കൂറ്റന്‍ കര്‍ഷക റാലി മുംബൈ നഗരത്തില്‍

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നിയമസഭാ മന്ദിരം ഉപരോധിക്കാന്‍ നീക്കം
Posted on: March 11, 2018 5:36 pm | Last updated: March 11, 2018 at 7:33 pm

മുംബൈ: 35,000ത്തോളം കര്‍ഷകര്‍ അണിനിരന്ന പടുകൂറ്റന്‍ റാലി മുംബൈ നഗരത്തിലെത്തി. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ കര്‍ഷകരാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് കൂറ്റന്‍ റാലി സംഘടിപ്പിച്ചത്. 180കിലോ മീറ്ററോളം കാല്‍നടയായി സഞ്ചരിച്ചാണ് റാലി മുംബൈ നഗരത്തിലെത്തിയത്. കര്‍ഷകരുന്നയിക്കുന്ന ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ തിങ്കളാഴ്ച നിയമസഭാ മന്ദിരം ഉപരോധിക്കാനാണ് കര്‍ഷകരുടെ നീക്കം.

കാര്‍ഷിക കടം എഴുതിത്തള്ളുക, വനഭൂമി കര്‍ഷകര്‍ക്ക് കൈമാറുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാ കിസാന്‍ സഭയാണ് കര്‍ഷകരെ ഒരുമിപ്പിച്ച് കൂറ്റന്‍ റാലി സംഘടിപ്പിച്ചത്.

റാലിയെ തുടര്‍ന്ന് മുംബൈയില്‍ നിരവധിയിടങ്ങളില്‍ ഗതാഗതം വഴിതിരിച്ചു വിട്ടിട്ടുണ്ട്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയിലൂടെയാണ് റാലി നീങ്ങുന്നത്. ആക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ വന്‍ പോലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്.