ശ്രീലങ്കന്‍ മുസ്‌ലിംകള്‍ എങ്ങോട്ട് പോകും?

കാന്‍ഡി തുടര്‍ച്ചയാണ്. ന്യൂനപക്ഷ ധ്വംസനത്തിനായി തയ്യാറാക്കിയ ബൃഹത്പദ്ധതിയുടെ ഭാഗം. നവനാസികളടക്കം എല്ലാ തരം തീവ്ര വലതുപക്ഷ ഗ്രൂപ്പുകളും അപകടകരമായി ഐക്യപ്പെടുകയാണ്. ദേശാതിര്‍ത്തികള്‍ മായുകയും വിദ്വേഷത്തിന്റെ വലിയ ലോകങ്ങള്‍ പിറക്കുകയും ചെയ്യുന്നു. ഭൂരിപക്ഷ യുക്തിക്ക് മാത്രം ഇടമുള്ള ഒന്നായി ജനാധിപത്യം അധഃപതിക്കുന്നു. മൈത്രിപാല സിരിസേന അധികാരമേല്‍ക്കുമ്പോള്‍ പറഞ്ഞത് മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെയുള്ള അതിക്രമം വെച്ച് പൊറുപ്പിക്കില്ലെന്നാണ്. സിംഹള ഭൂരിപക്ഷത്തിന്റെ ആജ്ഞകള്‍ക്ക് മുന്നില്‍ വഴങ്ങുന്ന ഭരണാധികാരിയായി സിരിസേന കീഴടങ്ങുന്നതാണ് പിന്നെ കണ്ടത്. വംശീയ വിഭജനത്തെ രൂക്ഷമാക്കുന്ന സമീപനമാണ് കാലാകാലങ്ങളില്‍ ശ്രീലങ്കന്‍ സര്‍ക്കാറുകള്‍ പുലര്‍ത്തിയിട്ടുള്ളത്. ന്യൂനപക്ഷങ്ങള്‍ കൊടിയ വേദന അനുഭവിക്കുന്നത് മാത്രമല്ല ഇതിന്റെ പ്രശ്‌നം. ഭൂരിപക്ഷ അഹങ്കാരത്തിലേക്ക് കൂപ്പുകുത്തുന്ന സിംഹള ബുദ്ധരില്‍ ബോധു ബല സേന പോലുള്ള തീവ്ര സംഘടനകള്‍ക്ക് കൂടുതല്‍ വേരോട്ടം ലഭിക്കുമെന്നതാണ് യഥാര്‍ഥ ദുരന്തം.
Posted on: March 11, 2018 5:53 pm | Last updated: March 11, 2018 at 5:55 pm

വാക്പ്രയോഗങ്ങളിലെ രാഷ്ട്രീയം അങ്ങേയറ്റം പ്രധാനമാണ്. വാഗണ്‍ കൂട്ടക്കൊലയെ വാഗണ്‍ ദുരന്തമെന്ന് വിളിക്കുന്നത് കൊളോണിയലിസത്തിന്റെ രാഷ്ട്രീയമാണ്. മൊഴിയെടുക്കലും ചോദ്യം ചെയ്യലും പര്യായപദങ്ങളാകുകയും മാധ്യമങ്ങള്‍ പക്ഷഭേദമനുസരിച്ച് എടുത്ത് പ്രയോഗിക്കുകയും ചെയ്യുന്നത് പ്രയോഗത്തിന്റെ രാഷ്ട്രീയം ഏറ്റവും ലളിതമായി അടയാളപ്പെടുത്തുന്നുണ്ട്. തീവ്രവാദി/ പോരാളി, വിദേശി/ സ്വദേശി, കൈയേറ്റം/ കുടിയേറ്റം തുടങ്ങി നിരവധി പദദ്വന്ദങ്ങള്‍ ഇങ്ങനെ രാഷ്ട്രീയം പേറുന്നവയാണ്. ഉപയോഗിക്കുന്നവന്റെ രാഷ്ട്രീയമനുസരിച്ച് ‘വെട്ടേറ്റു മരിക്കുക’യും ‘വെട്ടിക്കൊല്ലുക’യും ചെയ്യും. പൊള്ളലേറ്റ് മരിക്കുന്നതും തീവെച്ച് കൊല്ലുന്നതും കാണാം. ഗുജറാത്തില്‍ നടന്നത് വംശഹത്യയാണെന്ന് നേര്‍ബുദ്ധിയുള്ള മുഴുവന്‍ പേരും വ്യക്തമാക്കുമ്പോഴും ചില മാധ്യമങ്ങള്‍ക്ക് ഇന്നും അത് കലാപമാണ്. ചിലര്‍ നേറികേടിന്റെ ഒരു പടികൂടി കടന്ന് ഗോദ്രാനന്തര കലാപമെന്ന് പറഞ്ഞു കളയും. ഒരു സമൂഹത്തെ അപ്പാടെ ഉന്‍മൂലനം ചെയ്യാനും അവരുടെ സമ്പത്തും ഉപജീവനമാര്‍ഗവും കൊള്ളയടിക്കാനും അവരുടെ സ്വാഭാവിക വാസസ്ഥലത്ത് നിന്ന് ആട്ടിയോടിക്കാനും ആസൂത്രിതമായി നടന്ന ആക്രമണ പരമ്പരയെ എങ്ങനെയാണ് കലാപമെന്ന് വിളിക്കുക? പേടിയുടെ നിതാന്ത ഭരണം സ്ഥാപിക്കാനുള്ള കുരുതിയാണ് നടന്നത്. അതിനെ ഗുജറാത്ത് കൂട്ടക്കൊലയെന്ന് വിളിക്കാന്‍, വംശഹത്യയെന്ന് അടയാളപ്പെടുത്താന്‍ മടിക്കുന്ന മുഴുവന്‍ പേരും ചോരയുടെ രാഷ്ട്രീയത്തെ പിന്തുണക്കുകയാണ് ചെയ്യുന്നത്.
