Connect with us

Articles

ഏതു പൊതുബോധമാണ് ഇത്ര എളുപ്പം കീഴടങ്ങുന്നത്?

Published

|

Last Updated

2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കൊണ്ടിരിക്കുന്ന നേരം. സ്ഥിരമായി കണ്ടു സംസാരിക്കാറുള്ള ഉത്തരേന്ത്യന്‍ സുഹൃത്തിനെ അന്നും രാവിലെ കണ്ടുമുട്ടി. ഞാന്‍ ചോദിച്ചു. എന്തായി ഭായീ റിസള്‍ട്ട്?..വാട്‌സപ്പ് സംവിധാനം വ്യാപകമല്ലാതിരുന്ന കാലമായതിനാല്‍ വീട്ടിലെ ടി വിയുടെ മുന്നില്‍ നിന്നും ഓടി വരുന്ന അവനോടു ചോദിക്കുകയായിരിക്കും നല്ലത് എന്ന ധാരണയിലാണ് ചോദിച്ചത്. അവന്റെ മറുപടി കേട്ട് ഞാന്‍ തരിച്ചു പോയി. “ഖേല്‍ അഭി ശുരു നഹി ഹുവാ.. ബാരിഷ് ക വജ്ജഹ്‌സെ റുഖ്‌വാദിയാ…” (കളി തുടങ്ങിയിട്ടില്ല. മഴ കാരണം നിറുത്തി വെച്ചിരിക്കുകയാ). ഞാന്‍ പറഞ്ഞു. ഞാന്‍ താങ്കളോട് അന്വേഷിച്ചത് ഏതെങ്കിലും ക്രിക്കറ്റ് മാച്ചിന്റെ കാര്യമല്ല. താങ്കളുടെ ഡല്‍ഹി ഉള്‍പ്പെടെയുള്ള മുഴുവന്‍ ഇന്ത്യാ രാജ്യവും ഇന്ന് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ പാര്‍ലിമെന്റ് തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചാണ്. അവന്‍ നിരാശയോടെ എന്റെ മുഖത്തു നോക്കി പറഞ്ഞു. “ഞങ്ങള്‍ക്ക് ക്രിക്കറ്റും ബോളിവുഡുമാണ് ഒഴിവു നേരെ വിനോദങ്ങള്‍. രാഷ്ട്രീയം അപൂര്‍വമായി മാത്രമേ ശ്രദ്ധിക്കാറുള്ളൂ. നിങ്ങള്‍ മലയാളികളെപ്പോലെ ഞങ്ങള്‍ വിപ്ലവകാരികള്‍ അല്ല.” രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെയാണ് അദ്ദേഹം വിപ്ലവം എന്നതു കൊണ്ട് ഉദ്ദേശിച്ചത്.

