയം അന്താരാഷ്ട്ര ഒളിമ്പിക്‌സ് കമ്മറ്റി ഉദ്യോഗസ്ഥര്‍ക്കൊപ്പം താനും ഉദ്ഘാടന ചടങ്ങിലായിരുന്നുവെന്നും പുടിന്‍ പറഞ്ഞു. എന്നാല്‍ നിമിഷങ്ങള്‍ക്കകം ലഭിച്ച മറ്റൊരു ഫോണ്‍കോളിലൂടെ ഭീഷണി വ്യാജമാണെന്ന് അറിയുകയായിരുന്നു. വിമാനത്തില്‍ ഒരു യാത്രക്കാരന്‍ മദ്യപിച്ച് ബഹളംവെച്ചതാണ് പ്രശ്‌നമായതെന്നും വിമാനം ഇസ്താംബൂളിലേക്ക് പോയിക്കൊണ്ടിരിക്കുകയാണെന്ന് വിവരം ലഭിച്ചുവെന്നും പുടിന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here