ക്രിമിനല്‍ കേസുകളില്‍ വിചാരണ നേരിടുന്ന ജനപ്രതിനിധികളില്‍ മുന്നില്‍ ഉത്തര്‍പ്രദേശ്

Posted on: March 12, 2018 9:45 am | Last updated: March 12, 2018 at 12:16 am

ന്യൂഡല്‍ഹി: രാജ്യത്തെ എം പിമാരും എല്‍ എമാരുമായ 1700 ജനപ്രതിനിധികള്‍ ക്രമിനല്‍കേസുകളില്‍ വിചാരണ നേരിടുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. എം പിമാരും എല്‍ എല്‍ മാരുമായ 1700 ജനപ്രതിനിധികളുടെ 3,045 കേസുകള്‍ രാജ്യത്തെ വ്യത്യസ്ത കോടതികളില്‍ കിടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഏറ്റവും കൂടുതല്‍ ഉത്തര്‍ പ്രദേശിലാണെന്നും തമിഴ്‌നാട്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവയാണ് തൊട്ടുപിറകിലുള്ളതെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ആന്ധ്രപ്രദേശ്, തെലങ്കാന, കേരളം എന്നിവിടങ്ങളില്‍ 100ല്‍ കൂടുതല്‍ കേസുകള്‍ വിചാരണ പൂര്‍ത്തിയാകാതെ കിടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ആകെ 771 കേസുകള്‍ക്ക് മാത്രമാണ് തീര്‍പ്പ് കല്‍പ്പിച്ചിട്ടുള്ളത്.

3045 കേസുകള്‍ക്ക് ഇപ്പോഴും തീരുമാനമായിട്ടില്ല. എം പിമാരും എം എല്‍ എമാരും ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകളില്‍ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി അനുവദിക്കണമെന്ന അപേക്ഷയിലാണ് സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.