എല്‍ ഡി ക്ലാര്‍ക്ക് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടുന്നത് സര്‍ക്കാറിന്റെ പരിഗണനയിലില്ല

Posted on: March 10, 2018 6:21 am | Last updated: March 10, 2018 at 12:02 am

തിരുവനന്തപുരം: ഈമാസം 31ന് അവസാനിക്കുന്ന എല്‍ ഡി സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി ജി സുധാകരന്‍ നിയമസഭയെ അറിയിച്ചു. മുമ്പ് നിലവിലുണ്ടായിരുന്ന ലിസ്റ്റ് ആറ് മാസം നീട്ടിനല്‍കുകയും സൂപ്പര്‍ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് 1961 പേര്‍ക്ക് നിയമനം നല്‍കിയതും കാരണം അത്രയും അവസരവും കാലവും നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി കെ രാജന്‍ ഉന്നയിച്ച സബ്മിഷന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഉദ്യോഗാര്‍ഥികള്‍ക്ക് അവസരവും സമയവും നഷ്ടപ്പെട്ടത് പരിഹരിക്കാന്‍ നിലവിലെ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടിനല്‍കണമെന്ന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ വിധി ചൂണ്ടിക്കാട്ടിയാണ് രാജന്‍ സബ്മിഷന്‍ ഉന്നയിച്ചത്.

നിലവിലുള്ള എല്‍ ഡി സി റാങ്ക് ലിസ്റ്റില്‍ നിന്ന് 9656 പേര്‍ക്ക് നിയമന ശിപാര്‍ശ നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തേണ്ട അവസ്ഥയില്ല. മാത്രമല്ല ഇത് അഭികാമ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സര്‍ക്കാറിന്റെ കാലത്ത് ഇതുവരെ 12,680 പുതിയ തസ്തികകള്‍ സൃഷ്ടിക്കുകയും 60,000ത്തോളം പേര്‍ക്ക് നിയമന ശിപാര്‍ശ നല്‍കുകയും ചെയ്തിട്ടുണ്ട്.

സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം പി എസ് സി ലിസ്റ്റുകളില്‍ നിന്ന് പരമാവധി നിയമനം നടത്താനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഒഴിവുകള്‍ ഉണ്ടാകുന്ന മുറക്ക് അത് പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ നിയമന അധികാരികള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒഴിവുകള്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നതിനായി ഇ സോഫ്റ്റ്‌വെയര്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. കൃത്യമായി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ എല്ലാ വകുപ്പ് സെക്രട്ടറിമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ഉദ്യോഗസ്ഥ ഭരണപരിഷ്‌കരണ വകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് വിഭാഗം വിവിധ വകുപ്പുകളില്‍ ത്വരിത പരിശോധന നടത്തി റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യിക്കാനും നടപടി സ്വീകരിച്ചുവരുന്നു. ഒഴിവുകള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്യാതെ ഏതെങ്കിലും നിയമന അധികാരികള്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയമന നടപടികള്‍ ത്വരിതപ്പെടുത്തിയിട്ടുള്ളതിനാല്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.