Connect with us

Articles

വഖ്ഫ് അദാലത്തുകള്‍ അനിവാര്യം

Published

|

Last Updated

സംസ്ഥാന വഖ്ഫ് മന്ത്രി കെ ടി ജലീല്‍ ഇരുവിഭാഗം സുന്നി നേതാക്കളെയും ഒന്നിച്ചിരുത്തി വഖ്ഫ് സ്വത്തുക്കളുടെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും ഉപസമിതിയെ നിയമിക്കുകയും ചെയ്തത് സ്വാഗതാര്‍ഹമാണ്. പൂര്‍വീകര്‍ അവരുടെ പരലോക മോക്ഷം ലക്ഷ്യമാക്കിയാണ് വിലപ്പെട്ട സ്വത്തുക്കള്‍ വഖ്ഫാക്കിയത്. മസ്ജിദുകള്‍, മദ്‌റസകള്‍, മറ്റു ധര്‍മസ്ഥാപനങ്ങള്‍, ഖുര്‍ആന്‍ പാരായണത്തിന്, ഖബര്‍സ്ഥാന്‍ തുടങ്ങി വിവിധ മാര്‍ഗങ്ങളിലായി വഖ്ഫാക്കപ്പെടാറുണ്ട്. സുന്നികളിലെ പിളര്‍പ്പിന് ശേഷം പ്രസ്തുത വഖ്ഫുകളുടെ നടത്തിപ്പിലും കൈകാര്യങ്ങളിലും വിഭാഗീയത പ്രകടമാവുകയും സ്തംഭനാവസ്ഥ നേരിടുകയും ചെയ്തു. തന്മൂലം പൂര്‍വീകരായ വാഖിഫുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാതെ ചിലതെല്ലാം നശിച്ചുകൊണ്ടിരിക്കുകയോ നിര്‍ജീവമായിക്കൊണ്ടിരിക്കുകയോ ആണ്. കോടതി ഉത്തരവുകള്‍ മറികടന്ന് പോലും വഖ്ഫ് സ്വത്തുക്കളില്‍ അധികാര പ്രയോഗവും മറ്റും നടത്തുന്നുണ്ട്. ഈ തര്‍ക്കത്തിന്റെ ഭാഗമായി പള്ളി നിര്‍മാണത്തിനും വഖ്ഫ് രജിസ്‌ട്രേഷനും മറ്റും ഒബ്ജക്ഷന്‍ കൊടുക്കുന്നുമുണ്ട്. ആശയാദര്‍ശ പൊരുത്തമുള്ള ആളുകളില്‍ കാണുന്ന വിഭാഗീയതയും അധികാര ശൈലിയും ഇല്ലാതാക്കാന്‍ ഈ അദാലത്തിലൂടെ സാധ്യമാകും എന്ന് പ്രതീക്ഷിക്കാം.
സമുദായത്തിലെ മറ്റുള്ളവര്‍ക്ക് വഖ്ഫ് സ്വത്തുക്കള്‍ കുറവായതിനാലും ഉള്ളതിന്റെ രേഖകള്‍ ശരിപ്പെടുത്തി അവര്‍ നില ഭദ്രമാക്കിയതിനാലും അവരില്‍ കൂടുതല്‍ തര്‍ക്കങ്ങള്‍ പ്രകടമാകുന്നില്ല. മഹല്ലുകളിലെ മുതവല്ലി, സെക്രട്ടറി തുടങ്ങിയ ഭാരവാഹികള്‍ മഹല്ല് വാസികള്‍ക്ക് പക്ഷമോ വിഭാഗമോ വ്യക്തിത്വമോ പരിഗണിക്കാതെ നിരുപാധികം ചെയ്തുകൊടുക്കേണ്ടതായ പലകാര്യങ്ങളും ഉണ്ട്. വിവാഹ സര്‍ട്ടിഫിക്കറ്റ്, നിക്കാഹ്, വിവാഹമോചന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ മഹല്ലില്‍ അംഗത്വമെടുത്ത എല്ലാവര്‍ക്കും മഹല്ലിന്റെ ഉത്തരവാദിത്തപ്പെട്ടവര്‍ നല്‍കിയിരിക്കേണ്ടതാണ്.