മധ്യശ്രീലങ്കയിലെ കാന്‍ഡിയില്‍ നടക്കുന്നത് കലാപമാണോ? അതോ ഏകപക്ഷീയമായ ആക്രമണമോ? വംശഹത്യാപരമായ ഘടകങ്ങള്‍ അതിലുണ്ടോ? വിനോദസഞ്ചാരത്തിനും തേയിലത്തോട്ടങ്ങള്‍ക്കും പേര് കേട്ട ഈ പ്രവിശ്യയിലെ മുസ്‌ലിംകള്‍ക്ക് നേരെ കണ്ണില്‍ ചോരയില്ലാത്ത ആക്രമണം നടക്കുകയാണ്. ബുദ്ധ തീവ്രവാദികളാണ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്. കടകളും വീടുകളും കത്തിച്ചും തകര്‍ത്തും കൊള്ളയടിച്ചും മുന്നേറുന്ന അക്രമി സംഘം മുസ്‌ലിംകളുമായി ബന്ധമുള്ള ഒന്നിനെയും വെറുതെ വിടുന്നില്ല. കത്തിച്ച വീടിനകത്ത് തിരിച്ചറിയാനാകാത്ത വിധം കരിഞ്ഞ നിലയിലാണ് ഒരു യുവാവിന്റെ മയ്യിത്ത് കണ്ടെത്തിയത്. നിരവധി പള്ളികള്‍ തകര്‍ത്തു. പേടിച്ചരണ്ട് വിശ്വാസികള്‍ ഇവിടെ നിന്ന് പലായനത്തിന് മുതിരുകയാണ്. വിട്ട് പോകരുതെന്നും ആത്മവിശ്വാസത്തോടെ കഴിയണമെന്നും സിരിസേന സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളോട് ആഹ്വാനം ചെയ്യുന്നുണ്ട്. അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും കൂടുതല്‍ പോലീസിനെ വിന്യസിക്കുകയും ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇതൊന്നും അക്രമികളെ ബാധിച്ച മട്ടില്ല. പോലീസ് നോക്കി നില്‍ക്കെയാണ് തീവ്രവാദികളുടെ അഴിഞ്ഞാട്ടം. സാമൂഹിക മാധ്യമങ്ങളില്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നതിനാല്‍ ഇന്റര്‍നെറ്റ് ബാന്‍ ചെയ്തിരിക്കുകയാണ്. എന്നിട്ടും കിംവദന്തികള്‍ പരക്കുന്നു. അക്രമത്തിന് ന്യായമായി പറയുന്നത് ബുദ്ധവിഭാഗത്തില്‍ പെട്ട ഒരാളെ കൊന്നുവെന്നാണ്. റോഡിലെ വാക്ക് തര്‍ക്കം കൊലപാതകത്തില്‍ കലാശിച്ചുവെന്നാണ് പോലീസ് പറയുന്നത്. അതില്‍ വര്‍ഗീയ ചേരിതിരിവിന്റെ പ്രശ്‌നമില്ലെന്നും പോലീസ് ആണയിടുന്നു. എന്നാല്‍ ഇതൊന്നും അക്രമികള്‍ ചെവികൊള്ളുന്നില്ല. നേരത്തേ തയ്യാറാക്കിയ തിരക്കഥക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നത് പോലെ ആയിരക്കണക്കിന് അക്രമികള്‍ സായുധരായി തെരുവിലിറങ്ങുകയായിരുന്നു. പിന്നെ നടന്നത് പ്രതിരോധമേതുമില്ലാത്ത ആക്രമണമായിരുന്നു. തിരിച്ചൊന്നും ചെയ്യാനാകാതെ ന്യൂനപക്ഷ സമൂഹം പകച്ച് നില്‍ക്കുകയും കരുണക്കായി യാചിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ അതിനെ എങ്ങനെയാണ് ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള സംഘട്ടനമെന്ന് വിളിക്കുക? കാന്‍ഡി ശാന്തമായെന്നാണ് ഒടുവിലത്തെ വാര്‍ത്ത. അതങ്ങനെയാണ്. താണ്ഡവത്തിന് ശേഷമുള്ള ശാന്തത!
