Connect with us

Editorial

ഡി എം ആര്‍ സി പിന്‍വാങ്ങുമ്പോള്‍

Published

|

Last Updated

ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്നുള്ള ഡി എം ആര്‍ സിയുടെ പിന്മാറ്റവുമായി ബന്ധപ്പെട്ട വിവാദം തുടരുകയാണ്. സര്‍ക്കാറിന്റെ നിസ്സഹകരണം കൊണ്ടാണ് പിന്മാറ്റമെന്നു ഡി എം ആര്‍ സിയുടെ മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ പറയുമ്പോള്‍, കരാര്‍ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചിട്ടില്ല. സാമ്പത്തിക പ്രതിസന്ധിയാണ് വിചാരിച്ച പോലെ പദ്ധതി മുന്നോട്ട് കൊണ്ടു പോകാന്‍ തടസ്സം. പദ്ധതിക്ക് കേന്ദ്രാനുമതി കൂടി ലഭിക്കേണ്ടതുമുണ്ട്. ഇല്ലെങ്കില്‍ കേന്ദ്രത്തിന്റെ വിഹിതമായ 1278 കോടി രൂപ കൂടി സംസ്ഥാനം കണ്ടെത്തേണ്ടി വരും. ഇന്നത്തെ നിലയില്‍ സംസ്ഥാനത്തിന് ഇത് താങ്ങാനാകില്ലെന്നും മുഖ്യമന്ത്രി വിശദീകരിക്കുന്നു. കേന്ദ്രാനുമതി ലഭിച്ചാലും ഇല്ലെങ്കിലും മേല്‍പ്പാലം നിര്‍മിക്കാനും ഇതിന്റെ ഭാഗമായി ദര്‍ഘാസ് നടപടികളുമായി മുന്നോട്ടുപോകാനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡി എം ആര്‍ സിയെ ഒഴിവാക്കി ആഗോള ടെന്‍ഡര്‍ വിളിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും ഇതിന് പിന്നില്‍ അഴിമതിയുണ്ടെന്നുമാണ് പ്രതിപക്ഷം ആരോപിക്കുന്നത്.
2010 ഒക്‌ടോബറിലാണ് പദ്ധതി രൂപരേഖക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. തുടക്കം മുതലേ വിവാദങ്ങളിലും തര്‍ക്കങ്ങളിലും പെട്ടു ഇഴഞ്ഞു നീങ്ങുകയാണ് പദ്ധതി. 2015ല്‍ യു ഡി എഫ് സര്‍ക്കാര്‍ കാലത്തുമുണ്ടായിരുന്നു പദ്ധതികളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഡി എം ആര്‍ സിയെ ഒഴിവാക്കാന്‍ നീക്കം നടക്കുന്നതായി ആരോപണം. പദ്ധതി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്നതായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ, വിശിഷ്യാ അന്നത്തെ ധനവകുപ്പിന്റെ അഭിപ്രായം. സ്വകാര്യ പങ്കാളിത്തം വേണ്ടെന്ന് ശ്രീധരനും ശഠിച്ചു. ഈ തര്‍ക്കത്തില്‍ തട്ടി ചര്‍ച്ചകള്‍ പലതവണ വഴിമുട്ടി. ശ്രീധരനെ ഒഴിവാക്കാനാണ് അഭിപ്രായ ഭിന്നത നീട്ടിക്കൊണ്ടു പോകുന്നതെന്ന് ആരോപിക്കപ്പെട്ടു. പദ്ധതി പ്രവര്‍ത്തനങ്ങളില്‍ കൈക്കൂലിയും കമ്മീഷനും കൈപ്പറ്റി ശീലിച്ച ഒരു പറ്റം ഉദ്യോഗസ്ഥ പ്രമുഖന്മാരായിരുന്നു ഡി എം ആര്‍ സിയെ തഴയാന്‍ ചരടു വലി നടത്തിയത്. ഇക്കാര്യം വിശദമാക്കി ശ്രീധരന്‍ തന്നെ അന്ന് ഉമ്മന്‍ചാണ്ടിക്ക് കത്തെഴുതി. വി എം സുധീരനുള്‍പ്പെടെയുള്ള നേതാക്കളും മാധ്യമങ്ങളും ശ്രീധരന് പിന്തുണയുമായി രംഗത്തു വന്നതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥ തലത്തിലെ എതിര്‍പ്പുകള്‍ മറികടന്ന് ഡി എം ആര്‍ സി യെ തന്നെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ അന്ന് നിര്‍ബന്ധിതമായത്. കൊച്ചി മെട്രോയുടെ ചുമതലയില്‍ നിന്ന് ശ്രീധരനെ ഒഴിവാക്കാനും ശ്രമം നടന്നതാണ്. ഒരു പ്രമുഖ ഐ എ എസ് ഉദ്യോഗസ്ഥന്‍ ഇതുസംബന്ധിച്ചു നടത്തിയ രഹസ്യ നീക്കങ്ങള്‍ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടിയതോടെയാണ് ആ നീക്കം പൊളിഞ്ഞത്.