ബാലുശ്ശേരി പനങ്ങാട് പഞ്ചായത്തില്‍ മങ്കയം വില്ലേജില്‍ യോജിച്ചും സംയുക്തമായും നടത്തിവന്നിരുന്ന ജുമുഅത്ത് പള്ളി പഴകി വീഴാറായ അവസ്ഥയില്‍ പുനര്‍നിര്‍മിക്കാന്‍ തീരുമാനിക്കുകയും പൊളിച്ചു കഴിഞ്ഞശേഷം പെര്‍മിഷന്‍ വാങ്ങിയില്ലെന്ന ഒബ്ജക്ഷന്‍ പരാതി കാരണം സ്റ്റോപ്പ് മെമ്മോ നല്‍കിയതിനാല്‍ ആറുവര്‍ഷമായി മഴയും വെയിലുംകൊണ്ട് പൊളിച്ച വഖ്ഫ് സ്വത്തുക്കളുടെ അവശിഷ്ടങ്ങള്‍ നശിച്ചുകൊണ്ടിരിക്കുകയുമാണ്. അറിവില്ലായ്മകൊണ്ട് സംഭവിച്ച പെര്‍മിഷന്‍ പ്രശ്‌നം പരിഹാരമാക്കി സ്വത്തുക്കളെ നാശത്തില്‍നിന്ന് സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്.
മാവൂര്‍ ചെറൂപ്പ സ്‌കൂളിനടുത്തുള്ള ഒരു വഖ്ഫ് ഭൂമി കെട്ടിടം വഖ്ഫാധാരത്തില്‍ പള്ളി എന്നു ചേര്‍ത്തു പോയതിന്റെ പേരില്‍ പഞ്ചായത്ത് ഓഫീസില്‍ നിന്ന് അനുവാദം കിട്ടാത്തതിന്റെ പേരില്‍ എട്ടു വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുകയാണ്.
ബോര്‍ഡിലും ന്യൂനപക്ഷ കമ്മീഷനിലും പരാതി നല്‍കിയെങ്കിലും അതൊന്നും ഫലപ്രദമാകാതെ ഒരു തിരുത്താധാരം പള്ളി എന്നത് മാറ്റി എഴുതാന്‍ പെര്‍മിഷന് അപേക്ഷിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ആ പള്ളി എട്ട് വര്‍ഷമായി ഉപയോഗശൂന്യമായി കിടക്കുകയാണ്
വഖ്ഫ് ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത സംഘത്തിന്റെ കീഴില്‍ ആണ് ആ കെട്ടിടം നിലകൊള്ളുന്നത്. വഖ്ഫുകള്‍ക്ക് മേല്‍നോട്ടം വഹിക്കുക, പരാതികളുടെ പരിശോധനയും തീര്‍പ്പും ഉണ്ടാക്കുക എന്ന പ്രധാന കാര്യങ്ങള്‍ ഉത്തരവാദിത്തപ്പെട്ടവര്‍ നിര്‍വഹിക്കേണ്ടിയിരിക്കുന്നു.
ഇപ്രകാരം കുന്ദമംഗലം മാക്കൂട്ടം പറമ്പ് ജുമുഅത്ത് പള്ളി (3506/2000) പിലാശ്ശേരി (ഒഎസ് 50/2017-ഒഎസ് 479/2017), വെണ്ണക്കോട് തടത്തുമ്മല്‍ നിസ്‌കാരപള്ളി (2222/17), പാലാഴി (ഡബ്ല്യു/സി/15212), എരവന്നൂര്‍ (ഒഎസ് 39/17), മാവൂര്‍ പനങ്ങോട് (ഇ3/5378/2005), വെള്ളിപറമ്പ് (133/2012), പെരുമണ്ണ പനച്ചിങ്ങല്‍ (ഒഎസ് 12/2017), പേരാമ്പ്ര കരുമാറത്ത് മുബാറക് പള്ളി (830/2013), ( ഒഎസ് 