മിലാനെ വീഴ്ത്തി ആഴ്‌സണല്‍

Posted on: March 10, 2018 6:33 am | Last updated: March 10, 2018 at 12:36 am

മിലാന്‍: യൂറോപ്പ ലീഗ് ഫുട്‌ബോളിന്റെ ആദ്യ പാദ പ്രീക്വാര്‍ട്ടറില്‍ എസി മിലാനെ വീഴ്ത്തി ഇംഗ്ലീഷ് ടീം ആഴ്‌സനല്‍ കരുത്തറിയിച്ചു. മുന്‍ യൂറോപ്യന്‍ ചാമ്പ്യന്‍മാര്‍ കൂടിയായ മിലാനെ അവരുടെ തട്ടകത്തില്‍ ആഴ്‌സനല്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു പരാജയപ്പെടുത്തി. ജര്‍മന്‍ ടീം ബൊറൂസ്യ ഡോട്മുണ്ട് തോല്‍വിയേറ്റുവാങ്ങിയപ്പോള്‍ സ്പാനിഷ് ടീം അത്‌ലറ്റികോ മാഡ്രിഡ്, സ്‌പോര്‍ട്ടിംഗ് ലിസ്ബണ്‍, മാഴ്‌സെ, ലിയോണ്‍, ടീമുകള്‍ ആദ്യപാദത്തില്‍ ജയം കണ്ടു.
ഒന്നാംപകുതിയില്‍ തന്നെ രണ്ടു ഗോളുകള്‍ മിലാന്റെ വലയിലെത്തിച്ച് പീരങ്കിപ്പട വിജയമുറപ്പിച്ചിരുന്നു. ഹെന്റിക് മിക്കിതാര്‍യന്‍ (15ാം മിനിറ്റ്), ആരോണ്‍ റെംസി (45) എന്നിവരാണ് സ്‌കോറര്‍മാര്‍.
മിലാന്റെ മൈതാനത്ത് നേടിയ ഈ വിജയം രണ്ടാംപാദത്തില്‍ ഗണ്ണേഴ്‌സിന് വ്യക്തമായ അധിപത്യം നല്‍കും. സാല്‍സ്ബര്‍ഗിനോടാണ് ഹോം മാച്ചില്‍ ഡോട്മുണ്ട് ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു പരാജയപ്പെട്ടത്. ഇരട്ടഗോള്‍ നേടിയ വലോണ്‍ ബെറിഷ സാല്‍സ്ബര്‍ഗിന്റെ വിജയശില്‍പ്പിയായി മാറി.
മറ്റു മല്‍സരങ്ങളില്‍ അത്‌ലറ്റികോ 3-0നു ലോക്കോമോട്ടീവ് മോസ്‌കോയെയും ലിയോണ്‍ 1-0ന് സിഎസ്‌കെഎ മോസ്‌കോയെയും മാഴ്‌സെ 3-1ന് അത്‌ലറ്റിക് ബില്‍ബാവോയെയും ലെയ്പ്ഷിഗ് 2-1ന് സെനിത് സെന്റ്പീറ്റേഴ്‌സ്ബര്‍ഗിനെയും സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ 2-0ന് വിക്ടോറിയ പ്ലെസനെയും തോല്‍പ്പിച്ചു. ലാസിയോഡയനാമോ കീവ് മല്‍സരം 2-2നു സമനിലയില്‍ പിരിയുകയായിരുന്നു.