സുഗതന്റെ കുടുംബത്തിന് വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ പഞ്ചായത്തിന്റെ അനുമതി

Posted on: March 10, 2018 6:12 am | Last updated: March 10, 2018 at 12:20 am


കൊല്ലം: സി പി ഐയുടെ യുവജന സംഘടനയായ എ ഐ വൈ എഫിന്റെ കൊടികുത്തല്‍ സമരം കാരണം വര്‍ക്ക് ഷോപ്പ് പണി തുടങ്ങാനാകാത്തതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത സുഗതന്റെ കുടുംബത്തിന് വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ പഞ്ചായത്ത് അനുമതി നല്‍കി. എ ഐ വൈ എഫ് കൊടികുത്തിയ അതേ സ്ഥലത്ത് തന്നെയാണ് വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ കുന്നിക്കോട് പഞ്ചായത്ത് രേഖാമൂലം അനുമതി നല്‍കിയത്. ഇന്നലെ ചേര്‍ന്ന പഞ്ചായത്ത് ഭരണസമിതിയാണ് തീരുമാനമെടുത്തത്. അനുമതി നല്‍കരുതെന്ന് സി പി ഐ അംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇവരുടെ എതിര്‍പ്പ് മറികടന്നാണ് തീരുമാനം.
പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതന്‍(64) ഈമാസം രണ്ടിനാണ് ഇളമ്പലിന് സമീപത്ത് നിര്‍മാണം മുടങ്ങിക്കിടന്ന ഷെഡില്‍ തൂങ്ങിമരിച്ചത്. സംഭവത്തില്‍ എ ഐ വൈ എഫിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വിമര്‍ശം ഉന്നയിച്ചിരുന്നു. എ ഐ വൈ എഫ് പണി തടസ്സപ്പെടുത്തിയത് കൊണ്ടാണ് സുഗതന്‍ ആത്മഹത്യ ചെയ്തതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
സുഗതന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എ ഐ വൈ എഫ് നേതാവ് ഗിരീഷ് അടക്കമുള്ള സി പി ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വര്‍ക്ക്‌ഷോപ്പിന് മുമ്പില്‍ കൊടി കുത്തിയതിന് നേതൃത്വം നല്‍കിയത് ഗിരീഷ് ആയിരുന്നു. ഓട്ടോ മൊബൈല്‍ വര്‍ക്ക്‌ഷോപ്പ് നിര്‍മാണവുമായി ബന്ധപ്പെട്ട് സ്ഥലത്തെ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ പിതാവില്‍ നിന്ന് പണം വാങ്ങിയിരുന്നെന്ന് ആത്മഹത്യ ചെയ്ത സുഗതന്റെ മക്കള്‍ ആരോപിച്ചിരുന്നു. ദീര്‍ഘകാലം പ്രവാസജീവിതം നയിച്ച സുഗതനും മക്കളും ആറ് മാസം മുമ്പാണ് നാട്ടിലെത്തിയത്. സ്വന്തമായി ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തുടങ്ങായിരുന്നു തീരുമാനം. സ്ഥലം പാട്ടത്തിനെടുത്ത് വര്‍ക്ക്‌ഷോപ്പിന്റെ നിര്‍മാണം ആരംഭിച്ചു. എന്നാല്‍ ഉദ്ഘാടനത്തിന് തൊട്ടുമുമ്പ് വയല്‍ നികത്തിയ സ്ഥലത്താണ് വര്‍ക്ക്‌ഷോപ്പ് നിര്‍മിച്ചിരിക്കുന്നതെന്ന ആരോപണവുമായി എ ഐ വൈ എഫ് രംഗത്തുവന്നു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന വര്‍ക്ക്‌ഷോപ്പിന് മുന്നില്‍ ഇവര്‍ കൊടികുത്തി പ്രതിഷേധം ആരംഭിച്ചു. ഇതോടെ ലക്ഷങ്ങള്‍ മുടക്കിയ തന്റെ സംരംഭം തകര്‍ന്ന വേദനയില്‍ സുഗതന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.