വംശഹത്യയുടെ സുപ്രധാന ഘട്ടം ഇരകളാക്കപ്പെടേണ്ട സമൂഹത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം തകര്‍ക്കുക എന്നതാണ്. മ്യാന്‍മറിലെ റാഖിനെയിലും ഗുജറാത്തിലും ഒക്കെ നടന്നത് അതാണ്. വ്യാപാര, വ്യവസായ രംഗങ്ങളില്‍ സജീവമായ മുസ്‌ലിംകളാണ് കാന്‍ഡിയിലുള്ളത്. അവരുടെ സമ്പാദ്യങ്ങള്‍ മുഴുവന്‍ പൊതു സമൂഹത്തിന് മുന്നില്‍ കാണുന്ന കടകളും സ്ഥാപനങ്ങളുമാണ്. അവ തീവെച്ചു നശിപ്പിക്കുമ്പോള്‍ അവരെ അവിടെ നിന്ന് ഡിസ്‌പ്ലേസ് ചെയ്യുകയെന്ന ദൗത്യമാണ് പൂര്‍ത്തിയാകുന്നത്. സര്‍ക്കാറിന്റെ സംവിധാനങ്ങള്‍ക്ക് ഒന്നും ചെയ്യാനാകാത്തത് ഈ മനുഷ്യരെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. കാന്‍ഡിയിലേത് ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. പ്രത്യേക പ്രകോപനത്തിന്റെ പുറത്ത് ഉണ്ടായതുമല്ല അത്. തെക്ക് കിഴക്കന്‍ പട്ടണമായ അംപാരയില്‍ സമാനമായ സംഭവങ്ങളാണ് രണ്ട് വര്‍ഷം മുമ്പ് അരങ്ങേറിയത്. അവിടെയും പള്ളികള്‍ തകര്‍ക്കപ്പെട്ടു. നിരവധി പേര്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. 2014ല്‍ പടിഞ്ഞാറന്‍ ശ്രീലങ്കയിലെ തീരദേശ വിനോദ സഞ്ചാര കേന്ദ്രമായ അലുത്ഗാമയിലാണ് ഏറ്റവും ഭീകരമായ ബുദ്ധതീവ്രവാദി താണ്ഡവം അരങ്ങേറിയത്.
ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധമെന്ന് വിളിക്കപ്പെട്ട എല്‍ ടി ടി ഇ വിരുദ്ധ സൈനിക ദൗത്യം സമ്പൂര്‍ണ വിജയം വരിക്കുകയും തമിഴ് സ്വത്വാവിഷ്‌കാരത്തിന്റെ ചോരപുരണ്ട ദിനരാത്രങ്ങള്‍ അവസാനിക്കുകയും ചെയ്തതോടെ സിംഹള അതിദേശീയത അപകടകരമായ നിലയിലേക്ക് വളരുകയായിരുന്നു. പത്ത് ശതമാനം വരുന്ന മുസ്‌ലിം ജനതയെ ശത്രുവാക്കി പ്രഖ്യാപിച്ച് കൊണ്ടാണ് ഈ തീവ്രവലതുപക്ഷ ജാഗരണം സാധ്യമായത്. അതില്‍ ഏറ്റവും പ്രധാന പങ്കുവഹിച്ചത് ബോധു ബല സേന (ബി ബി എസ്) എന്ന ബുദ്ധ തീവ്രവാദി സംഘടനയാണ്. ജതികാ ഹെലാ ഉറുമയ (ജെ എച്ച് യു) എന്ന പരമ്പരാഗത ബുദ്ധ സംഘടനയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞാണ് ബോധു ബല സേന രൂപവത്കരിച്ചത്. ജെ എച്ച് യുവിന് തീവ്രത പോരെന്നാരോപിച്ച് ഇറങ്ങിവന്നവരാണ് ബി ബി എസിന്റെ നേതാക്കള്‍. 2000ത്തോടെ സേനയുടെ പ്രവര്‍ത്തനം സജീവമായി. രാജ്യത്ത് മുസ്‌ലിം തീവ്രവാദ സംഘടനകള്‍ പിടിമുറുക്കുന്നുവെന്നാണ് സംഘടനയുടെ പ്രധാന ആരോപണം. പള്ളികളെയും മദ്‌റസകളെയും അവര്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു. ഇവ കേന്ദ്രീകരിച്ച് മതപരിവര്‍ത്തനം നടക്കുന്നുവത്രേ. ലൗ ജിഹാദിന് സമാനമായ നുണകള്‍ ഇടക്കിടക്ക് എഴുന്നള്ളിക്കും. സ്‌കൂളുകളില്‍ ചരിത്രം പഠിപ്പിക്കാന്‍ ബുദ്ധ ഭിക്ഷുക്കളെ നിയമിക്കണമെന്നത് പോലുള്ള ആവശ്യങ്ങള്‍ നിരത്തി സര്‍ക്കാറിനെ മുള്‍മുനയില്‍ നിര്‍ത്തും. ബുര്‍ഖക്കും അബായക്കുമെതിരെ ബി ബി എസ് നിരന്തരം പ്രചാരണം നടത്തുന്നു. ബുര്‍ഖ ധരിച്ച സ്ത്രീകളെ ആക്രമിക്കുന്നു. ഹലാല്‍ സര്‍ട്ടിഫിക്കേഷന്‍ സംവിധാനത്തിനെതിരെ പ്രചണ്ഡ പ്രചാരണം നടത്തിയിരുന്നു. ആള്‍ സിലോണ്‍ ജംഇയ്യത്തുല്‍ ഉലമയാണ് മാംസ ഉത്പന്നങ്ങള്‍ക്കും മറ്റും ഈ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്. ഇത് മുസ്‌ലിംകളുടെ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള തന്ത്രമാണെന്ന് ബി ബി എസ് ആരോപിക്കുന്നു.
മ്യാന്‍മറിലെ അഷിന്‍ വിരാതുവിന്റെ ഭീകര സംഘടനയുമായി ഏറെ സാമ്യമുണ്ട് ബി ബി എസിന്. ദി ഫേസ് ഓഫ് ബുദ്ധിസ്റ്റ് ടെറര്‍ എന്ന് ടൈം മാഗസിന്‍ വിശേഷിപ്പിച്ച വിരാതുവാണ് ബോധു ബല സേനയുടെ പ്രധാന ഉപദേശകന്‍. ഗലഗോഡ അത്തേ ജ്ഞാനസരയെന്ന ബുദ്ധഭിക്ഷു വേഷധാരിയാണ് ബി ബി എസിന്റെ മേധാവി. 