Connect with us

International

ചൈനയില്‍ ഭരണഘടന ഭേദഗതി ചെയ്തു; പ്രസിഡന്റിന് ആജീവനാന്തം പദവയില്‍ തുടരാന്‍ വഴിയൊരുങ്ങി

Published

|

Last Updated

ബീജിങ്: ചൈനയില്‍ പ്രസിഡന്റ് പദവി വഹിക്കുന്നതിനുള്ള കാലപരിധി നിശ്ചയിക്കുന്ന ഭരണഘടനാ നിയമം ഭേദഗതി ചെയ്തു. ഇതോടെ ഷി ജിന്‍പിങിന് ആജീവനാന്തകാലം പ്രസിഡന്റ് പദവിയിലിരിക്കുന്നതിനുള്ള തടസങ്ങള്‍ നീങ്ങി. ചൈനീസ് പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സമ്മേളനത്തിലാണ് നിയമ ഭേദഗതി കൊണ്ടുവന്നത്. ഒരാള്‍ രണ്ട് തവണയിലധികം പ്രസിഡന്റ് പദവിയിലിരിക്കരുതെന്ന നിയമമാണ് പാര്‍ലമെന്റ് ഭേദഗതി ചെയ്തത്. നിയമ ഭേദഗതി വോട്ടിനിട്ടപ്പോള്‍ രണ്ട് പേര്‍ ഇതിനെ എതിര്‍ത്ത് വോട്ട് ചെയ്തു.

ഒക്ടോബറില്‍ നടന്ന ചൈനീസ് പാര്‍ട്ടി കോണ്‍ഗ്രസില്‍ ഷി തന്റെ പിന്‍ഗാമിയെ പ്രഖ്യാപിച്ചിരുന്നില്ല. അന്നുമുതല്‍ ഇത്തരമൊരു നിയമഭേദഗതി സംബന്ധിച്ച് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഷിയുടെ തത്വങ്ങള്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ എഴുതിച്ചേര്‍ക്കുകയുമുണ്ടായി. ഫിബ്രവരിയിലാണ് ഭരണകക്ഷിയായ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി നിയമഭേദഗതി സംബന്ധിച്ച നിര്‍ദേശം പാര്‍ലമെന്റിന്റെ പരിഗണനക്കയച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ പാസാക്കിവിടുന്ന വെറുമൊരു റബ്ബര്‍ സ്റ്റാമ്പാണ് പീപ്പിള്‍സ് കോണ്‍ഗ്രസെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്.

Latest