യുപി ഉപതിരഞ്ഞെടുപ്പ്: ഗോരഖ്പുരില്‍ 43 ശതമാനവും ഫുല്‍പുരില്‍ 38 ശതമാനവും പോളിംഗ്

Posted on: March 11, 2018 8:43 pm | Last updated: March 11, 2018 at 8:43 pm

ലക്‌നോ: ഉത്തര്‍പ്രദേശില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന ഗോരഖ്പുരില്‍ 43 ശതമാനവും ഫുല്‍പുരില്‍ 38 ശതമാനവും പോൡഗ് രേഖപ്പെടുത്തി. രണ്ട് മണ്ഡലങ്ങളിലും ബി.ജെ.പിയും സമാജ്‌വാദി പാര്‍ട്ടിയും തമ്മിലാണ് മത്സരം. കോണ്‍ഗ്രസും മായാവതിയുടെ ബി.എസ്.പിയും സമാജ്‌വാദി പാര്‍ട്ടിക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്. 14നാണ് വോട്ടെണ്ണല്‍.

യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ എന്നിവര്‍ രാജിവെച്ച സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. യോഗി ആദിത്യനാഥ് അഞ്ച് തവണ പ്രതിനിധാനം ചെയ്ത മണ്ഡലമാണ് ഗോരഖ്പുര്‍. സംസ്ഥാനത്ത് ഒരു വര്‍ഷം തികക്കുന്ന യോഗി സര്‍ക്കാരിന് തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. കേന്ദ്ര ഭരണത്തെക്കാളേറെ സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലാവും തിരഞ്ഞെടുപ്പ്.

രാജസ്ഥാനിലും മധ്യപ്രദേശിലും നേരത്തെ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി പരാജയം നേരിട്ടിരുന്നു. ബി ജെ പിക്ക് വലിയ ഭൂരിപക്ഷത്തോടെ വിജയിക്കാനാകുമെന്ന് തന്റെ തട്ടകമായ ഗോരഖ്പുരില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ യോഗി ആദിത്യനാഥ് പറഞ്ഞു.