2014 സെപ്തംബറില്‍ കൊളംബോയില്‍ ബി ബി എസ് സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ അഷിന്‍ വിരാതു മുഖ്യാതിഥിയായിരുന്നു. ‘ദക്ഷിണേഷ്യയില്‍ ഹിന്ദു-ബുദ്ധിസ്റ്റ് സമാധാന മേഖല’ സൃഷ്ടിച്ചെടുക്കണമെന്നായിരുന്നു ആ കണ്‍വെന്‍ഷന്റെ പ്രധാന ആഹ്വാനം. ഉന്നത ആര്‍ എസ് എസ് നേതാക്കളുമായി താന്‍ ചര്‍ച്ച നടത്തിയിരുന്നുവെന്നും ഏഷ്യയിലെ മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷ സമൂഹത്തെ ഭൂരിപക്ഷത്തോടിണങ്ങി ജീവിക്കാന്‍ പഠിപ്പിക്കുന്നതിനായി ആര്‍ എസ് എസുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കുമെന്നും ജ്ഞാനസര അന്ന് പ്രഖ്യാപിച്ചു. ആര്‍ എസ് എസും അനുഭാവ സംഘടനകളും ഇന്ത്യയിലും വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ലോകത്താകെയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ആവേശോജ്ജ്വലമാണെന്നും അദ്ദേഹം തുറന്നടിച്ചു. ബി ജെ പി ജനറല്‍ സെക്രട്ടറിയും ആര്‍ എസ് എസ് നേതാവുമായ രാം മാധവ്, അഷിന്‍ വിരാതുവിനെയും ജ്ഞാനസരയെയും ഫേസ്ബുക്കിലും ട്വിറ്ററിലും വാഴ്ത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ രത്‌നച്ചുരുക്കം ഇങ്ങനെ വായിക്കാം: ‘ശ്രീലങ്കയില്‍ മുസ്‌ലിംകളുടെ എണ്ണം അതിവേഗം വളരുകയാണ്. പള്ളികള്‍ പെരുകുന്നു. കൊളംബോയില്‍ പോലും മനോഹരമായ പള്ളി വന്നു. ബുദ്ധസമൂഹത്തിന്റെ ആശങ്ക സ്വാഭാവികമാണ്’. നരേന്ദ്ര മോദിയെപ്പോലെയുള്ള ഒരു നേതാവിനെയാണ് നമുക്കാവശ്യമെന്ന് ബി ബി എസിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ദിലന്തവിതാങ്കേ ഈയിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞതും ഇതിനോട് ചേര്‍ത്ത് വായിക്കണം.
അപകടകരമായ കൂട്ടുകെട്ട് രൂപപ്പെടുകയാണ്. ഒരേ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കുന്നവരുടെ കൂട്ടുകെട്ട്. ‘ഡെഡ്‌ലി അലയന്‍സ് എഗെയിന്‍സ്റ്റ് മുസ്‌ലിംസ്’ എന്ന തലക്കെട്ടോടെ ന്യൂയോര്‍ക്ക് ടൈംസ് എഴുതിയ മുഖപ്രസംഗം (2014 ഒക്‌ടോബര്‍ 15) ഈ കൊടിയ ദുരന്തത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സിന്‍ഹളര്‍ക്ക് സമ്പൂര്‍ണ ആധിപത്യം നല്‍കുന്ന തരത്തില്‍ ശ്രീലങ്കന്‍ ഭരണഘടന തിരുത്തിയെഴുതണമെന്നതായിരുന്നു കൊളംബോ കണ്‍വെന്‍ഷന്റെ പ്രധാന ആഹ്വാനം. ശ്രീലങ്ക ബഹുമത രാജ്യമല്ലെന്ന് പ്രഖ്യാപിക്കണം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നല്‍കുന്ന എല്ലാ പരിരക്ഷകളും അവസാനിപ്പിക്കണം. ദേശീയ പതാക മാറ്റണം. മ്യാന്‍മറിലെ റോഹിംഗ്യാ മുസ്‌ലിംകളെ ബംഗ്ലാദേശിലേക്കോ പാക്കിസ്ഥാനിലേക്കോ പറഞ്ഞയക്കണം. പോകാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ ബലപ്രയോഗം തുടരണം. ചൈനയിലെ സിന്‍ജിയാംഗ് പ്രവിശ്യയിലെ ഉയ്ഗൂര്‍ മുസ്‌ലിംകളെയും അവിടെ നിന്ന് മാറ്റണം. ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തുന്ന മതപരിവര്‍ത്തനങ്ങളെ കായികമായി തന്നെ നേരിടണം. ഇങ്ങനെ പോകുന്നു കണ്‍വെന്‍ഷന്റെ ആഹ്വാനങ്ങള്‍. ആര്‍ എസ് എസുമായി എന്തൊരു സാമ്യം.
