Connect with us

Kerala

ഖാസിയുടെ ദുരൂഹ മരണം: സി ബി ഐ രണ്ട് മാസത്തിനകം റിപ്പോര്‍ട്ട് നല്‍കും

Published

|

Last Updated

കൊച്ചി: ചെമ്പരിക്ക ഖാസി സി എം അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത സംബന്ധിച്ച തുടരന്വേഷണ റിപ്പോര്‍ട്ട് രണ്ട് മാസത്തിനകം സി ബി ഐ സമര്‍പ്പിക്കും. കേസ് പരിഗണിക്കവെ എറണാകുളം സി ജെ എം കോടതിയെ സി ബി ഐ ഇക്കാര്യം അറിയിക്കുകയായിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരം തുരടന്വേഷണം നടക്കുകയാണെന്നും സി ബി ഐ കോടതിയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് കോടതി കേസ് പരിഗണിക്കുന്നത് മെയ് 25ലേക്ക് മാറ്റിവെച്ചു.
ഖാസിയുടെ മരണം സംബന്ധിച്ച് കാസര്‍കോട് പരപ്പ സ്വദേശി പി എ അശ്‌റഫ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ അഡ്വ. മുഹമ്മദ് ത്വയ്യിബ് ഹുദവി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് സി ബി ഐ തുടരന്വേഷണത്തിന് തയ്യാറായത്. സി ബി ഐ അശ്‌റഫിന്റെ മൊഴിയെടുത്തിരുന്നു. ഖാസിയുടെ മരണം സംബന്ധിച്ച് പി ഡി പി നേതാവ് നിസാര്‍ മേത്തര്‍, ഹ്യൂമന്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള പ്രസിഡന്റ് ഉമര്‍ ഫാറൂഖ് തങ്ങള്‍ തുടങ്ങിയവരുടെ മൊഴികളും സി ബി ഐ രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി ആറിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കോടതി സി ബി ഐയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച സി ബി ഐ നേരത്തെ സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് സ്വീകരിക്കരിക്കരുതെന്നും തുടരന്വേഷണം ആരംഭിച്ചതായും കോടതിയെ അറിയിച്ചു.
2010 ഫെബ്രുവരി 15നാണ് ഇ കെ വിഭാഗം സുന്നികളുടെ സീനിയര്‍ വൈസ് പ്രസിഡന്റ് കൂടിയായ ഖാസിയെ കൊല്ലപ്പെട്ട നിലയില്‍ ചെമ്പരിക്ക കടപ്പുറത്ത് കണ്ടെത്തിയത്.

Latest