അറ്റുപോയ കാല്‍പാദം തലയിണയാക്കിയ സംഭവം: യു പി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

Posted on: March 11, 2018 11:44 pm | Last updated: March 12, 2018 at 12:44 am

ലക്‌നോ: യു പിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ യുവാവിന്റെ അറ്റുപോയ കാല്‍പ്പാദം തലയിണക്ക് പകരം വെച്ചതില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ ശിക്ഷാ നടപടിയുമായി അധികൃതര്‍. മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞതോടെ ഝാന്‍സിയിലെ മഹാറാണി ലക്ഷ്മിഭായി മെഡിക്കല്‍ കോളജ് അധികൃതര്‍ നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരമാണ് സസ്‌പെന്‍ഷന്‍.
സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിച്ചതായി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സാധനാ കൗശിക് അറിയിച്ചു.

ശനിയാഴ്ചയാണ് സംഭവം. ഘനശ്യാം എന്ന യുവാവിനെ റോഡപകടത്തില്‍ പരുക്ക് പറ്റിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ബസാണ് അപകടത്തില്‍ പെട്ടത്. ബസില്‍ ക്ലീനറായിരുന്ന ഘനശ്യാമിന്റെ കാല്‍പാദം അപകടത്തില്‍ അറ്റുപോയി. വേര്‍പെട്ടുപോയ വലതു കാല്‍ പാദമാണ് തലയുയര്‍ത്തി വെക്കാനായി തലയിണക്ക് പകരം വെച്ചത്. ഇത് ബന്ധുക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ആശുപത്രിയില്‍ ബഹളമായി. ഇതിനിടെ ചിലര്‍ രംഗം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.
രണ്ട് ഡോക്ടര്‍മാരെയും രണ്ട് നഴ്‌സുമാരെയുമാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. അപകടത്തില്‍ പരുക്ക് പറ്റിയെത്തിയ യുവാവിന് ഉടന്‍ ചികിത്സ ലഭ്യമാക്കിയിരുന്നുവെന്ന് സാധനാ കൗശിക് പറഞ്ഞു.

തലയുയര്‍ത്തിവെക്കാന്‍ എന്തെങ്കിലുമൊന്ന് തിരഞ്ഞ ഡോക്ടര്‍ കാല്‍പ്പാദമെടുത്ത് വെച്ചത് ഗുരുതര വീഴ്ച തന്നെയാണ്. സര്‍ജറി വിഭാഗം മേധാവി ഡോ. രാജീവ് സിന്‍ഹ അധ്യക്ഷനായ സമിതി വിശദമായി അന്വേഷിക്കും. കര്‍ശനമായ നടപടിയിലേക്ക് നീങ്ങുമെന്നും അവര്‍ പറഞ്ഞു. ഗൊരഖ്പൂരിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ കുഞ്ഞുങ്ങള്‍ മരിച്ചത് യു പി സര്‍ക്കാറിന് വലിയ നാണക്കേടായിരുന്നു. ഇതിന് പിറകേ സംസ്ഥാനത്തെ ആശുപത്രികളുടെ ശോച്യാവസ്ഥ വെളിവാക്കുന്ന നിരവധി വാര്‍ത്തകള്‍ വന്നു. യു പി തലസ്ഥാനമായ ലക്‌നോവില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള നഗരമാണ് ഝാന്‍സി. ഇവിടെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളജാണ് മഹാറാണി ലക്ഷ്മി ഭായി മെഡിക്കല്‍ കോളജ്.