തേനിയിലെ കാട്ടുതീ; മരണം ആറായി, പലരുടേയും നില ഗുരുതരം

Posted on: March 12, 2018 12:38 am | Last updated: March 12, 2018 at 9:09 am

തൊടുപുഴ: തമിഴ്‌നാട്ടിലെ തേനി ജില്ലയില്‍ കൊരങ്ങിണി മലയിലുണ്ടായ തീപ്പിടിത്തത്തില്‍ ആറ് പേര്‍ മരിച്ചു. നാല് പേരുടെ നില അതീവ ഗുരുതരം. മീശപ്പുലിമല സന്ദര്‍ശിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ വിനോദസഞ്ചാരികളും കോളജ് വിദ്യാര്‍ഥികളുമടങ്ങിയ സംഘമാണ് കാട്ടുതീയില്‍ അകപ്പെട്ടത്. സേലം, ഈറോഡ് എന്നിവിടങ്ങളിലെ ഐ ടി ഐകളില്‍ നിന്ന് ട്രക്കിംഗ് പരിശീലനത്തിന് എത്തിയ 24 പെണ്‍കുട്ടികളും ചെന്നൈയിലെ സ്വകാര്യ കമ്പനി ജീവനക്കാരായ പന്ത്രണ്ട് പേരുമാണ് വനത്തില്‍ അകപ്പെട്ടതെന്നാണ് വിവരം.

മൂന്നാറില്‍ നിന്ന് ഉദ്ദേശം അറുപത് കിലോമീറ്റര്‍ അകലെ കൊളുക്കുമല തേയില തോട്ടത്തിന്റെയും മീശപ്പുലിമലയുടെയും താഴ്‌വരയിലെ കൊരങ്ങിണി വനത്തിലാണ് സംഭവം. ഇന്നലെ വൈകീട്ട് ആറിനാണ് വിദ്യാര്‍ഥികള്‍ കാട്ടുതീയില്‍ അകപ്പെട്ടതായി അറിയുന്നത്. ഉടന്‍ എസ്റ്റേറ്റിലെ തൊഴിലാളികളും വനം വകുപ്പ് ഉദ്യോഗസ്ഥരും വനത്തിലേക്ക് കുതിച്ചു.

പത്തൊമ്പത് പേരെ രക്ഷപ്പെടുത്തിയെന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. ശേഷിക്കുന്നവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പരുക്കേറ്റവരെ നാട്ടുകാരും വനപാലകരും ചേര്‍ന്ന് ബോഡിനായ്ക്കന്നൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലും തേനി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വിവരം അറിഞ്ഞ് തേനിയില്‍ നിന്ന് അഗ്നിശമനസേനയുടെ നിരവധി യൂനിറ്റുകള്‍ കൊരങ്ങിണി വനമേഖലയിലേക്ക് കുതിച്ചെങ്കിലും വിദ്യാര്‍ഥികള്‍ അകപ്പെട്ട പ്രദേശത്തേക്ക് റോഡ് ഇല്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം അസാധ്യമായി.
കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്റെ നിര്‍ദേശ പ്രകാരം വ്യോമസേനയുടെ രണ്ട് ഹെലിക്കോപ്റ്ററും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

എന്നാല്‍, പ്രദേശത്ത് ഇരുട്ട് ബാധിച്ചതിനാലും വനമേഖലയായതുകൊണ്ടും ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചുള്ള പരിശോധന തുടരാനായില്ല. തേനി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ വനം വകുപ്പ്, പോലീസ്, അഗ്നിശമനസേന, റവന്യൂ ഉദ്യോഗസ്ഥരും നാട്ടുകാരും വനത്തില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.