കൊള്ളപ്പലിശക്കാര്‍ വീണ്ടും സജീവം

Posted on: March 12, 2018 7:17 am | Last updated: March 11, 2018 at 11:19 pm
SHARE

ബ്ലേഡ് മാഫിയയുടെ വേരുകള്‍ സംസ്ഥാനത്ത് വീണ്ടും ആഴത്തില്‍ വേരൂന്നിയതിന്റെ സൂചനകളാണ് കൊച്ചിയില്‍ ശനിയാഴ്ച നടന്ന അറസ്റ്റും പിടിയിലായവരില്‍ നിന്ന് ലഭ്യമായ വിവരങ്ങളും. തമിഴ്‌നാട് കേന്ദ്രീകരിച്ചുള്ള കൊള്ളപ്പലിശ സംഘത്തിലെ മൂന്ന് പേരെയാണ് സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ ടി ഡി അസോസിയേറ്റ്‌സ് ഉടമ മഹാരാജ് ആണ് തലവനെന്നും 500 കോടി രൂപ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്തുവെന്നുമാണ് പ്രതികള്‍ മൊഴി നല്‍കിയത്. കൊച്ചിയും തിരുവനന്തപുരവും കേന്ദ്രീകരിച്ച് വലിയ ബിസിനസ് ഗ്രൂപ്പുകള്‍ക്ക് പണം നല്‍കുന്ന ഇവരില്‍ നിന്ന് അഞ്ച് കോടി രൂപയുടെ പ്രോമിസറി നോട്ടുകളും അനുബന്ധ രേഖകളും സംസ്ഥാന വ്യാപകമായി നടത്തിയ പണിമിടപാടുകളുടെ രേഖകളും പിടിച്ചെടുത്തിട്ടുമുണ്ട്. ഒരു കോടിക്ക് 20 ലക്ഷം രൂപ വരെയാണ് ഇവര്‍ പലിശ ഈടാക്കുന്നത്. സംഘത്തില്‍ നിന്ന് പണം വാങ്ങി കെണിയില്‍ അകപ്പെട്ട ഫിലിപ്പ് ജേക്കബ് എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ രഹസ്യ നീക്കങ്ങളിലാണ് സംഘം പിടിയിലായത്.

ഇത്തരം കൊള്ളപ്പലിശ സംഘങ്ങള്‍ സംസ്ഥാനത്താകെ ചുറ്റിക്കറങ്ങുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്തെ ‘ഓപ്പറേഷന്‍ കുബേര’യെ തുടര്‍ന്ന് താത്കാലികമായി ഉള്‍വലിഞ്ഞ സംഘങ്ങള്‍ പോലീസ് നടപടി നിലച്ചതോടെയാണ് വീണ്ടും സജീവമായത്. നോട്ട് നിരോധം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി ഇവര്‍ക്ക് കൂടുതല്‍ സഹായകമാവുകയും ചെയ്തു. നഗരങ്ങളില്‍ ബിസിനസ് ഗ്രൂപ്പുകളെ ലക്ഷ്യമിട്ടാണ് ബ്ലേഡ് മാഫിയകള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഗ്രാമങ്ങളില്‍ പാവപ്പെട്ടവരെയും ചെറുകിട കച്ചവടക്കാരുമാണ് ഏറെയും വലയില്‍ പെടുന്നത്. 1000 രൂപ ഒരാള്‍ക്ക് നല്‍കുമ്പോള്‍ 10 ദിവസം കൊണ്ട് 1250 രൂപ തിരിച്ചു കിട്ടുന്ന രീതിയിലാണ് ഇടപാട്. ഒരിക്കല്‍ വലയില്‍ അകപ്പെട്ടാല്‍ പിന്നീട് അതില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ പ്രയാസമാണ്. പണം വാങ്ങിയാല്‍ പലിശയും കൂട്ടുപലിശയുമായി വാങ്ങിയ തുകയുടെ ഇരട്ടി മടക്കി നല്‍കിയാലും കടം തീരാത്ത വിധം ചതിക്കുഴികള്‍ നിറഞ്ഞതായിരിക്കും ഇടപാടുകള്‍.
വായ്പ നല്‍കുന്ന പണത്തിന് ഈടായി വീടിന്റെയും വസ്തുക്കളുടെയും പ്രമാണങ്ങളാണ് ചില സംഘങ്ങള്‍ വാങ്ങുന്നത്. പണവും പലിശയും തീര്‍ത്തടച്ചാലും പ്രമാണങ്ങള്‍ തിരികെ കൊടുക്കാറില്ല. അതുവെച്ചു പിന്നെയും ഇടപാടുകാരെ ചൂഷണം ചെയ്യും. മാത്രമല്ല, ഇറക്കിവിട്ടു വീട്ടുകാരെ വഴിയാധാരമാക്കുകയും ചെയ്യും.

ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ചാണ് പണപ്പിരിവ് നടത്തുന്നത്. കൊല്ലം അഞ്ചലില്‍ പലിശപ്പണം നല്‍കാന്‍ വൈകിയതിന് 90 വയസ്സുള്ള വൃദ്ധയും 14ഉം ആറും വയസ്സുള്ള മക്കളുമടങ്ങുന്ന അഞ്ചംഗ കുടുംബത്തെ വീട്ടില്‍ നിന്ന് ഇറക്കി വിടുകയും വരാന്തയില്‍ തങ്ങിയതിന് ഇറങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തത് മൂന്ന് മാസം മുമ്പാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ കുടുംബത്തിന് പോലീസ് സംരക്ഷണം നല്‍കിക്കൊണ്ടിരിക്കെയായിരുന്നു സംഘത്തിന്റെ ആക്രമണം. കൊച്ചിയില്‍ ശനിയാഴ്ച അറസ്റ്റിലായ സംഘത്തില്‍ നിന്ന് കടമെടുത്ത ഫിലിപ്പ് ജേക്കബ് സംഖ്യയും പലിശയും തിരിച്ചടച്ച ശേഷവും ശല്യപ്പെടുത്തുകയും വാഹനം തട്ടിയെടുക്കുകയും ചെയ്തപ്പോഴാണല്ലോ പരാതി നല്‍കിയത്. ബ്ലാങ്ക് ചെക്കുകള്‍ വാങ്ങി കള്ളക്കേസുകള്‍ ഉണ്ടാക്കിയും ഇവര്‍ ഭീമമായ തുക കൈപ്പറ്റാറുണ്ട്. കേസിന്റെ നൂലാമാലകളില്‍ പെടുന്നതിന്റെ പ്രയാസം മനസ്സിലാക്കി നഷ്ടം സഹിച്ചും ഇടപാടുകാര്‍ വീണ്ടും തുകയും പലിശയും നല്‍കിക്കൊണ്ടിരിക്കും. ബ്ലേഡ് മാഫിയയുടെ ഭീഷണിള്‍ ജപ്തി ഭീഷണി മൂലമുള്ള ആത്മഹത്യകളും റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. കഴിഞ്ഞ ജൂലൈയില്‍ ആറാട്ടുപുഴ കൂട്ടില്‍ തെക്കതില്‍ രാധാമണിയും, ആഗസ്തില്‍ ആലപ്പുഴ ചേര്‍ത്തല തിരുനെല്ലൂര്‍ സ്വദേശി അജിതും ആത്മഹത്യ ചെയ്തത് കൊള്ളപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്നായിരുന്നു.
കൊള്ളപ്പലിശ നിയന്ത്രിക്കാന്‍ രാജ്യത്ത് നിയമങ്ങളുണ്ട്. 1958ലെ ‘കേരള പണം കടം കൊടുപ്പുകാര്‍ നിയമ’പ്രകാരം വാണിജ്യ ബേങ്കുകളെക്കാള്‍ കൂടുതലായി പരമാവധി രണ്ട് ശതമാനം പലിശയേ കടം കൊടുക്കുന്നവര്‍ ഈടാക്കാന്‍ പാടുള്ളൂ. കൂടുതലായി വാങ്ങുന്നവര്‍ മൂന്നു വര്‍ഷം തടവിനും 50,000 രൂപ വരെ പിഴയൊടുക്കാനും അര്‍ഹരാണ്. നാല് മുതല്‍ 13 ശതമാനം വരെയാണ് അംഗീകൃത ബേങ്കുകള്‍ ഈടാക്കുന്ന വാര്‍ഷിക പലിശ. ബ്ലേഡുകാര്‍ ഈടാക്കുന്നതാകട്ടെ പത്ത് ശതമാനം ദിവസപ്പലിശയും 15 മുതല്‍ 25 ശതമാനം വരെ മാസാന്ത പലിശയും. വര്‍ഷങ്ങളായി സംസ്ഥാനത്തെ നഗര,ഗ്രാമാന്തരങ്ങളില്‍ കൊള്ളപ്പലിശക്കാര്‍ യഥേഷ്ടം വിലസിയിട്ടും എത്ര പേര്‍ നിയമ നടപടികള്‍ക്ക് വിധേയമായിട്ടുണ്ട് സംസ്ഥാനത്ത്. നിലവിലുള്ള നിയമങ്ങള്‍ പ്രയോഗിക്കാന്‍ അധികൃതര്‍ സന്നദ്ധമായാല്‍ തന്നെ നിയന്ത്രിക്കാവുന്നതേയുള്ളൂ കൊള്ളപ്പലിശക്കാരെ. എന്നാല്‍, മിക്ക ബ്ലേഡ്മാഫിയകളും ഉന്നത രാഷ്ട്രീയക്കാരുമായും പോലീസ് ഉദ്യോഗസ്ഥരുമായും ബന്ധമുള്ളവരാണ്. ഈ ബന്ധത്തിന്റെ മറവിലാണ് ഇവര്‍ നിര്‍ഭയം പ്രവര്‍ത്തിക്കുന്നത്. കൊല്ലത്തെ അഞ്ചംഗ കുടുംബത്തെ ബലംപ്രയോഗിച്ചു ഇറക്കിവിട്ട കൊള്ളപ്പലിശക്കാരനെ ഗുണ്ടാ നിയമപ്രാകാരം നേരത്തെ പോലീസ് അറസ്റ്റ് ചെയ്തു നാട് കടത്തിയിരുന്നതാണ്. കൊല്ലം ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് ഉത്തരവുമുണ്ടായിരുന്നു. പിന്നെയും മിക്ക ദിവസങ്ങളിലും ഇയാള്‍ കൊല്ലം ജില്ലയിലായിരുന്നുവന്ന് മാത്രമല്ല സ്വന്തം വീട്ടില്‍ തന്നെയുണ്ടാ യിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പോലീസ് അറിയാതെയല്ല, നാട്ടുകാര്‍ പരാതിപ്പെടാതെയുമല്ല. ഉദ്യോഗസ്ഥരുമായുള്ള അവിശുദ്ധ ബന്ധം അദ്ദേഹത്തിന് തുണയാവുകയായിരുന്നു. നിയമത്തെ നോക്കുകുത്തിയാക്കുന്ന നിയമ പാലകരെ നിയന്ത്രിച്ചെങ്കിലേ കൊള്ളപ്പലിശക്കെതിരായ നീക്കങ്ങള്‍ ഫലവത്താകൂ.