മലയാളിയെ കുറിച്ച് ഒരു ഇതര സംസ്ഥാനക്കാരന്റെ ധാരണ മാത്രമല്ല അത്. സമീപ കാല കേരള ചരിത്രത്തിലൂടെ സഞ്ചരിച്ചാല്‍ മലയാളി സാധിച്ചെടുത്ത സാംസ്‌കാരിക നേട്ടങ്ങളും കലാ സാഹിത്യ മേഖലകളിലെ സാന്നിധ്യവും സാമൂഹ്യ പ്രസക്തമായ ഇടപെടലുകളും മലയാളിക്ക് ചാര്‍ത്തി നല്‍കിയ ഒരു അഭിമാന പട്ടമായി ഈ ധാരണകളെ നമുക്ക് വായിക്കാം.പക്ഷേ, സമീപ കാലങ്ങളില്‍ മലയാളി പൊതുബോധം പങ്കു വെക്കുന്ന ചില ആകുലതകള്‍ പഴയ കാല പ്രതാപങ്ങളെ പോലും മായ്ച്ചു കളയുംവിധം ഭീകര രൂപിയായി സ്വത്വ ബോധത്തിന് നേരെ ദംഷ്ട്രകള്‍ നീട്ടുകയാണ്. എളുപ്പം കീഴടക്കാന്‍ പാകത്തിലേക്കു മലയാളി പൊതുബോധം കോലപ്പെട്ടിരിക്കുന്നുവെന്നു ആരെങ്കിലും വാദിച്ചാല്‍ അവരുടെ മുന്നില്‍ തോല്‍വി സമ്മതിക്കാതെ തരമില്ല. എണ്ണപ്പെട്ട മീഡിയകളാല്‍ നിയന്ത്രിക്കപ്പെട്ടിരുന്ന പൊതു ബോധം, ഇപ്പോള്‍ എണ്ണിയാലൊതുങ്ങാത്ത വ്യക്തിഗത വാര്‍ത്താ വിതരണ സംവിധാനത്തില്‍ ഏതു വിധം വിധേയപ്പെടണം എന്ന ആശയക്കുഴപ്പത്തില്‍ പൊതുബോധ രൂപവത്കരണത്തില്‍ മേലോട്ടും താഴോട്ടും സ്‌ക്രോള്‍ ചെയ്തു സമയം പോക്കുന്നതും നാം കാണുന്നു. പോസിറ്റീവിലൂടെ സഞ്ചരിക്കുകയാണെങ്കില്‍ വലിയ സാമൂഹിക മുന്നേറ്റത്തിന് സാമൂഹിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്താമെന്നും മലയാളി പൊതു ബോധം സ്വത്വപരമായി ഏറെ നിലവാരം പുലര്‍ത്തുമെന്നും മധുവിന്റെ ദാരുണ കൊലപാതകത്തോടനുബന്ധിച്ചു നടന്ന സാമൂഹിക മാധ്യമ ഇടപെടലുകള്‍ നമ്മെ ബോധ്യപ്പെടുത്തി. പക്ഷെ, ഇതൊക്കെയും കേവല ആവേശപ്പോരാട്ടങ്ങള്‍ മാത്രമാണെന്നും സാമൂഹിക പ്രതിബദ്ധതയുടെ നാമ്പുകള്‍ ലവലേശം ഈ ആരവങ്ങളില്‍ ചേര്‍ന്ന് നിന്നിരുന്നില്ലെന്നും ചില സംഭവങ്ങള്‍ നമ്മെ തിരുത്തി തരികയും ചെയ്തു.

ആര്‍ക്കും എപ്പോഴും എങ്ങോട്ടു വേണമെങ്കിലും വഴി തിരിച്ചുവിടാന്‍ പാകത്തില്‍ മലയാളി പൊതു ബോധം തകര്‍ന്നു പോയ ദയനീയ കാഴ്ചയും ഇതിനിടെ നാം കണ്ടു. സാമൂഹിക പ്രതിബദ്ധത നിറവേറ്റിയ അനേകം സമരങ്ങളുടെയും സാമൂഹിക മുന്നേറ്റങ്ങളുടെയും പിന്‍ഗാമികള്‍ ചില പ്രണയ നോട്ടങ്ങളുടെയും തുറിച്ചു നോട്ടങ്ങളുടെയും പിറകെ ഓടി വിളിച്ചു വരുത്തിയ സമയ നഷ്ട്ടങ്ങളുടെ കണക്കുകള്‍ ആളോഹരി വെച്ച് പെരുക്കി കൂട്ടിയാല്‍ രാജ്യത്തിന്റെ ജി ഡി പി യുടെ സ്ഥാന ചലനങ്ങളെ നിയന്ത്രിക്കാന്‍ പാകത്തില്‍ നിര്‍ണായകമായിരുന്നു.ഐക്യ കേരളം രൂപപ്പെടുന്നതിനു മുമ്പുള്ള കേരളീയ പാരമ്പര്യങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന സൗഹൃദാന്തരീക്ഷവും സാമ്രാജ്യത്ത്വ വിരുദ്ധ മനസ്സും സമഗ്ര പഠനങ്ങളിലൂടെ ആഴത്തില്‍ മനസ്സിലാക്കേണ്ടതുണ്ട്.പ്രബുദ്ധത ആവശ്യത്തിലേറെ സ്വായത്തമാക്കിയവരുടെ കാലഘട്ടം എന്ന് ആധുനികതയെ വിശേഷിപ്പിക്കുമ്പോഴും വര്‍ഗീയ ചിന്തകള്‍ ഇടം നേടിയ മനസ്സുകളും സാംസ്‌കാരിക സാമ്രാജ്യത്വത്തിന് കിടപ്പാടം നല്‍കിയ മനോഗതിയും മലയാളി പൊതു ബോധത്തില്‍ ആശ്വാസകരമല്ലാത്ത ദുരന്ത ചിത്രങ്ങള്‍ വരച്ചിടുന്നത് നാം കാണാതെ പോകുന്നു.

