നവമാധ്യമങ്ങളിലെ വ്യാജ സന്ദേശം: ബെഹ്‌റക്ക് വി എസ് കത്ത് നല്‍കി

Posted on: March 12, 2018 9:35 am | Last updated: March 12, 2018 at 9:35 am

തിരുവനന്തപുരം: തന്റേതെന്ന തരത്തില്‍ ഫോട്ടോ സഹിതം നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശത്തിന്റെ ഉറവിടം കണ്ടെത്തി തടയാനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്ക് കത്ത് നല്‍കി.

പിണറായിയുടെ ഭരണം വിലയിരുത്തിയാണ് ചെങ്ങന്നൂരിലെ വോട്ടര്‍മാര്‍ വോട്ട് ചെയ്യുന്നതെങ്കില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി സജി ചെറിയാന് കെട്ടിവെച്ച കാശ് കിട്ടില്ലെന്ന് താന്‍ പറഞ്ഞതായാണ് വാര്‍ത്തയിലുള്ളത്.

മുമ്പും സമാനമായ മറ്റൊരു വ്യാജ പ്രസ്താവന തന്റെ പേരില്‍ പ്രചരിക്കപ്പെട്ടിരുന്നുവെന്നും അത് നിഷേധിച്ചുകൊണ്ട് അന്ന് വാര്‍ത്താക്കുറിപ്പ് നല്‍കിയതാണെന്നും വി എസ് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് വി എസ് പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.