Connect with us

National

തീജ്വാലയായി കര്‍ഷക റാലി: ഇന്ന് സമര സംഗമം

Published

|

Last Updated

അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ നടക്കുന്ന
കര്‍ഷക റാലിയില്‍ നിന്ന്‌

മുംബൈ: കനത്ത ചൂടിനെ അവഗണിച്ച് പോരാട്ടത്തിന്റെ പുതിയ ചരിത്രമെഴുതി കര്‍ഷക റാലി മുംബൈ നഗരത്തിലെത്തി. കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭയുടെ (എ ഐ കെ എസ്) നേതൃത്വത്തില്‍ നടത്തുന്ന റാലിയാണ് ഇന്നലെ വൈകീട്ടോടെ മുംബൈയില്‍ പ്രവേശിച്ചത്. മുപ്പത്തി അയ്യായിരത്തിലധികം വരുന്ന കര്‍ഷകരാണ് ലോംഗ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്. കര്‍ഷകര്‍ ഇന്ന് നിയമസഭ വളയും. അതേസമയം, സര്‍ക്കാര്‍ ഇടപെടലും പരീക്ഷകളും കണക്കിലെടുത്ത് ആസാദ് മൈതാനത്ത് കര്‍ഷകര്‍ സംഗമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതിന് പുറമെ എം എസ് സ്വാമിനാഥന്‍ കമ്മീഷന്‍ ശിപാര്‍ശ നടപ്പാക്കുക, വിവിധ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുക, വനാവകാശ നിയമം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇരുനൂറ് കിലോമീറ്ററോളം കാല്‍നടയായി റാലി നടത്തുന്നത്.

ആരോഗ്യ മന്ത്രി ഗിരീഷ് മഹാജന്‍ സമര സമിതി നേതാക്കളെ കണ്ട് ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് ഉറപ്പ് നല്‍കി. കര്‍ഷക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ മന്ത്രി അഞ്ചംഗ കര്‍ഷക പ്രതിനിധി സംഘത്തെ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍, തീരുമാനത്തില്‍ മാറ്റമില്ലെന്നും ബജറ്റ് സമ്മേളനം നടക്കുന്നതിനിടെ ഇന്ന് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുമെന്നും എ ഐ കെ എസ് നേതാക്കള്‍ അറിയിച്ചു.
റാലിയെ തുടര്‍ന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് ഗതാഗതം നിയന്ത്രിച്ചു. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേ അടച്ചിടും. കനത്ത സുരക്ഷയാണ് നഗരത്തില്‍ ഒരുക്കിയിട്ടുള്ളത്.

റാലിയെ അഭിസംബോധന ചെയ്ത് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ശിവസേന നേതാവ് ആദിത്യ താക്കറെ പറഞ്ഞു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവരാണെങ്കിലും ആവശ്യങ്ങള്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ ശിവസേന കര്‍ഷക റാലിക്ക് പിന്തുണ പ്രഖ്യാപിച്ചത് ബി ജെ പിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ശിവസേനക്ക് പുറമെ കോണ്‍ഗ്രസ്, എന്‍ സി പി, എം എന്‍ എസ്, എ എ പി എന്നീ കക്ഷികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അശോക് ചവാന്‍ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച നാസികിലെ സി ബി എസ് ചൗകില്‍ നിന്നാണ് റാലി ആരംഭിച്ചത്. പന്ത്രണ്ടായിരം പേരാണ് ആദ്യ ദിനം റാലിയിലുണ്ടായിരുന്നത്. പിന്നീട് ഓരോ ദിവസങ്ങളിലും റാലി കടന്നുപോകുന്ന പ്രദേശങ്ങളില്‍ നിന്ന് കര്‍ഷകരും കര്‍ഷ കുടുംബങ്ങളും റാലിയില്‍ പങ്കാളികളാകുകയായിരുന്നു. നിയമസഭയിലേക്ക് നീങ്ങുന്ന റാലി മുംബൈയിലെ ആസാദ് മൈതാനിയില്‍ തടഞ്ഞേക്കും.

Latest