പൂര്‍വ കാലത്ത് മലബാറും കൊച്ചിയും തിരുവിതാംകൂറും ഉള്‍പ്പെട്ട കേരളാപ്രദേശങ്ങള്‍ മുഴുക്കെയും അളവുകളില്‍ ഏറ്റക്കുറച്ചില്‍ കാണാമെങ്കിലും വ്യത്യസ്ത കാലഘട്ടങ്ങളിലായി വിവിധ സാമൂഹിക മുന്നേറ്റങ്ങളില്‍ സജീവമായതും പൊതു മനസ്സുകള്‍ ഒന്നിച്ചു ഒപ്പം നിന്നതും ചരിത്രത്തില്‍ധാരാളമായിനമുക്ക് കാണാം.സാമൂഹിക രാഷ്ട്രീയ മേഖലകളില്‍ ഇത്രയൊന്നും ഏകീകരണങ്ങളോ നവ ആശയങ്ങളോ രൂപ പെട്ടിട്ടില്ലാത്ത, അപരിഷ്‌കൃത ഭരണ സംവിധാനങ്ങള്‍ സാമൂഹിക നിയന്ത്രണങ്ങള്‍ നടത്തിയിരുന്ന 16ാം നൂറ്റാണ്ടില്‍ യൂറോപ്പ്യന്‍ അധിനിവേശത്തിനെതിരെ മലബാറിലെ പൊതു ബോധം ക്രിയാത്മകമായി രൂപം കൊണ്ടത് അതിശയത്തോടെ വേണം മനസിലാക്കാന്‍. സാമൂതിരിക്കു വേണ്ടി മഖ്ദൂം ഒരുക്കി നല്‍കിയ മരക്കാര്‍ പടയും ഒപ്പം ചേര്‍ന്ന നായര്‍ സേനയും അധിനിവേശ വിരുദ്ധത കൊഴുപ്പു കൂട്ടിയതും ആബാലവൃദ്ധം ജനങ്ങള്‍ ആവേശത്തോടെ ഈ സമരങ്ങളെ ഏറ്റെടുത്തതും പറങ്കിപ്പടയെ മലബാറില്‍ നിന്നും ഗോവയിലേക്ക് കുടിയേറ്റുന്നതില്‍ പ്രധാന പങ്കു വഹിച്ചു. അതിലുപരി സാമ്രാജ്യത്വ വിരുദ്ധ മനസ്സ് കെടാതെ സൂക്ഷിച്ച പൊതുബോധം ചെറിയ ആവേശമൊന്നുമല്ല സമരക്കാര്‍ക്കു നല്‍കിയത്. സ്വാതന്ത്ര്യ ലബ്ധി വരെയുള്ള മൂന്ന് നാല് നൂറ്റാണ്ടുകള്‍ നിരന്തര പോരാട്ടങ്ങളിലൂടേയും ദേശരക്ഷാ പ്രതിജ്ഞകളിലൂടെയും സ്വത്വ നിര്‍മിതിയില്‍ പൊതുസമൂഹം മികവറിയിച്ചത് ആവേശം നല്‍കിയ പോയകാല വാര്‍ത്താ വിശേഷങ്ങളായിരുന്നു.1857 നു ശേഷം മാത്രമാണ് ഉത്തരേന്ത്യയില്‍ ബ്രിട്ടീഷ് ഭരണ വിരുദ്ധ വികാരം ശക്തിപ്പെട്ടതെങ്കില്‍ മലബാറില്‍ സാമ്രാജ്യത്വം പിടിമുറുക്കിയ ആദ്യ നാളുകളില്‍ തന്നെ കൊളോണിയല്‍ വിരുദ്ധ മനസ്സ് രൂപപ്പെട്ടു കഴിഞ്ഞിരുന്നു. മലബാറില്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളായിരുന്നു പൊതു മണ്ഡലങ്ങളെ സജീവമാക്കിയിരുന്നതെങ്കില്‍ കൊച്ചി തിരുവതാംകൂര്‍ ഭാഗങ്ങളില്‍ തദ്ദേശീയ ഭരണാധികാരികളില്‍ നിന്നുള്ള സാമൂഹിക വേര്‍തിരിവിനെതിരെയും ആരാധനാ സ്വാതന്ത്ര്യങ്ങള്‍ക്കു വേണ്ടിയുമായിരുന്നു പൊതു ബോധമുണര്‍ന്നത്.17 ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ തിരുവിതാംകൂര്‍ ജനത മധുരയില്‍ നിന്നുള്ള നായിക്കന്മാരുടെ ആക്രമണങ്ങള്‍ക്കു ഇരയാവുകയും തങ്ങളുടെ കൃഷിപ്പാടങ്ങള്‍ക്കും വസ്തു വകകള്‍ക്കും ഭീമമായ നഷ്ടം സംഭവിക്കുകയും ചെയ്തു. ജനങ്ങളുടെ ദുരിതം കണ്ടറിഞ്ഞ അന്നത്തെ തിരുവിതാംകൂര്‍ ഭരണാധികാരി രവിവര്‍മ പ്രജകളുടെ കരക്കുടിശ്ശിക 20 വര്‍ഷത്തേക്ക് ഇളവ് ചെയ്തു കൊടുത്തു. പക്ഷേ, അത്യാര്‍ത്തിക്കാരായ ഉദ്യോഗസ്ഥന്മാര്‍ ഈ വിവരം മറച്ചുവെച്ച് നികുതിപിരിവ് തുടര്‍ന്നു. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനത്തിനു രൂപം കൊടുത്തത് 20ാം നൂറ്റാണ്ടില്‍ ആയിരുന്നുവെങ്കില്‍ വേണാട്ടിലെ (തിരുവിതാംകൂര്‍) ജനങ്ങള്‍ 16ാം നൂറ്റാണ്ടില്‍ തന്നെ രാജാവിനെതിരെ നിസ്സഹകരണ പ്രസ്ഥാനം ആരംഭിക്കുകയും രാജാവിനെ സേവിക്കുന്നത് പോലും രാജ്യദ്രോഹമാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.

