എല്‍ഡിഎഫ് ടിക്കറ്റില്‍ വീരേന്ദ്രകുമാര്‍ വീണ്ടും രാജ്യസഭയിലേക്ക്

Posted on: March 10, 2018 1:06 pm | Last updated: March 10, 2018 at 5:17 pm

തിരുവനന്തപുരം: ജെഡിയു നേതാവ് വീരേന്ദ്ര കുമാര്‍ വീണ്ടും രാജ്യസഭയിലേക്ക്. എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി സ്വതന്ത്രനായാണ് അദ്ദേഹം മത്സരിക്കുക. തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കേരളത്തില്‍ നിന്ന് ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് ജെഡിയുവിന് നല്‍കാന്‍ ഇന്നലെ ചേര്‍ന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചിരുന്നു. തുടര്‍ന്ന് ഇന്ന് ചേര്‍ന്ന ജെഡിയു യോഗം വീരേന്ദ്രകുമാറിനെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുക്കുകയായിരുന്നു.

ഈ മാസം 23നാണ് വോട്ടെടുപ്പ്. 2009ല്‍ പാര്‍ലിമെന്റ് സീറ്റ് നല്‍കാത്തതിന്റെ പേരിലാണ് എം പി വീരേന്ദ്രകുമാറും പാര്‍ട്ടിയും ഇടതുമുന്നണി വിട്ട് യു ഡി എഫിലേക്ക് പോയത്. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് വീരേന്ദ്രകുമാര്‍ ഇടതുമുന്നണിയിലേക്ക് മടങ്ങിയെത്തുന്നത്.

നേരത്തെ, ദേശീയ തലത്തില്‍ ജെഡിയു എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നതോടെയാണ് വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചത്.