ജി എസ് ടി ചവറ്റ്‌കൊട്ടയില്‍ എറിയണം: കമല്‍ഹാസന്‍

Posted on: March 11, 2018 11:46 pm | Last updated: March 11, 2018 at 11:46 pm

ഈറോഡ്: ഏകീകൃത ചരക്ക് സേവന നികുതി ചവറ്റുകൊട്ടയില്‍ എറിയേണ്ട ആശയമാണെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ ഹാസന്‍. ജനങ്ങളെ ബുദ്ധിമുട്ടിലാഴ്ത്തുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകരുത്. ജനങ്ങളുടെ ക്ഷേമമായിരിക്കണം ആത്യന്തിക ലക്ഷ്യം. തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമെന്താണെന്ന ചോദ്യത്തിന് ഏറ്റവും ചെറിയ ഉത്തരം ജനങ്ങളുടെ ക്ഷേമമെന്നാണ്- ഈറോഡില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരണം മുന്നോട്ട് വെച്ച ശേഷം രണ്ടാമത്തെ പര്യടനവുമായി ഈറോഡിലെത്തിയതായിരുന്നു കമല്‍. തന്നോടൊപ്പം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്തിയ രജനീകാന്ത് ജനപ്രിയമായ ഇടപെടലുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിലാണ് കമലിന്റെ രണ്ടാം ജനസമ്പര്‍ക്ക യാത്ര. ഇത്തരമൊരു യാത്രക്ക് പിറകേയാണ് കമല്‍ ഹാസന്‍

മധുരയില്‍ വെച്ച് പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ നിരോധിക്കാനുള്ള തീരുമാനം ശരിയായിരുന്നു. പക്ഷേ, അത് നടപ്പാക്കിയ രീതി ശരിയായില്ല.
പാര്‍ട്ടി പ്രഖ്യാപിച്ചപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ആദ്യദിനങ്ങളില്‍ കിട്ടിയ പിന്തുണ പിന്നീട് ലഭിച്ചില്ല. ഇത്‌കൊണ്ടു കൂടിയാണ് കമല്‍ ഒരിക്കല്‍ കൂടി പര്യടനത്തിന് ഇറങ്ങുന്നത്. ഈറോഡ് ജില്ലയില്‍ 13 ഇടങ്ങളിലാണ് കമല്‍ ജനങ്ങളെ കാണുന്നത്.