Connect with us

Kerala

സ്വര്‍ണ കള്ളക്കടത്ത്: പിടിക്കപ്പെടുന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കും

Published

|

Last Updated

നെടുമ്പാശ്ശേരി: അനധികൃതസ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി പിടിയിലാകുന്ന പ്രതികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള നടപടികള്‍ കസ്റ്റംസ് ആരംഭിച്ചു. ഇത്തരത്തില്‍ പിടിക്കപ്പെടുന്ന പ്രതികളുടെ പേര് വിവരങ്ങള്‍ റീജ്യനല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ക്ക് കൈമാറാനാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍ കൈമാറേണ്ട പേരുകള്‍ കസ്റ്റംസ് തയ്യാറാക്കി വരികയാണ്. അടുത്ത ദിവസം തന്നെ ഇവ പാസ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്ക് കൈമാറും.

നെടുമ്പാശ്ശേരി, കരിപ്പൂര്‍, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ തുടര്‍ച്ചയായി പിടിക്കപ്പെട്ടവരുടെ പേരുകളാണ് പട്ടികയിലുള്ളത്. നിശ്ചിത അളവില്‍ കൂടുതല്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചവരുടെ പേരുകളാണ് ആദ്യഘട്ടത്തില്‍ കൈമാറുക. കുറഞ്ഞ അളവില്‍ സ്വര്‍ണവുമായി പിടിക്കപ്പെട്ടവരെയും ഒരു തവണ മാത്രം പിടിയിലായവരെയും ഒഴിവാക്കും. ഇതോടൊപ്പം സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് പിടിയിലായി “കോഫെപോസ” ചുമത്തപ്പെട്ട പ്രതികളുടെ പാസ്‌പോര്‍ട്ടുകളും റദ്ദ് ചെയ്യാന്‍ ആവശ്യപ്പെടും. സംസ്ഥാനത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി നടന്ന് വരുന്ന സ്വര്‍ണകടത്ത് തടയാന്‍ ലക്ഷ്യമിട്ടാണ് കസ്റ്റംസ് കൂടുതല്‍ നടപടികളിലേക്ക് നീങ്ങുന്നത്.

സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ ഒരിക്കല്‍ പിടിക്കപ്പെടുന്ന കരിയര്‍മാര്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പാസ്‌പോര്‍ട്ട് കൈപറ്റിയ ശേഷം വീണ്ടും വിദേശത്തു പോയി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നുണ്ട്. ഇത്തരത്തില്‍ ചിലര്‍ പിടിയിലായിരുന്നു. വീണ്ടും സ്വര്‍ണവുമായി വരുമ്പോള്‍ നേരത്തേ പിടിക്കപ്പെട്ട വിമാനത്താവളത്തിലേക്ക് വരാതിരിക്കാനും ഇവര്‍ ശ്രദ്ധിക്കും. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പിടിയിലായവരുടെ ലിസ്റ്റ് മൊത്തമായി പരിഗണിച്ചാണ് പാസ്‌പോര്‍ട്ട് റദ്ദാക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയതിന് അടുത്ത ദിവസം പിടിയിലായ മുഹമ്മദ് അസ്‌ലം എന്നയാള്‍ മുന്‍പ് 15 തവണ സ്വര്‍ണം കടത്തിയതായി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പിടിക്കപ്പെടുന്നവരെ വിശദമായി ചോദ്യം ചെയ്ത് മുമ്പും ഇവര്‍ സ്വര്‍ണകടത്ത് നടത്തി പിടിക്കപ്പെടാതെ രക്ഷപ്പെട്ടതായി വ്യക്തമായാല്‍ അവരെയും പാസ്‌പോര്‍ട്ട് റദ്ദാക്കാനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തും.

---- facebook comment plugin here -----

Latest