Connect with us

International

സംഘര്‍ഷം അയയുന്നു; കിം ജോംഗിന്റെ ക്ഷണം സ്വീകരിച്ച് ട്രംപ്

Published

|

Last Updated

ന്യൂയോര്‍ക്ക്: ഏറെക്കാലമായി നീണ്ടുനിന്ന അമേരിക്ക- ഉത്തരകൊറിയന്‍ സംഘര്‍ഷം അയയുന്നു. ഉഭയകക്ഷി ബന്ധത്തില്‍ മഞ്ഞുരുകുന്നതിന്റെ സൂചന വ്യക്തമാക്കി ഇരു രാഷ്ട്രത്തലവന്മാരും തമ്മിലുള്ള കൂടിക്കാഴ്ചക്ക് കളമൊരുങ്ങുകയാണ്. ഉത്തരകൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നിന്റെ കൂടിക്കാഴ്ചക്കുള്ള ക്ഷണം സ്വീകരിക്കുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. എന്നാല്‍, ഇതു സംബന്ധിച്ച് ദിവസവും സമയവും പിന്നീട് അറിയിക്കുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.

ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് കിം ജോംഗ് ഉന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്ന് വൈറ്റ്ഹൗസിലെത്തിയ ദക്ഷിണ കൊറിയന്‍ സുരക്ഷാ ഉപദേഷ്ടാവ് ചുംഗ് ഈ യുംഗ് വ്യക്തമാക്കി. മേയില്‍ ഇതിനുള്ള അവസരം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചുംഗ് പറഞ്ഞു. ചര്‍ച്ചകള്‍ക്ക് ആഴ്ചകളെടുക്കുമെന്നും ഒരു പക്ഷേ മേയ് അവസാനത്തോടെയായിരിക്കുമെന്നും യു എസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേര്‍സണ്‍ പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ പുരോഗതിയുണ്ടെന്നും എന്നാല്‍, ഉപരോധം തുടരുമെന്നും ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞയാഴ്ച കിം ജോംഗുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ദക്ഷിണ കൊറിയന്‍ ദൂതന്‍ ട്രംപിനെ ധരിപ്പിക്കുകയും ഉത്തര കൊറിയ ആണവ നിരായുധീകരണത്തിന് സജ്ജമാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു.

ചര്‍ച്ചയുടെ ഭാഗമായി ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ ഉത്തര കൊറിയ നിര്‍ത്തിവെക്കും.
കിം ജോംഗുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ് തയ്യാറാണെന്നും ഉത്തര കൊറിയ ആണവപരീക്ഷണം നിര്‍ത്തിവെക്കുന്നതിലേക്കാണ് തങ്ങളുടെ ശ്രദ്ധയെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഉത്തര കൊറിയക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധത്തിലും സമ്മര്‍ദത്തിലും മാറ്റമുണ്ടായിരിക്കില്ലെന്നും അവര്‍ വ്യക്തമാക്കി. ട്രംപും കിം ജോംഗും തമ്മിലുള്ള കൂടിക്കാഴ്ച അത്ഭുതകരമായി തോന്നുന്നുവെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജാ ഇന്‍ പറഞ്ഞു.