Connect with us

International

21 ദിവസത്തിനിടെ 1099 മരണം: ഗൗതയില്‍ വീണ്ടും രാസായുധാക്രമണം

Published

|

Last Updated

ദമസ്‌കസ്: സിറിയയിലെ കിഴക്കന്‍ ഗൗതയില്‍ സൈന്യം വീണ്ടും രാസായുധ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രി കിഴക്കന്‍ ഗൗതയിലെ ഇര്‍ബിന്‍ നഗരത്തിലാണ് സൈന്യം രാസായുധം പ്രയോഗിച്ചതെന്ന് മാധ്യമങ്ങളെ ഉദ്ദരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇര്‍ബിന്‍ നഗരത്തില്‍ ക്ലോറിന്‍ ഗ്യാസ്, ഫോസ്ഫറസ് ബോംബുകള്‍ എന്നിവ പ്രയോഗിച്ചതായി സിറിയയിലെ സന്നദ്ധ സംഘടന വൈറ്റ് ഹെല്‍മെറ്റും വെളിപ്പെടുത്തിയിട്ടുണ്ട്.

ദിവസങ്ങള്‍ക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് സിറിയന്‍ സൈന്യം വിമതര്‍ക്ക് നേരെ രാസായുധം പ്രയോഗിക്കുന്നത്. നഗരത്തിന് മേല്‍ സിറിയന്‍ സൈന്യം ഫോസ്ഫറസ് ബോംബുകള്‍ വര്‍ഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇര്‍ബിന്‍ നഗരത്തോട് ചേര്‍ന്നുകിടക്കുന്ന ഹമൗരിയ്യ പട്ടണവാസികള്‍ സാമൂഹികമാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിപ്പിച്ചിട്ടുണ്ട്. ഫോസ്ഫറസ് ബോംബുകള്‍ വര്‍ഷിച്ചതിന് ശേഷം പട്ടണത്തിലെ നിരവധി പേര്‍ ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ രാസായുധം പ്രയോഗിച്ചതായുള്ള വാര്‍ത്തകള്‍ സിറിയന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഫൈസല്‍ മിഖ്ദാദ് നിഷേധിച്ചിട്ടുണ്ട്. ഈ പ്രദേശം ഇപ്പോള്‍ ഭീകരവാദികളുടെ നിയന്ത്രണത്തിലാണെന്നും ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നവരെല്ലാം അനുഭവിക്കേണ്ടിവരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഒരിടവേളക്ക് ശേഷം ഗൗതയില്‍ സിറിയന്‍ സൈന്യവും വിമതരും തമ്മിലുള്ള ആക്രമണം രൂക്ഷമായതോടെ മരണ സംഖ്യയും ഉയര്‍ന്നു. കഴിഞ്ഞ 21 ദിവസത്തിനുള്ളില്‍ മരിച്ചവരുടെ എണ്ണം 1099 ആയി. മരിച്ചവരില്‍ 227 പേര്‍ കുട്ടികളാണെന്നും 154 സ്ത്രീകളുണ്ടെന്നും സിറിയയിലെ മനുഷ്യാവകാശ നിരീക്ഷണ സംഘടനകള്‍ അറിയിച്ചു. മൊത്തം 4,378 പേര്‍ക്ക് ആക്രമണങ്ങളില്‍ പരുക്കേറ്റിട്ടുണ്ട്. നിരന്തരമായി തുടരുന്ന ബോംബ് വര്‍ഷം മൂലം സാധാരണക്കാര്‍ പള്ളികളിലും അണ്ടര്‍ഗ്രൗണ്ടുകളിലും തിങ്ങിത്താമസിക്കുകയാണ്. ഈ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയും സിറിയന്‍ സൈന്യം ആക്രമണം നടത്തുന്നുണ്ടെന്ന് സന്നദ്ധ സംഘടനകള്‍ ആരോപിച്ചു.

2013 മുതല്‍ കിഴക്കന്‍ ഗൗത സിറിയന്‍ വിമതരുടെ കൈവശമാണ്. പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ അധികാരത്തില്‍ നിന്ന് നീക്കം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വിമതര്‍ പോരാട്ടം നടത്തുന്നത്. എന്നാല്‍ 2015ല്‍ സിറിയന്‍ സൈന്യത്തോടൊപ്പം റഷ്യയും ചേര്‍ന്നതോടെ വിമതരുടെ നിയന്ത്രണത്തിലുണ്ടായിരുന്ന നിരവധി പ്രദേശങ്ങള്‍ സൈന്യം തിരിച്ചുപിടിച്ചു. എന്നാല്‍ കിഴക്കന്‍ ഗൗതയില്‍ വിമതര്‍ ശക്തമായി പിടിച്ചുനില്‍ക്കുകയായിരുന്നു. ഇതുവരെ ഈ പ്രദേശത്തിന്റെ പകുതിയിലധികം ഭാഗം സൈന്യം നിയന്ത്രണത്തിലാക്കിയിട്ടുണ്ട്.