രണ്ടാം തവണയും മത്സരിക്കുമെന്ന് ട്രംപ്

അടുത്ത തിരഞ്ഞെടുപ്പിലെ മുദ്രാവാക്യം കീപ് അമേരിക്ക ഗ്രേറ്റ് എന്നായിരിക്കുമെന്നും ട്രംപ്
Posted on: March 11, 2018 7:03 pm | Last updated: March 11, 2018 at 9:09 pm

വാഷിംഗ്ടണ്‍: രണ്ടു വര്‍ഷത്തിനു ശേഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 2020ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞടുപ്പ് പ്രചരണത്തിലെ തന്റെ മുദ്രാവാക്യം ‘കീപ് അമേരിക്ക ഗ്രേറ്റ്’ എന്നതായിരിക്കുമെന്നും ട്രംപ് പറഞ്ഞു.
താനൊരിക്കല്‍ കൂടി മത്സരിക്കുകയാണെങ്കില്‍ അമേരിക്കയെ വീണ്ടും മഹത്തരമാക്കും’ എന്ന മുദ്രാവാക്യം ഉപയോഗിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. പെന്‍സില്‍വാനിയയില്‍ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത തവണ മത്സരിക്കുകയാണെങ്കില്‍ അമേരിക്കയെ മഹത്തരമാക്കും എന്ന തന്റെ മുന്‍കാല മുദ്രാവാക്യം ഉപയോഗിക്കില്ല എന്നാണ്. അമേരിക്കയെ മഹത്തരമാക്കുന്ന കാര്യങ്ങള്‍ തങ്ങള്‍ ഇപ്പോള്‍ ചെയ്യുന്നുണ്ട്. മികച്ച പുരോഗതിയാണ് രാജ്യം കൈവരിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് മഹത്തരമാക്കുമെന്ന മുദ്രാവാക്യത്തിന് പ്രസക്തിയില്ല, പകരം അമേരിക്കയെ മഹത്തരമാക്കി നിലനിര്‍ത്തുക എന്നതാവണം മുദ്രാവാക്യം. ട്രംപ് പറഞ്ഞു.

രാജ്യത്തെ സാമ്പത്തികസ്ഥിതി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. തൊഴിലുകളെല്ലാം തിരികെ വരുന്നു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് 30 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചവെന്നും ട്രംപ് പറഞ്ഞു.

2020ല്‍ ടെലിവിഷന്‍ താരം ഓപ്ര വിന്‍ഫ്രിയുമായി മത്സരിക്കാനാണ് ആഗ്രഹം. അവരുടെ ദൗര്‍ബല്യങ്ങളെല്ലാം തനിക്കറിയാം. തനിക്കെതിരെ മത്സരിക്കുകയാണെങ്കില്‍ ഓപ്രിക്കത് ഏറ്റവും ദുഃഖകരമായ സംഭവമായിരിക്കുമെന്നും ട്രപ് കൂട്ടിച്ചേര്‍ത്തു.