ഫലസ്തീന്‍ യുവാവ് വെടിയേറ്റ് കൊല്ലപ്പെട്ടു

Posted on: March 11, 2018 1:37 pm | Last updated: March 11, 2018 at 1:37 pm

ജറുസലേം: കൈയേറ്റ വെസ്റ്റ് ബാങ്കില്‍ ദക്ഷിണ നാബ്ലസിലെ ഉറിഫ് ഗ്രാമത്തില്‍ ഇസ്‌റാഈല്‍ സൈനികരും കുടിയേറ്റക്കാരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ നിരായുധനായ ഫലസ്തീന്‍ യുവാവ് വെടിയേറ്റ് മരിച്ചു. 23കാരനായ ഇമയ്യര്‍ ഷെഹാദ് ആണ് നെഞ്ചില്‍ വെടിയേറ്റ് മരിച്ചത്.

കുടിയേറ്റക്കാര്‍ ഗ്രാമത്തില്‍ കടന്ന് ആക്രമണം നടത്തവെ സൈന്യം കടന്ന് വരികയായിരുന്നുവെന്ന് വടക്കന്‍ വെസ്റ്റ് ബാങ്കിലെ കുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ഫലസ്തീന്‍ ഉദ്യോഗസ്ഥനായ ഖാസന്‍ ദാഗല്‍സ് വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.

എന്നാല്‍ ആരാണ് യുവാവിന് നേരെ വെടിയുതിര്‍ത്തതെന്ന് വ്യക്തമല്ലെന്നും ഇദ്ദേഹം പറഞ്ഞു. സംഭവത്തില്‍ ഫലസ്തീന്‍കാരനായ പതിനാറുകാരനും പരുക്കേറ്റിട്ടുണ്ട്. അതേ സമയം കലാപം നിയന്ത്രിക്കാനാണ് സൈന്യം ഇടപെട്ടതെന്ന് ഇസ്‌റാഈല്‍ സൈനിക വക്താവ് പറഞ്ഞു.