55/2016), ചാത്തമംഗലം ചിത്താരി പിലാക്കല്‍ മസ്ജിദു സുബ്ഹാന്‍ (എ3/1103/2005), ഇയ്യാട് ജുമുഅത്ത് പള്ളി ഖബറിസ്ഥാന്‍ കേസ്, കൂടരഞ്ഞി കാരാമൂല ജുമുഅത്ത് പള്ളി, മുറമ്പാത്തി ജുമുഅത്ത് പള്ളി(6627/ആര്‍എ), മലപ്പുറം ജില്ലയില്‍ നിലമ്പൂര്‍ ചെട്ടിയില്‍ ശൗഖുല്‍ ഇസ്‌ലാം (ഒഎസ് 60/2007), മമ്പാട്ട് കരായി (ഒഎസ് 227/2014), അരീക്കോട് തച്ചണ്ണ (ഒപി 203/2014), പള്ളിക്കല്‍ ബസാര്‍ (ഒപി 17/2014), ആക്കോട് മുനീറുല്‍ ഇസ്‌ലാം (ഒപി 11/2014), മുടിക്കോട് (യുപി 105/15), കിഴിശ്ശേരി പുളളിക്കോത്ത് ഖബറിസ്ഥാന്‍, പൂട്ടിക്കിടക്കുന്ന കക്കോവ് ജുമുഅത്ത് പള്ളി (ഒപി 293/15, എഒ3/2018 ട്രൈബ്യൂണല്‍) തുടങ്ങി വഖഫ് ബോര്‍ഡിലും ട്രൈബ്യൂണലിലുമായി നിരവധി കേസുകള്‍ നടന്നുകൊണ്ടിരിക്കുന്നു. നിരവധി പരാതികളും കേസുകളും വീണ്ടും ഉണ്ടായിക്കൊണ്ടിരിക്കുകയാണ്.
മൂളപ്പുറം ജുമുഅത്ത് പള്ളിപ്രശ്‌നം വാഴയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഒത്തുതീര്‍പ്പാക്കിയത് പോലെ പല കേസുകളും അദാലത്തിലൂടെ ഒത്തുതീര്‍പ്പാക്കാന്‍ കഴിയുന്നതാണ്. ഇതുസംബന്ധിച്ച് ബഹുമാനപ്പെട്ട വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ റശീദലി ശിഹാബ് തങ്ങളെ കോട്ടക്കല്‍ ടൂറിസ്റ്റ് ഹോമില്‍ പോയി കണ്ട് നിവേദനം കൊടുത്തിരുന്നു.
വഖ്ഫ് ബോര്‍ഡ് ജുഡീഷ്യല്‍ കമ്മിറ്റി മുമ്പാകെ കേസ് വിളിക്കുകയും അധിക പക്ഷവും ഹിയറിംഗ് നടത്തി നീട്ടി വെക്കുകയും ചെയ്യുന്നതുകൊണ്ട് കേസുകളും പ്രശ്‌നങ്ങളും വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
അദാലത്തിലൂടെ ഒത്തുതീര്‍പ്പാക്കുമ്പോള്‍ ഇരുകക്ഷികളും വിട്ടുവീഴ്ചാ മനഃസ്ഥിതിയോടെ കാര്യങ്ങള്‍ വിലയിരുത്തേണ്ടതാണ്. വഖ്ഫ് സ്വത്തുക്കള്‍ സര്‍വ നാഥന്റെ ഉടമസ്ഥാവകാശത്തില്‍ ഉള്ളതാണെന്നും പൂര്‍വീകര്‍ ചെയ്ത വഖ്ഫാണെന്നും ബോധ്യം ഉണ്ടായിരിക്കുന്ന പക്ഷം അദാലത്തുകള്‍ വിജയിക്കുകയും സമുദായത്തില്‍ ഏറെക്കുറെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയും ചെയ്യും.

---- facebook comment plugin here -----

Latest