കൊളംബോ കണ്‍വെന്‍ഷന്‍ ‘സമാധാന മേഖലാ’ പ്രഖ്യാപനം നടത്തിയത് വംശശുദ്ധീകരണം പ്രയോഗവത്കരിച്ച ശേഷമാണെന്നോര്‍ക്കണം. 2014 തുടക്കത്തില്‍ അലുത്ഗാമയില്‍ നടന്നത് അതായിരുന്നു. പടിഞ്ഞാറന്‍ ശ്രീലങ്കയില്‍ കാലുതാരാ ജില്ലയിലെ തീരദേശ വിനോദ സഞ്ചാര കേന്ദ്രമാണ് അലുത്ഗാമ. രാജ്യത്തിന്റെ ജനസഞ്ചയത്തിലെ മിക്ക വിഭാഗങ്ങളും ചേര്‍ന്ന് കഴിയുന്ന സങ്കലിത സമൂഹമാണ് ഇവിടെയുള്ളത്. സിംഹളരും മുസ്‌ലിംകളും വിദേശികളുമെല്ലാം ഇവിടെ സമാധാനപരമായ സഹവര്‍തിത്വം പുലര്‍ത്തിയിരുന്നു. അത് പഴയ കഥ. ശാന്തിയുടെയും സമാധാനത്തിന്റെയും പരജീവി സ്‌നേഹത്തിന്റെയും ബോധോദയം ലോകത്തിന് സമ്മാനിച്ച ഒരു മതത്തിന്റെ വക്താക്കള്‍ അവര്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് ന്യൂനപക്ഷങ്ങളോട് എങ്ങനെ പെരുമാറുമെന്നതിന്റെ ഏറ്റവും ക്രൂരമായ മാതൃകയാണ് ഇന്ന് ഈ നഗരം. ഇന്ന് കാന്‍ഡിയില്‍ അരങ്ങേറുന്ന ആക്രമണത്തിന് അലുത്ഗാമയുമായി വലിയ സാമ്യം കാണാനാകും.
അതുകൊണ്ട് കാന്‍ഡി തുടര്‍ച്ചയാണ്. ന്യൂനപക്ഷ ധ്വംസനത്തിനായി തയ്യാറാക്കിയ ബൃഹത്പദ്ധതിയുടെ ഭാഗം. നവനാസികളടക്കം എല്ലാ തരം തീവ്രവലതുപക്ഷ ഗ്രൂപ്പുകളും അപകടകരമായി ഐക്യപ്പെടുകയാണ്. ദേശാതിര്‍ത്തികള്‍ മായുകയും വിദ്വേഷത്തിന്റെ വലിയ ലോകങ്ങള്‍ പിറക്കുകയും ചെയ്യുന്നു. ഭൂരിപക്ഷ യുക്തിക്ക് മാത്രം ഇടമുള്ള ഒന്നായി ജനാധിപത്യം അധഃപതിക്കുന്നു. 2015ല്‍ മൈത്രിപാല സിരിസേന അധികാരമേല്‍ക്കുമ്പോള്‍ അദ്ദേഹം പറഞ്ഞത് മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നേരെയുള്ള അതിക്രമം വെച്ച് പൊറുപ്പിക്കില്ലെന്നാണ്. സിംഹള ഭൂരിപക്ഷത്തിന്റെ ആജ്ഞകള്‍ക്ക് മുന്നില്‍ വഴങ്ങുന്ന ഭരണാധികാരിയായി സിരിസേന കീഴടങ്ങുന്നതാണ് പിന്നെ കണ്ടത്. വംശീയ വിഭജനത്തെ രൂക്ഷമാക്കുന്ന സമീപനമാണ് കാലാകാലങ്ങളില്‍ ശ്രീലങ്കന്‍ സര്‍ക്കാറുകള്‍ പുലര്‍ത്തിയിട്ടുള്ളത്. ഈ സമീപനം തന്നെയാണ് എല്‍ ടി ടി ഇയെ സൃഷ്ടിച്ചത്. മുസ്‌ലിംകള്‍ക്കും തമിഴ് വംശജര്‍ക്കുമെതിരായ തീവ്രസിംഹള ഗ്രൂപ്പുകളുടെ അതിക്രമങ്ങളെ പരോക്ഷമായി പ്രോത്സാഹിപ്പിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. ന്യൂനപക്ഷങ്ങള്‍ കൊടിയ വേദന അനുഭവിക്കുന്നത് മാത്രമല്ല ഇതിന്റെ പ്രശ്‌നം. ഭൂരിപക്ഷ അഹങ്കാരത്തിലേക്ക് കൂപ്പുകുത്തുന്ന സിംഹള ബുദ്ധരില്‍ ബോധു ബല സേന പോലുള്ള തീവ്ര സംഘടനകള്‍ക്ക് കൂടുതല്‍ വേരോട്ടം ലഭിക്കുമെന്നതാണ് യഥാര്‍ഥ ദുരന്തം.