മൃതദേഹം കൊണ്ടുപോകാന്‍ ഏകീകൃത നിരക്ക്; പ്രവാസികള്‍ക്ക് ആശ്വാസം

Posted on: March 11, 2018 10:54 pm | Last updated: March 11, 2018 at 10:54 pm

ദുബൈ: യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം നാട്ടിലെത്തിക്കാന്‍ ഏകീകൃത നിരക്ക് നിശ്ചയിച്ചുകൊണ്ടുള്ള എയര്‍ ഇന്ത്യ തീരുമാനത്തെ പ്രവാസി സമൂഹം സ്വാഗതം ചെയ്തു. മൃതദേഹം തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്നത് നേരത്തെ വലിയ പരാതിക്ക് ഇടനല്‍കിയിരുന്നു.
പ്രവാസ ലോകത്തെയും നാട്ടിലെയും വിവിധ സംഘടനകളും സാമൂഹ്യ പ്രവര്‍ത്തകരും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ പലവട്ടം ആവശ്യമുന്നയിച്ചു. ഇന്ത്യയിലെ എല്ലാ നഗരങ്ങളിലേക്കും ഇനി ഒരേ നിരക്ക് ആയിരിക്കും ഈടാക്കുക. എയര്‍ഇന്ത്യക്ക് പിന്നാലെ കൂടുതല്‍ വിമാന കമ്പനികളും ഇതേ പാത പിന്‍തുടരുമെന്ന സൂചനയും പ്രവാസികള്‍ക്ക് ആശ്വാസമായിട്ടുണ്ട്.