സുഗതന്റെ മരണം ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Posted on: March 10, 2018 2:14 pm | Last updated: March 11, 2018 at 12:31 pm

കൊല്ലം: പുനലൂരില്‍ പ്രവാസിയായ സുഗതന്റെ മരണം ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇടത്തെ മുട്ടിന് താഴെ വലിയ മറിവുണ്ടായിരുന്നുവെന്നും ഇത് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലോ മറ്റോ സൂചിപ്പിച്ചിരുന്നില്ലെന്നും ഈ മുറിവ് എങ്ങനെ വന്നു എന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും മകന്‍ സുനില്‍ ആരോപിച്ചിരിരുന്നു. എന്നാല്‍, മരണം ആത്മഹത്യ തന്നെയാണെന്നും മൃതദേഹത്തില്‍ മറിവ് ഇല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സി പി ഐയുടെ യുവജന സംഘടനയായ എ ഐ വൈ എഫിന്റെ കൊടികുത്തല്‍ സമരം കാരണം വര്‍ക്ക് ഷോപ്പ് പണി തുടങ്ങാനാകാത്തതില്‍ മനംനൊന്തായിരുന്നു സുഗതന്റെ ആത്മഹത്യ. സംഭവത്തില്‍ എഐവൈഎഫ് നേതാവിനെ ഉള്‍പ്പെടെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വര്‍ക്‌ഷോപ്പ് നിര്‍മാണം തടഞ്ഞതിലും സ്ഥലത്തു കൊടികുത്തിയതിലും മനംനൊന്ത് പുനലൂര്‍ ഐക്കരക്കോണം ആലിന്‍കീഴില്‍ വീട്ടില്‍ സുഗതനാ(64)ണ് വര്‍ക്‌ഷോപ്പ് നിര്‍മാണ സ്ഥലത്ത് ആത്മഹത്യ ചെയ്തത്.

പ്രവാസ ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയ സുഗതന്‍ വര്‍ക്‌ഷോപ് നിര്‍മാണത്തിനായി പാട്ടത്തിനെടുത്ത സ്ഥലത്ത് ഷെഡ് കെട്ടിയിരുന്നു. ഈ സ്ഥലം വയല്‍നികത്തല്‍ ആരോപിച്ചാണ് എഐവൈഎഫ് കൊടികുത്തിയത്.