തിരുവനന്തപുരം കോഴിക്കോട് നഗരങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി എട്ട് വര്‍ഷം മുമ്പ് ആവിഷ്‌കരിച്ചതാണ് ലൈറ്റ് മെട്രോ പദ്ധതികള്‍. മെട്രോ സര്‍വീസായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഇത്‌സംബന്ധിച്ചു പഠനം നടത്തിയ ഡി എം ആര്‍ സി മെട്രോ രണ്ടിടങ്ങളിലും ലാഭകരമല്ലെന്നും ലൈറ്റ് മെട്രോയാണ് ഗുണകരമെന്നും റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് അതിലേക്ക് മാറിയത്. മെട്രോക്ക് അന്നത്തെ കണക്കനുസരിച്ച് ഒരു കി. മീറ്റര്‍ നിര്‍മാണത്തിനുള്ള ചെലവ് 220 കോടിയാണ്. ലൈറ്റ് മെട്രോക്ക് 156 കോടിയും. തിരുവനന്തപുരത്ത് കരമന മുതല്‍ ടെക്‌നോ സിറ്റി വരെ 21. 82 കി. മീറ്ററും കോഴിക്കോട് മെഡിക്കല്‍ കോളജ് മുതല്‍ മീഞ്ചന്ത വരെ 13.30 കി. മീറ്ററുമാണ് പാതകള്‍ വിഭാവനം ചെയ്യുന്നത്. ഡി എം ആര്‍ സിയുടെ അന്നത്തെ റിപ്പോര്‍ട്ട് പ്രകാരം തിരുവനന്തപുരം പദ്ധതിക്ക് 4219 കോടിയും കോഴിക്കോടിന് 2509 കോടിയും ചെലവ് വരും.

ഡി എം ആര്‍ സിയും സര്‍ക്കാറുമായി പലതരത്തിലുള്ള ഭിന്നതകളുണ്ടെങ്കിലും പദ്ധതിക്കു വേണ്ടിയുള്ള മേല്‍പ്പാല നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിന്മാറ്റത്തിന് കാരണമായ ഏറ്റവുമൊടുവിലത്തെ സംഭവമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിര്‍മാണത്തിന്റെ ചുമതല ഡി എം ആര്‍ സിക്കു നല്‍കി 2016 സെപ്തംബറില്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, കരാര്‍ ഒപ്പിട്ടില്ല. ഇതടിസ്ഥാനത്തില്‍ പ്രാഥമിക ജോലികളുമായി ഡി എം ആര്‍ സി മുന്നോട്ടുപോകുകയും മേല്‍പ്പാലങ്ങളുടെ രൂപരേഖ തയ്യാറാക്കി കേരള റാപ്പിഡ് ട്രാന്‍സിറ്റ് കോര്‍പറേഷന്‍ ലിമിറ്റഡിന് (കെ ആര്‍ സി എല്‍) കൈമാറുകയുമുണ്ടായി. പിന്നീട് 2017 ഡിസംബറില്‍ ചേര്‍ന്ന കെ ആര്‍ സി എല്‍ ബോര്‍ഡ് യോഗത്തില്‍ മേല്‍പ്പാല നിര്‍മാണച്ചുമതല ഡി എം ആര്‍ സി യെ ഒഴിവാക്കി ദര്‍ഘാസ് വിളിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് നേരത്തേയുള്ള ഉത്തരവിന് വിരുദ്ധമാണെന്നും ഡി എം ആര്‍ സി യുമായി കരാറുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് ഇ ശ്രീധരന്‍ സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു. ഫെബ്രുവരി 15നകം മറുപടി നല്‍കണമെന്നും ഇല്ലെങ്കില്‍ പദ്ധതിയില്‍ നിന്ന് പിന്മാറുമെന്നും കത്തിലുണ്ട്. കത്തിന് സര്‍ക്കാര്‍ മറുപടി നല്‍കിയില്ല.
പദ്ധതി ഉപേക്ഷിക്കില്ലെന്നും ഇതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി തറപ്പിച്ചു പറയുന്നുണ്ടെങ്കിലും ഡി എം ആര്‍ സിയെ കൈവിട്ടാല്‍ സ്വകാര്യ ഏജന്‍സികളെ ആശ്രയിക്കേണ്ടി വരും സര്‍ക്കാറിന്. ഇതോടെനിര്‍മാണച്ചെലവും യാത്രാനിരക്കും ഉയരും. ഡി എം ആര്‍ സി നിര്‍മിക്കുകയാണെങ്കില്‍ ബസ് ചാര്‍ജിന് ഇരട്ടി നിരക്ക് ഏര്‍പ്പെടുത്തിയാല്‍ മതിയാകുമെന്നാണ് ശ്രീധരന്റെ കണക്കു കൂട്ടല്‍. സ്വകാര്യ ഏജന്‍സികളാണെങ്കില്‍ നിരക്ക് അവിടെയൊന്നും നില്‍ക്കില്ല. ഇതോടെ യാത്രക്കാര്‍ കുറയുകയും സര്‍വീസ് ഗണ്യമായി നഷ്ടത്തിലാവുകയും ചെയ്യും. മെട്രോ പദ്ധതിയുമായി ബന്ധപ്പെട്ട വിദഗ്ധരില്ലാതെ നിര്‍മിക്കുന്ന മേല്‍പാലങ്ങള്‍ എത്രത്തോളം സുരക്ഷിതമായിരിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഡി എം ആര്‍ സിയെ ഒഴിവാക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ പുനരാലോചന നടത്തേണ്ടതുണ്ട്.