ഉദ്യോഗസ്ഥര്‍ക്ക് നേരെ രാജാവിന്റെ ഭാഗത്തു നിന്നും നടപടി വരുന്നത് വരെ ഈ സമരാവേശം പൊതു ബോധങ്ങളില്‍ സജീവമായി നില നിറുത്താന്‍ ഇത്രയൊന്നും പ്രബുദ്ധത അവകാശപ്പെടാനില്ലാത്ത പതിനാറാം നൂറ്റാണ്ടിലും മലയാളീ സമൂഹത്തിനു കഴിഞ്ഞിരുന്നു.18ാം നൂറ്റാണ്ടില്‍ ആദിത്യ വര്‍മയുടെ കാലഘട്ടത്തിലും ഇതേ പ്രകാരം പൊതു ജനങ്ങളുടെ പ്രതിഷേധച്ചൂടിനു രാജാവ് വിധേയനായി. ദേവസ്വം ഭൂമികളില്‍ കൃഷി ഇറക്കുന്നതിനുള്ള അനുമതി പാട്ടക്കാര്‍ക്ക് പിന്‍വലിച്ചതായിരുന്നു കാരണം. നൊടിയിടകൊണ്ടായിരുന്നു സമൂഹത്തിന്റെ പൊതു ബോധമുണര്‍ന്നതും രാജാവിനെതിരെ സമര മാര്‍ഗങ്ങള്‍ സ്വീകരിച്ചതും. ഇതേ വര്‍ഷത്തില്‍ തന്നെയാണ് തങ്ങളുടെ അവകാശങ്ങളെ ധ്വംസിച്ചു കൊണ്ട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നടത്തിയ കൈയേറ്റങ്ങളെ തിരുവിതാംകൂര്‍ ജനത ചെറുത്തു നിന്നതും ആറ്റിങ്ങല്‍ കലാപം എന്ന് പ്രശസ്തമായ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തില്‍ 140 വെള്ളക്കാര്‍ പോരാളികളുടെ കൈകളാല്‍ വധിക്കപ്പെട്ടതും.വിധേയത്ത സംസ്‌കാരം കൂടുതല്‍ പ്രകടമായിരുന്നു എന്ന് നാം കരുതിപ്പോന്നിരുന്ന ഭൂതകാലഘട്ടത്തില്‍ നിന്നും പ്രബുദ്ധത കൈവരിച്ചു എന്ന് ഘോഷിക്കുന്ന സമകാലിക ചുറ്റുപാടുകളിലേക്കു സഞ്ചരിക്കുമ്പോള്‍ വിധേയപ്പെടലുകളുടെ പൊതു ബോധങ്ങള്‍ നമ്മെ ലജ്ജാപൂര്‍വം ആശ്ചര്യപ്പെടുത്തുന്നുണ്ട്.മലയാളിയുടെ പൊതു ബോധങ്ങളില്‍ എന്ത് നിറഞ്ഞു നില്‍ക്കണമെന്നും മലയാളി എന്തിനെ കുറിച്ച് ആശങ്കപ്പെടണമെന്നും കുത്തക മാധ്യങ്ങള്‍ തീരുമാനമെടുക്കുന്ന അവസ്ഥകള്‍ ഏതു പ്രബുദ്ധതയാണ് വിളിച്ചറിയിക്കുന്നത്?കോര്‍പ്പറേറ്റ് ഭീമന്മാര്‍ പൊതു ഖജനാവ് കട്ടുമുടിച്ചു വിദേശങ്ങളില്‍ സുഖവാസം നടത്തുകയും രാജ്യത്തിന്റെ ഭരണാധികാരി പൊതു ഖജനാവിലെ പണം ഉപയോഗപ്പെടുത്തി ഇടക്കിടെ അവരെ സന്ദര്‍ശിച്ചു സുഖവിവരങ്ങള്‍ അന്വേഷിച്ചു തിരിച്ചെത്തുകയും ചെയ്യുമ്പോള്‍ നമ്മുടെ പ്രബുദ്ധത കൗമാരക്കാരിയുടെ പുരികത്തിനു ചുറ്റും ബഫറിംങ് നടത്തുകയായിരുന്നു. മനുഷ്യാവകാശ ധ്വംസനങ്ങളിലൂടെ അനേകായിരങ്ങള്‍ സിറിയയില്‍ പിടഞ്ഞു മരിക്കുമ്പോള്‍ നമ്മുടെ ക്യാമറകണ്ണുകളും പൊതുബോധവും മാറ് തുറന്നു പിടിച്ചു പൊതു ഇടത്തിലിരുന്നു കുഞ്ഞിന് മുലയൂട്ടുന്ന അമ്മയുടെ അവകാശ സംരക്ഷണങ്ങളെ കുറിച്ച് വാചാലമാകുന്നു.

