Connect with us

Kerala

തുഷാര്‍ വെള്ളാപ്പള്ളിക്ക് സീറ്റില്ല; വി മുരളീധരന്‍ രാജ്യസഭയിലേക്ക്‌

Published

|

Last Updated

തിരുവനന്തപുരം: ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം വി മുരളീധരനെ രാജ്യസഭാംഗമാക്കാന്‍ തീരുമാനം. മഹാരാഷ്ട്രയില്‍ നിന്നാണ് വി മുരളീധരന്‍ രാജ്യസഭയിലേക്കെത്തുക. തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് വേണമെന്ന ബി ഡി ജെ എസിന്റെ ആവശ്യത്തില്‍ ഇത്തവണയും തീരുമാനമായില്ല. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്ന മാറ്റങ്ങള്‍ക്കാണ് ബി ജെ പി നേതൃത്വം ആലോചിച്ചത്.

മുന്‍ സംസ്ഥാന അധ്യക്ഷനും കോര്‍ കമ്മിറ്റി അംഗവുമായ വി മുരളീധരനെ രാജ്യസഭയിലെത്തിക്കുന്നത് ഇതിന്റെ ഭാഗമായാണ്. എന്‍ ഡി എ കേന്ദ്രത്തില്‍ ഭരണത്തിലേറിയ ശേഷം കേരളത്തില്‍ നിന്നുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് പരിഗണന ലഭിച്ചില്ലെന്ന വിമര്‍ശം മറികടക്കുക എന്നതു കൂടിയാണ് വി മുരളീധരന്റെ സ്ഥാനാര്‍ഥിത്വത്തിന് പിന്നില്‍. തുഷാര്‍ വെള്ളാപ്പള്ളിയെ രാജ്യസഭാംഗമാക്കണമെന്ന ബി ഡി ജെ എസിന്റെ ആവശ്യത്തില്‍ ഇതുവരെ ബി ജെ പി അനുകൂല തീരുമാനമെടുത്തിട്ടില്ല. ബി ഡി ജെ എസിന്റെ ഭീഷണി മറികടക്കാന്‍ കൂടിയാണ് ഇതേ സമുദായക്കാരനായ വി മുരളീധരനെ പരിഗണിച്ചതെന്ന വിലയിരുത്തലും സംസ്ഥാന നേതാക്കള്‍ക്കുണ്ട്. ബി ഡി ജെ എസിനെ അകറ്റിനിര്‍ത്തുന്നത് എന്‍ ഡി എക്ക് ക്ഷീണമാകും.

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് വി മുരളീധരന്റെ സ്ഥാനാര്‍ഥിത്വത്തിനു കാരണമായി ബി ജെ പി സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. തുഷാര്‍ വെള്ളാപ്പള്ളിക്ക് രാജ്യസഭാ സീറ്റ് നല്‍കുന്നതിനെതിരെ ബി ജെ പി സംസ്ഥാന ഘടകത്തില്‍ നിലനിന്ന അതൃപ്തിയെ തുടര്‍ന്നാണ് പുതിയ നീക്കം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പോലും അവഗണിച്ച് പദവികള്‍ വീതം വെക്കുന്നതിനെതിരെ ഒരു വിഭാഗം നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. വാഗ്ദാനം ചെയ്ത പദവികള്‍ നല്‍കിയില്ലെങ്കില്‍ മുന്നണിവിടുമെന്ന് ബി ഡി ജെ എസും വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് എം പിമാരെയും ഒരു കേന്ദ്ര മന്ത്രിയെയും കേരളത്തിന് നല്‍കിയെങ്കിലും പാര്‍ട്ടിയിലെ സജീവ നേതാക്കളെ അവഗണിച്ചതാണ് പ്രധാന പ്രശ്‌നം. തുഷാര്‍ വെള്ളാപ്പള്ളിക്ക് എം പി സ്ഥാനം നല്‍കിയാല്‍ പാര്‍ട്ടി വിടുമെന്ന ഭീഷണിയും ചില നേതാക്കള്‍ ഉയര്‍ത്തിയിരുന്നു.

വാഗ്ദാനം ചെയ്ത പദവികള്‍ ഇനിയും നല്‍കിയിട്ടില്ലെങ്കില്‍ മുന്നണി വിടാനുള്ള തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ബി ഡി ജെ എസ്. ബുധനാഴ്ച നടക്കുന്ന സംസ്ഥാന നേതൃയോഗത്തില്‍ മുന്നണി ബന്ധം പുനഃപരിശോധിക്കുമെന്നും ബി ഡി ജെ എസ് നേതൃത്വം അറിയിച്ചിട്ടുണ്ട്.
രാജ്യസഭയിലേക്കുള്ള പതിനെട്ട് സ്ഥാനാര്‍ഥികളുടെ പട്ടികയാണ് ബി ജെ പി ദേശീയ തിരഞ്ഞെടുപ്പ് കമ്മിറ്റി ഇന്നലെ പുറത്തുവിട്ടത്. എന്‍ ഡി എ വൈസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ കര്‍ണാടകയില്‍ നിന്ന് വീണ്ടും മത്സരിക്കും. ജി വി എല്‍ നരസിംഹ റാവു ഉത്തര്‍പ്രദേശില്‍ നിന്നും നാരായണന്‍ റാണെ മഹാരാഷ്ട്രയില്‍ നിന്നും രാജ്യസഭയിലേക്ക് മത്സരിക്കുന്നുണ്ട്.

Latest