റൂട്ട് 2020 തുരങ്ക നിര്‍മാണം 50 ശതമാനം പൂര്‍ത്തീകരിച്ചു

Posted on: March 11, 2018 10:49 pm | Last updated: March 11, 2018 at 10:49 pm
ആര്‍ ടി എ ചെയര്‍മാനും ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായര്‍ റൂട്ട് 2020 നിര്‍മാണ പുരോഗതി വിലയിരുത്തുന്നു

ദുബൈ: എക്‌സ്‌പോ 2020 വേദിക്കരികിലേക്ക് നിര്‍മാണം പുരോഗമിക്കുന്ന റൂട്ട് 2020യുടെതുരങ്ക പാതക്കുള്ള ഡ്രില്ലിംഗ് ജോലികള്‍ പകുതിയോളം പൂര്‍ത്തീകരിച്ചുവെന്ന് അധികൃതര്‍. കഴിഞ്ഞ ദിവസം ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട് അതോറിറ്റി അധികൃതര്‍ അറിയിച്ചതാണിക്കാര്യം. 3.2 കിലോ മീറ്ററിലുള്ള ടണല്‍ 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റൂട്ട് 2020യുടെ ഭാഗമാണ്. അല്‍ ഫുര്‍ജാന്‍ മുതല്‍ ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക് ഏരിയ വരെ 12 മുതല്‍ 36 മീറ്റര്‍ വരെ ആഴത്തിലാണ് പാതക്കായി തുരങ്ക നിര്‍മാണം നടക്കുന്നത്.

ദുബൈയിലെ ഏറ്റവും തിരക്കേറിയതും കെട്ടിടങ്ങളുടെ സാന്ദ്രത കൂടിയ ഇടങ്ങളായ ഡിസ്‌കവറി ഗാര്‍ഡന്‍, ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ് എന്നിവിടങ്ങളിലൂടെയാണ് ടണല്‍ കൂടുതലായും കടന്ന് പോകുന്നത്.
നഖീല്‍ ഹാര്‍ബര്‍, ടവേഴ്‌സ് സ്റ്റേഷന്‍ എന്നിവയിലേക്കാണ് തുരങ്ക പാത ബന്ധിപ്പിക്കുക.

കഴിഞ്ഞ ദിവസം, നിര്‍മാണ പുരോഗതികള്‍ വീക്ഷിച്ച ആര്‍ ടി എ ചെയര്‍മാനും ഡയറക്ടര്‍ ജനറല്‍ മതാര്‍ അല്‍ തായര്‍ തുരങ്ക നിര്‍മാണ പ്രവര്‍ത്തികള്‍ ഈ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ പൂര്‍ത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് തുരങ്ക നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. അല്‍ ഫുര്‍ജാനില്‍ നിന്നാരംഭിച്ച തുരങ്ക നിര്‍മാണം ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ് സ്റ്റേഷന്‍ പരിസരത്തു കഴിഞ്ഞ മാസം എത്തിയിരുന്നു. പുതിയ പാതയോട് ചേര്‍ന്ന് നിര്‍മിക്കുന്ന സ്റ്റേഷനുകളുടെ പ്രവര്‍ത്തനം 42 ശതമാനത്തോളം പൂര്‍ത്തീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.