ആഴത്തിലുള്ള വായനകള്‍ക്കും പഠനങ്ങള്‍ക്കും സാമൂഹിക മാധ്യമങ്ങള്‍ വലിയ വിഘാതം നില്‍ക്കുകയാണ്. ഉപരിതല വായനകള്‍ നല്‍കുന്ന ആത്മരതിയില്‍ വായനാ ലോകത്തെ തളച്ചിട്ടു ആധുനിക സ്വത്വ രൂപവത്കരണത്തെ ചെറിയ തലങ്ങളില്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. വൈജ്ഞാനിക മേഖലകളിലേക്ക് ഇന്റര്‍നെറ്റും നവ സാമൂഹിക മാധ്യമങ്ങളും തുറന്നിടുന്ന ലോകം അതി വിശാലമാണെങ്കിലും ഇച്ഛാശക്തി പരീക്ഷണ വേളയില്‍ ഭൂരിഭാഗം പേരും പരാജയപ്പെട്ടു പുറത്തു പോകുന്നു. മൃദുല വികാരങ്ങളെ തൊട്ടുണര്‍ത്തുന്ന ലിങ്കുകളും ഓഡിയോ വീഡിയോ ക്ലിപ്പുകളും വിശാലമായ വൈജ്ഞാനിക ലോകത്തേക്ക് പ്രവേശിക്കുന്നതിന് ഭൂരിഭാഗം പേര്‍ക്കും തടസ്സമായി നില്‍ക്കുകയാണിന്ന്.സാമൂഹിക പ്രസക്തമല്ലാത്ത വിഷയങ്ങള്‍ കൊണ്ട് മലയാളി പൊതു ബോധത്തെ എങ്ങിനെ നിയന്ത്രിക്കാമെന്നും സ്വത്വ രൂപീകരണത്തില്‍ മലയാളിയെ എങ്ങനെയെല്ലാം ദുര്‍ബലനാക്കാമെന്നും കഴിഞ്ഞ കുറെ നാളത്തെ വാര്‍ത്താവിശേഷങ്ങളിലൂടെ പലരും മനസ്സിലാക്കിയിട്ടുണ്ട്. എഴുന്നേറ്റ് നില്‍ക്കാന്‍ കഴിയാത്ത വിധം പ്രബുദ്ധതയെ തളച്ചിടാന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുകയാകും വിദ്വാന്മാര്‍.