ടീമില്‍ മാറ്റമില്ലാതെ കേരളം

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് കളിക്കാന്‍ 14ന് കൊല്‍ക്കത്തയിലേക്ക്
Posted on: March 10, 2018 6:35 am | Last updated: March 10, 2018 at 12:40 am

കോഴിക്കോട്: ദക്ഷിണമേഖല ഗ്രൂപ്പ് ബി യോഗ്യതാറൗണ്ടില്‍ മാറ്റുരച്ച അതേ ടീമുമായി 72ാമത് സന്തോഷ് ട്രോഫി ദേശീയ സീനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ടിലേക്ക് കേരളം ഒരുങ്ങുന്നു. യോഗ്യതാ റൗണ്ടില്‍ ടീമിനെ ഗ്രൂപ്പ് ചാമ്പ്യന്‍മാരാക്കിയ താര നിരയില്‍ ഒരുമാറ്റവും വരുത്താതെയാണ് 19ന് കൊല്‍ക്കത്തയില്‍ അരങ്ങേറുന്ന സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിലേക്കുള്ള ഇരുപതംഗ ടീമിനെ പ്രഖ്യാപിച്ചത്. 20 അംഗ ടീമിന്റെ ക്യാപ്റ്റന്‍ രാഹുല്‍ വി രാജും വൈസ് ക്യാപ്റ്റന്‍ എസ്. സീസനുമാണ്.
മാര്‍ച്ച് ഒന്നു മുതല്‍ കാലിക്കറ്റ് യൂണിവേസിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന ക്യാമ്പില്‍ നിന്നും പതിമൂന്ന് പുതുമുഖ താരങ്ങളെ തിരഞ്ഞെടുത്തിട്ടുണ്ട്. സതീവന്‍ ബാലന്‍ മുഖ്യപരിശീലകനായി തുടരുമ്പോള്‍ സഹ പരിശീലകാനയ ബിജേഷ്‌ബെന്നിന് പകരം ഷാഫി അലിയെ ഗോള്‍ കീപ്പര്‍ പരിശീലകനായി തിരഞ്ഞെടുത്തു. അഞ്ച് കെ എസ് ഇ ബി താരങ്ങളും അഞ്ച് എസ് ബി ഐ താരങ്ങളും ടീമിലുണ്ട്. കേരള പൊലീസ്, ഗോകുലം കേരള എഫ് സി, എഫ് സി കേരള എന്നീ ടീമുകളില്‍ നിന്ന് രണ്ട് പേരും സെന്‍ട്രല്‍ എക്‌സൈസില്‍ നിന്ന് ഒരാളും ടീമിലിടം നേടി. തൃശൂര്‍ സെന്റ് തോമസ് കോളേജ്, െ്രെകസ്റ്ര് കോളേജ്, മമ്പാട് കോളേജ് എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും ടീമിലുണ്ട്. പി സി എം ആസിഫാണ് ടീം മാനേജര്‍. അരുണ്‍ രാജ് എസ് ആണ് ടീമിന്റെ ഫിസിയോ. ഐ സി എല്‍ ഫിന്‍കോര്‍പ്പാണ് കേരള ടീമിന്റെ സ്‌പോണ്‍സര്‍. ഈ മാസം 14ന് എറണാകുളം ടൗണ്‍ സ്‌റ്റേഷനില്‍ നിന്ന് രാത്രി 9.50ന് ട്രെയിന്‍ മാര്‍ഗമാണ് ടീം യാത്ര തിരിക്കുക.

ടീമംഗങ്ങള്‍: സജിത് പൗലോസ്, വി കെ അഫ്ദാല്‍, പി സി അനുരാഗ് (സ്‌െ്രെടക്കര്‍മാര്‍), കെ പി രാഹുല്‍, എസ് സീസണ്‍, മുഹമ്മദ് പാറക്കോട്ടില്‍, വി എസ് ശ്രീക്കുട്ടന്‍, എം എസ് ജിതിന്‍, ജി ജിതിന്‍, ബി എല്‍ ഷംനാസ്(മിഡ് ഫീല്‍ഡര്‍മാര്‍), എസ് ലിജോ, രാഹുല്‍ വി രാജ്, വൈ പി മുഹമ്മദ് ഷരീഫ്, വിബിന്‍ തോമസ്, വി ജി ശ്രീരാഗ്, കെ ഒ ജിയാദ് ഹസ്സന്‍, ജസ്റ്റിന്‍ ജോര്‍ജ്(ഡിഫന്‍ഡര്‍മാര്‍), വി മിഥുന്‍, എം ഹജ്മല്‍, അഖില്‍ സോമന്‍(ഗോള്‍കീപ്പര്‍മാര്‍). ഫൈനല്‍ റൗണ്ടില്‍ പശ്ചിമബംഗാള്‍, മണിപ്പൂര്‍, മഹാരാഷ്ട്ര, ചണ്ഡീഗഢ് എന്നിവ ഉള്‍പ്പെട്ട ഗ്രൂപ്പ് എ യിലാണ് കേരളം. 19ന് ചണ്ഡീഗഢുമായാണ് ഫൈനല്‍ റൗണ്ടില്‍ കേരളത്തിന്റെ ആദ്യ മത്സരം.
23ന് മണിപ്പൂരിനെയും, 25ന് മഹാരാഷ്ട്രയെയും 27ന് പശ്ചിമബംഗാളിനെയും കേരള ടീം നേരിടും. രണ്ട് ഗ്രൂപ്പുകളില്‍ നിന്നായി ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടും. മാര്‍ച്ച് 30നാണ് സെമി ഫൈനല്‍. ഏപ്രില്‍ ഒന്നിനാണ് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ മത്സരം അരങ്ങേറുക.