എം ഇ എസ് പ്രിന്‍സിപ്പലിനെ ആക്രമിച്ച കേസ്: രണ്ട് എ ഐ എസ് എഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Posted on: March 10, 2018 6:15 am | Last updated: March 10, 2018 at 12:21 am

കയ്പ്പമംഗലം: പടിഞ്ഞാറെ വെമ്പല്ലൂര്‍ എം ഇ എസ് അസ്മാബി കോളജ് പ്രിന്‍സിപ്പല്‍ ഡോ. അജിംസ് പി മുഹമ്മദിനെ ആക്രമിച്ച കേസില്‍ രണ്ട് എ ഐ എസ് എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കോളേജിലെ വിദ്യാര്‍ഥിയും നടപടിക്ക് വിധേയനായി പുറത്താക്കപ്പെടുകയും ചെയ്യപ്പെട്ട കൈപ്പമംഗലം സ്വദേശി അര്‍ജുന്‍(19), ഇയാളുടെ സുഹൃത്ത് ചെന്ത്രാപിന്നി ഹൈസ്‌കൂള്‍ റോഡിന് സമീപം പാലേക്കാട്ട് ഉമേഷ്(21) എന്നിവരാണ് പിടിയിലായത്. സംഭവത്തില്‍ ഇനിയും പ്രതികള്‍ അറസ്റ്റിലാകാനുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പറയുന്നത് ഇങ്ങനെ: എ ഐ എസ് എഫ് പ്രവര്‍ത്തകനായ അര്‍ജുന്‍ ആഗസ്റ്റ് മാസത്തില്‍ നടന്ന കോളജ് ആക്രമണത്തില്‍ പ്രതിയായിരുന്നു. ഈ കേസില്‍ ഇയാള്‍ 14 ദിവസത്തോളം ജയിലില്‍ അടക്കപ്പെട്ടിരുന്നു. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പ് സമയത്ത് നടന്ന എസ് എഫ് ഐ – എ ഐ എസ് എഫ് സംഘര്‍ഷത്തിലും അര്‍ജ്ജുന്‍ പ്രതിയാണ്. ജയിലില്‍ നിന്ന് പുറത്ത് വന്ന് കോളജ് അച്ചടക്ക നടപടിക്ക് വിധേയമായ ഇയാള്‍ സംഘടനാ നേതാക്കളുടെയും മാനേജ്മെന്റും നടത്തിയ ചര്‍ച്ചയില്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ തുടര്‍ന്നും പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന്റെ അടിസ്ഥാനത്തില്‍ അര്‍ജുനനെ കോളജില്‍ നിന്ന് പുറത്താക്കി. കോളജിലെ സി.സി.ടി വി ദൃശ്യങ്ങള്‍ കണ്ട് പുറത്താക്കിയ അര്‍ജുന്‍ ഇടക്കിടെ ക്യാമ്പസില്‍ എത്തുന്നത് മനസ്സിലാക്കിയ പ്രിന്‍സിപ്പല്‍ അര്‍ജുനനെ കോളജില്‍ പ്രവേശിപ്പിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ മെയിന്‍ ബ്ലോക്കില്‍ സ്ഥാപിച്ചിരുന്ന സി സി ടി വി ക്യാമറ മോഷ്ടിച്ചത്. തുടര്‍ന്ന് മുന്‍പ് അച്ചടക്ക നടപടിക്ക് വിധേയനായ ഇയാളുടെ വിദ്യാര്‍ഥി സുഹൃത്തുമായി ചേര്‍ന്ന് കോളജ് കാന്റീനില്‍ വെച്ച് പ്രിന്‍സിപ്പലിനെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് സംഘം പ്രിന്‍സിപ്പലെ കോളജിന് സമീപമുള്ള കോര്‍ട്ടേഴ്സില്‍ കയറി ആക്രമിക്കുന്നത്. ആക്രമണത്തില്‍ പ്രിന്‍സിപ്പലിന് തലക്കടിയേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്നു. മൂന്ന്‌പേരാണ് കൃത്യം നടത്താന്‍ ഉണ്ടായിരുന്നത്. ഗൂഢാലോചനയില്‍ ഇതില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാകാമെന്നാണ് പോലീസ് പറയുന്നത്.