ഗൗരിലങ്കേഷിന്റെ ഘാതകര്‍ കെ എസ് ഭഗവാനെയും ലക്ഷ്യം വെച്ചു

Posted on: March 12, 2018 9:11 am | Last updated: March 12, 2018 at 12:14 am

ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് വധത്തിന് ശേഷം ഘാതകര്‍ എഴുത്തുകാരനായ കെ എസ് ഭഗവാനെയും വധിക്കാന്‍ ലക്ഷ്യം വെച്ചതായി പ്രത്യേക അന്വേഷണ സംഘത്തിന് നിര്‍ണായക വിവരം ലഭിച്ചു. ഗൗരി ലങ്കേഷ് വധക്കേസില്‍ അറസ്റ്റിലായ ഹിന്ദു ജനജാഗ്രതാ സമിതി പ്രവര്‍ത്തകന്‍ കെ ടി നവീന്‍ കുമാറിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. ഗൗരി ലങ്കേഷിനെ വധിച്ച അതേ സംഘമാണ് കെ എസ് ഭഗവാനെയും വധിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തത്.

ഗൗരിലങ്കേഷ് വധവുമായി ബന്ധപ്പെട്ട് ആറ് മാസത്തിന് ശേഷമാണ് കെ ടി നവീന്‍കുമാറിനെ കഴിഞ്ഞദിവസം എസ് ഐ ടി അറസ്റ്റ് ചെയ്തത്. ബെംഗളൂരു അഡീഷനല്‍ ചീഫ് മെട്രോ പോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്ത ഇയാളെ വിശദമായി ചോദ്യം ചെയ്യാന്‍ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. ഗോവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന്‍ സന്‍സ്തയുമായി നവീന്‍കുമാറിനുള്ള അടുത്ത ബന്ധത്തെക്കുറിച്ച് എസ് ഐ ടിക്ക് വ്യക്തമായ വിവരങ്ങള്‍ ഇതിനകം ലഭിച്ചിട്ടുണ്ട്.

സനാതന്‍സസ്തയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് ഹിന്ദുയുവസേനയും ഹിന്ദുജനജാഗ്രതാ സമിതിയും. ബീജാപൂരിലെ ആയുധക്കടത്തുകാരുമായി ഇയാള്‍ക്ക് ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിച്ചുവരികയാണ്.
ഗൗരി ലങ്കേഷിനെ വധിക്കാനുള്ള ആയുധങ്ങള്‍ കൊലയാളികള്‍ക്ക് കൈമാറിയത് അറസ്റ്റിലായ നവീന്‍ കുമാറാണെന്ന് കണ്ടെത്തിയിരുന്നു. പിസ്റ്റളും വെടിയുണ്ടകളുമായി പിടിയിലായ നവീന്‍ കുമാറിനെ ഉടന്‍ തന്നെ നുണപരിശോധനക്ക് വിധേയമാക്കും. കേസ് കര്‍ണാടക സര്‍ക്കാറിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചിരുന്നു.
നുണപരിശോധന ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് കോടതി അനുമതി നല്‍കിയേക്കും. ഈ മാസം 15ന് ഇക്കാര്യത്തില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കും.